
മുംബൈ: ടെലികോം വ്യവസായത്തെ അടിമുടി മാറ്റിമറിച്ച കമ്പനിയാണ് മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ. കമ്പനി 2016 ലെ എജിഎമ്മിൽ ചില സേവനങ്ങൾ സൗജന്യമായി വാഗ്ദാനം ചെയ്യുന്നതായി പ്രഖ്യാപിച്ച് കൊണ്ട് 4G വിപ്ലവത്തിന് തുടക്കം കുറിച്ചിരുന്നു. അതിനാൽ ഇന്ന് നടക്കുന്ന കമ്പനിയുടെ എജിഎം വളരെ പ്രധാനപ്പെട്ടതാണ്. ഇതിൽ കമ്പനി അതിന്റെ 5G പദ്ധതികൾ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കമ്പനിയുടെ വെർച്വൽ എജിഎമ്മിൽ 65 കാരനായ അംബാനി, കമ്പനിയുടെ 5G റോൾഔട്ട്, തന്റെ ടെലികമ്മ്യൂണിക്കേഷനുകളുടെയും റീട്ടെയിൽ യൂണിറ്റുകളുടെയും മൂല്യം പ്രത്യേക ലിസ്റ്റിംഗുകളിലൂടെ എങ്ങനെ അൺലോക്ക് ചെയ്യാൻ പദ്ധതിയിടുന്നു തുടങ്ങിയ പ്രഖ്യാപനങ്ങൾ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഒക്ടോബറിൽ ആരംഭിച്ചേക്കാവുന്ന 5G റോൾഔട്ടിനായി ഇന്ത്യ ഇപ്പോൾ തയ്യാറെടുക്കുകയാണ്.
റിലയൻസ് ജിയോ ഇൻഫോകോം ഇന്ത്യയുടെ 5G സ്പെക്‌ട്രം ലേലത്തിൽ 11 ബില്യൺ ഡോളറിലധികം വിലമതിക്കുന്ന എയർവേവ്‌സ് സ്വന്തമാക്കിയിരുന്നു, ഇതിലൂടെ വേഗതയേറിയ 5G നെറ്റ്‌വർക്കുകളുടെ റോളൗട്ടിൽ ചെറിയ എതിരാളികളെ മറികടക്കാൻ കമ്പനിക്ക് കഴിയും. കൂടാതെ ഇത് വരുമാനം വർധിപ്പിക്കുന്നതിനും ഉയർന്ന മൂല്യമുള്ള ഉപയോക്താക്കളെ ആകർഷിക്കുന്നതിനും കമ്പനിയെ സഹായിക്കും.
5G ലേലത്തിൽ റിലയൻസ് ജിയോ 880.78 ബില്യൺ രൂപയ്ക്ക് 24,740 മെഗാഹെർട്‌സ് എയർവേവുകൾ വാങ്ങിയപ്പോൾ എതിരാളികളായ ഭാരതി എയർടെലും വോഡഫോൺ ഐഡിയയും യഥാക്രമം 430.8 ബില്യൺ രൂപ 188 ബില്യൺ രൂപ എന്നിങ്ങനെയാണ് ഇതിനായി ചെലവഴിച്ചത്. ഒപ്പം ഇന്ത്യയിലുടനീളം ലോകത്തിലെ ഏറ്റവും നൂതനമായ 5G നെറ്റ്‌വർക്ക് പുറത്തിറക്കുമെന്ന് കമ്പനി ഒരു പ്രസ്താവനയിൽ പറഞ്ഞിരുന്നു.
കമ്പനിയുടെ 700 MHz സ്പെക്ട്രം ഇന്ത്യയിലുടനീളം യഥാർത്ഥ 5G സേവനങ്ങൾ നൽകുന്ന ഒരേയൊരു ഓപ്പറേറ്ററായി ജിയോയെ മാറ്റും. കൂടാതെ കമ്പനി എജിഎമ്മിൽ 5G സേവനങ്ങളുടെ ചില പ്രധാന സവിശേഷതകൾ പ്രദർശിപ്പിച്ചേക്കാൻ സാധ്യതകൾ ഏറെയാണ്.