
മുംബൈ: ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ട് വ്യവസായം കരുത്തുറ്റ മുന്നേറ്റം തുടരുന്നു. 2026 ജനുവരിയിലെ കണക്കുകള്‍ പ്രകാരം മ്യൂച്വല്‍ ഫണ്ട് വ്യവസായത്തിന്റെ ആകെ ആസ്തി (Net AUM) 81,01,305.58 കോടി രൂപയായി ഉയര്‍ന്നു. മുന്‍ മാസമിത് 80.23 ലക്ഷം കോടി രൂപയായിരുന്നു.
എസ്.ഐ.പി കരുത്തില്‍ കുതിപ്പ്
നിക്ഷേപകരുടെ വിശ്വാസം വര്‍ധിക്കുന്നതിന്റെ സൂചനയായി സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ (SIP) വഴിയുള്ള പ്രതിമാസ നിക്ഷേപം റെക്കോര്‍ഡ് ഉയരത്തിലെത്തി. ജനുവരിയില്‍ മാത്രം 31,002.33 കോടി രൂപയാണ് എസ്.ഐ.പി വഴി വിപണിയിലെത്തിയത്.
ഇതാദ്യമായാണ് പ്രതിമാസ എസ്.ഐ.പി നിക്ഷേപം 31,000 കോടി കടക്കുന്നത്. മൊത്തം മ്യൂച്വല്‍ ഫണ്ട് ആസ്തിയുടെ 20.2 ശതമാനവും (16.36 ലക്ഷം കോടി രൂപ) എസ്.ഐ.പി നിക്ഷേപങ്ങളാണ്. 2026 ജനുവരി മാസത്തെ കണക്കനുസരിച്ച് സജീവമായി നിക്ഷേപം നടത്തുന്ന എസ്.ഐ.പി അക്കൗണ്ടുകള്‍ 9.92 കോടി കടന്നു.
തുടര്‍ച്ചയായ മുന്നേറ്റം
ഇക്വിറ്റി ഫണ്ടുകളിലേക്കുള്ള നിക്ഷേപം തുടര്‍ച്ചയായ 59-ാം മാസവും പോസിറ്റീവ് ആയി തുടരുന്നു. 2021 മാര്‍ച്ച് മുതലാണ് ഈ ട്രെന്‍ഡ് ആരംഭിച്ചത്.
മ്യൂച്വല്‍ ഫണ്ട് ഫോളിയോകളുടെ എണ്ണം 26.63 കോടിയായി വര്‍ധിച്ചു. ജനുവരിയില്‍ മാത്രം 50.6 ലക്ഷം പുതിയ ഫോളിയോകളാണ് കൂട്ടിച്ചേര്‍ക്കപ്പെട്ടത്.
റീട്ടെയില്‍ ഫോളിയോകള്‍ (Equity + Hybrid + Solution Oriented) 20.43 കോടിയായി ഉയര്‍ന്നു. റീട്ടെയില്‍ വിഭാഗത്തിലെ ആകെ ആസ്തി 46.48 ലക്ഷം കോടി രൂപയാണ്.
ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ട് വ്യവസായം സ്ഥിരതയാര്‍ന്ന വളര്‍ച്ചയാണ് കാഴ്ചവയ്ക്കുന്നതെന്നും ഇന്‍ഡസ്ട്രി ആസ്തി 81 ലക്ഷം കോടി കടന്നതും എസ്.ഐ.പി വിഹിതം ശക്തമായി തുടരുന്നതും നിക്ഷേപകരുടെ ദീര്‍ഘകാല വിശ്വാസത്തെയാണ് കാണിക്കുന്നതെന്നും ആംഫി സി.ഇ.ഒ വെങ്കട്ട് ചലസാനി പറഞ്ഞു.
പുതിയ പദ്ധതികള്‍
ജനുവരിയില്‍ വിവിധ വിഭാഗങ്ങളിലായി 12 പുതിയ സ്കീമുകള്‍ (NFO) പുറത്തിറക്കി. ഇവയിലൂടെ 1,939 കോടി രൂപ സമാഹരിക്കാന്‍ സാധിച്ചു.
സ്പെഷ്യലൈസ്ഡ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടുകളുടെ (SIF) ആസ്തി 6,564 കോടി രൂപയായി. ഇതില്‍ ഹൈബ്രിഡ് സ്ട്രാറ്റജികള്‍ക്കാണ് കൂടുതല്‍ സ്വീകാര്യത ലഭിച്ചത്.
വിപണിയിലെ ചാഞ്ചാട്ടം കണക്കിലെടുത്ത് നിക്ഷേപകര്‍ വൈവിധ്യവല്‍ക്കരണത്തിന് (Diversification) മുന്‍ഗണന നല്‍കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഹൈബ്രിഡ്, മള്‍ട്ടി അസറ്റ്, പാസീവ് ഫണ്ടുകള്‍ എന്നിവയ്ക്കൊപ്പം ഗോള്‍ഡ്, സില്‍വര്‍ ഇ.ടി.എഫുകളിലേക്കും നിക്ഷേപം ഒഴുകുന്നുണ്ട്.






