
ന്യൂഡല്‍ഹി: കിട്ടാകട പ്രൊവിഷനിംഗ് സംബന്ധിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുറത്തിറക്കിയ ചര്‍ച്ചാ പ്രബന്ധം പൊതുമേഖല ബാങ്കുകളെ കുഴക്കില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ദിനേശ് കുമാര്‍ ഖാര. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി പൊതുമേഖലാ ബാങ്കുകളുടെ പ്രൊവിഷന്‍ കവറേജ് അനുപാതം ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ട്. മാത്രമല്ല, പ്രൊവിഷനുകള്‍ നിര്‍ണ്ണയിക്കുന്നതിന് 5 വര്‍ഷ കാലയളവും കേന്ദ്രബാങ്ക് നല്‍കുന്നു.
പൊതുമേഖല ബാങ്കുകള്‍ക്ക് ഈ സാഹചര്യം നന്നായി കൈകാര്യം ചെയ്യാനാകും. പ്രതീക്ഷിക്കുന്ന നഷ്ടത്തിനുസൃതമായി പ്രൊവിഷനിംഗ് നടത്താന്‍ ബാങ്കുകള്‍ തയ്യാറാകണമെന്ന് ആര്‍ബിഐ ചര്‍ച്ചാപേപ്പറില്‍ പറഞ്ഞിരുന്നു. ‘സംഭവിച്ച നഷ്ടം’ എന്നതിന് പകരം പ്രതീക്ഷിത വായ്പാ നഷ്ടം (ഇസിഎല്‍) എന്ന സമീപനത്തിലേയ്ക്ക് പ്രൊവിഷനിംഗ് നടത്തുമ്പോള്‍ ബാങ്കുകള്‍ മാറണമെന്നും കേന്ദ്രബാങ്ക് ആവശ്യപ്പെട്ടു.
പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍ ഒഴികെ എല്ലാ ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളും ഇസിഎല്‍ സമീപനം പുലര്‍ത്തണം.
ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിംഗ് സ്റ്റാന്‍ഡേര്‍ഡിന്റെ (IFRS) ഇന്ത്യന്‍ പതിപ്പായ Ind-AS നടപ്പിലാക്കാന്‍ ഇതിന് മുന്‍പും കേന്ദ്രബാങ്ക് ശ്രമിച്ചിട്ടുണ്ട് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ IndAS മാറ്റിവയ്ക്കുന്നതായി 2019 മാര്‍ച്ചില്‍ അര്‍ബിഐ പ്രഖ്യാപിച്ചു. അതേസമയം നോണ്‍-ബാങ്ക് ഫിനാന്‍സിംഗ് കമ്പനികള്‍ ഈ മാതൃകയാണ് പിന്തുടരുന്നത്.






