
മുംബയ്: ഘട്ടങ്ങളായി അധിക കരുതൽ ധന അനുപാതം (ഇൻക്രിമെന്റൽ കാഷ് റിസർവ് റേഷ്യോ- ഐ.സി.ആർ.ആർ) നിർത്തലാക്കാൻ റിസർവ് ബാങ്ക് ഒഫ് ഇന്ത്യ തീരുമാനിച്ചു. കേന്ദ്രബാങ്ക് ഇന്നലെ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനമെടുത്തത്.
2000 രൂപയുടെ നോട്ടുകൾ തിരിച്ചെത്തിയതോടെ ബാങ്കുകളിലെ പണലഭ്യത ഉയർന്നതിന്റെ കൂടി പശ്ചാത്തലത്തിലാണ് അധിക കരുതൽ ധന അനുപാതം ഏർപ്പെടുത്താൻ ആർ.ബി.ഐ തീരുമാനമെടുത്തത്. പണപ്പെരുപ്പത്തെ നിയന്ത്രിക്കുന്നതിനും ഈ നടപടിയിലൂടെ കേന്ദ്രബാങ്ക് ശ്രമിക്കുന്നതായി വിലയിരുത്തലുണ്ട്.
കഴിഞ്ഞ ധനനയ അവലോകന യോഗത്തിൽ ഏർപ്പെടുത്തിയ ഐ-സി.ആർ.ആറിന്റെ 25 ശതമാനം സെപ്തംബർ 9നും മറ്റൊരു 25 ശതമാനം സെപ്റ്റംബർ 23നും റിലീസ് ചെയ്യപ്പെടും. ബാക്കി 50 ശതമാനം ഐ-സി.ആർ.ആർ ഒക്ടോബർ 7 ന് റിലീസ് ചെയ്യുമെന്നും ആർ.ബി.ഐ അറിയിച്ചു.
ഐ-സി.ആർ.ആർ പ്രകാരം പിടിച്ചെടുക്കുന്ന തുക ഘട്ടങ്ങളായി ഒഴിവാക്കാൻ ബാങ്കുകളിലെ ലിക്വിഡിറ്റി സാഹചര്യങ്ങൾ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനിച്ചത്.
എല്ലാ ഷെഡ്യൂൾഡ് ബാങ്കുകളും കഴിഞ്ഞ ആഗസ്റ്റ് 12 മുതൽ 10 ശതമാനം ഐ-സി.ആർ.ആർ നിലനിർത്തണമെന്ന് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് ആഗസ്റ്റ് 10ന് ധനനയ പ്രസ്താവനയിൽ പ്രഖ്യാപിച്ചിരുന്നു.
ആർ.ബി.ഐയുടെ ആന്തരിക വിലയിരുത്തൽ അനുസരിച്ച്, ഒരു ലക്ഷം കോടി രൂപയിൽ കൂടുതലാണ് ഐ-സി.ആർ.ആറിന്റെ മൊത്ത അനുപാതം.
ഐ-സിആർആർ നീക്കം ചെയ്യുമെന്ന പ്രഖ്യാപനം ബാങ്കിംഗ് ഓഹരികൾക്ക് ഉണർവേകിയിട്ടുണ്ട്.
ബന്ധൻ ബാങ്ക്, ഫെഡറൽ ബാങ്ക്, എയു സ്മോൾ ഫിനാൻസ് ബാങ്ക്, എസ്.ബി.ഐ, ബാങ്ക് ഒഫ് ബറോഡ, എച്ച്.ഡി.എഫ്.സി ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവയുടെ ഓഹരികൾ 1-2 ശതമാനം ഉയർന്നു.






