
ന്യൂഡല്‍ഹി: പലിശ നിരക്ക് അപകടസാധ്യതയെക്കുറിച്ചുള്ള അന്തിമ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ബാങ്കുകള്‍ക്കായി റിസര്‍വ് ബാങ്ക് വെള്ളിയാഴ്ച പുറത്തിറക്കി. ഇത് പ്രകാരം ഐആര്‍ആര്‍ബിബിയില്‍ തങ്ങളുടെ സ്ഥാനം എവിടെയെന്ന് ബാങ്കുകള്‍ വെളിപെടുത്തണം.മൂലധനത്തിനും വരുമാനത്തിനും ബാധകമായ, നിലവിലുള്ളതോ വരാനിരിക്കുന്നതോ ആയ നഷ്ടസാധ്യകളെ കുറിക്കുന്നതാണ് ഐആര്‍ആര്‍ബിബി.
പലിശനിരക്കിലെ ചലനങ്ങള്‍ അടിസ്ഥാനമാക്കിയാണ് നഷ്ട സാധ്യതകള്‍ അളക്കുന്നത്. കൂടിയ അളവിലുള്ള ഐആര്‍ആര്‍ബിബി എന്നാല്‍ കൂടുതല്‍ അപകട സാധ്യത എന്നാണ് അര്‍ത്ഥം. അതുകൊണ്ടുതന്നെ ഐആര്‍ആര്‍ബിബി നിരീക്ഷിക്കുകയും അളക്കുകയും വെളിപെടുത്തുകയും വേണം.
ഐആര്‍ആര്‍ബിബി കുറയ്ക്കാനുള്ള തന്ത്രങ്ങള്‍ ബാങ്ക് ബോര്‍ഡ് സ്വീകരിക്കേണ്ടതുണ്ട്. ഐആര്‍ആര്‍ബിബി സംബന്ധിച്ച വെളിപെടുത്തല്‍ നടത്തേണ്ടതും ബോര്‍ഡിന്റെ ചുമതലയാണ്. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്ന തീയതി അറിയിക്കാനും കേന്ദ്രബാങ്ക് ആവശ്യപ്പെടുന്നു.






