
മുംബൈ: രാജ്യത്തെ ആദ്യ സെറ്റ് പോളിമർ കറൻസി നോട്ടുകളുടെ ക്രയവിക്രയം അടുത്ത സാമ്പത്തിക വർഷം മുതൽ ആരംഭിക്കുമെന്ന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര. പോളിമർ നോട്ടുകൾ വികസിപ്പിക്കാനുള്ള നടപടികൾ പ്രാരംഭ ഘട്ടത്തിൽ ആണെന്നും പരിശോധനകൾക്ക് ശേഷമാകും പദ്ധതി വ്യാപിപ്പിക്കുക എന്നും സഞ്ജയ് മൽഹോത്ര പറഞ്ഞു.
പദ്ധതികൾ എല്ലാം പ്ലാൻ ചെയ്തത് പോലെയാണ് പോകുന്നതെങ്കിൽ അടുത്ത സാമ്പത്തിക വർഷം ആരംഭിച്ചയുടൻ തന്നെ പോളിമർ നോട്ടുകൾ പുറത്തിറങ്ങുമെന്നാണ് സഞ്ജയ് മൽഹോത്ര പറഞ്ഞത്. രണ്ട് ബില്യൺ പോളിമർ നോട്ടുകൾ അച്ചടിക്കാനാണ് കേന്ദ്രസർക്കാർ ആർബിഐയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
10 രൂപയുടെ ഒരു ബില്യൺ നോട്ടുകൾ, 20 രൂപയുടെ ഒരു ബില്യൺ നോട്ടുകൾ എന്നിങ്ങനെയാണ് അച്ചടിക്കേണ്ടത്. പേപ്പർ കറൻസിക്ക് പകരമായല്ല പോളിമർ നോട്ടുകൾ വരിക. രണ്ട് നോട്ടുകളും ക്രയവിക്രയം ചെയ്യാം.
നീണ്ട കാലയളവ് നിലനിൽക്കുന്നവയാണ് പോളിമർ നോട്ടുകൾ. ആളുകൾ കൂടുതലായി ഉപയോഗിക്കുന്ന ചെറിയ തുകയുടെ കറൻസികൾക്കാണ് ഇപ്പോൾ പോളിമർ നോട്ടുകൾ അച്ചടിക്കുന്നത്. 30 വർഷത്തിലേറെയായി വിവിധ രാജ്യങ്ങളിൽ പോളിമർ കറൻസികൾ ഉണ്ട്. പേപ്പർ കറൻസിയെക്കാൾ നാല് മടങ്ങാണ് പോളിമർ കറൻസികളുടെ കാലാവധി എന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ കാലാവസ്ഥയിൽ, വിവിധ സാഹചര്യങ്ങളിൽ എങ്ങനെയാണ് പോളിമർ നോട്ടുകൾ നിലനിൽക്കുക എന്ന് പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിന്നെയാണ് എത്രത്തോളം നോട്ടുകൾ അച്ചടിക്കണം എന്ന കാര്യത്തിൽ തീരുമാനമുണ്ടാകുക.
നിലവിൽ കറൻസി അച്ചടിക്കാൻ ഉപയോഗിക്കുന്ന കോട്ടൺ-പൾപ്പ് പേപ്പറിന് പകരം പ്രത്യേക തരം പ്ലാസ്റ്റിക് സബ്‌സ്‌ട്രേറ്റ് (Polymer Substrate) ഉപയോഗിച്ച് നിർമ്മിക്കുന്ന നോട്ടുകളാണിവ. ഓസ്‌ട്രേലിയയിലാണ് ഈ സാങ്കേതികവിദ്യ ആദ്യമായി വികസിപ്പിച്ചത്.
നിലവിൽ യുകെ, കാനഡ, ന്യൂസിലൻഡ്, സിംഗപ്പൂർ തുടങ്ങിയ നിരവധി രാജ്യങ്ങൾ പോളിമർ നോട്ടുകൾ വിജയകരമായി ഉപയോഗിക്കുന്നുണ്ട്.






