സർക്കാർ നടപ്പിലാക്കുന്ന ദാരിദ്ര്യ നിർമാർജന നടപടികളുടെ മികവു കൊണ്ട് രാജ്യത്ത് ദാരിദ്ര്യം കുറഞ്ഞെന്ന് നീതി ആയോഗ് സിഇഒ ബിവിആർ സുബ്രഹ്മണ്യം.
അതേസമയം രാജ്യത്തെ ഗ്രാമങ്ങളിലും നഗരങ്ങളിലും ജീവിതച്ചെലവുകൾ കുതിച്ചുയരുകയാണ്. 2012 സാമ്പത്തിക വർഷത്തേക്കാൾ 2023-ൽ ഇരട്ടിയിലധികമാണ് കുടുംബങ്ങളുടെ ചെലവുയർന്നിരിക്കുന്നത്.
ഇന്ത്യയിൽ കഴിഞ്ഞ ദശകത്തിൽ പ്രതിമാസ ഗാർഹിക ചെലവുകൾ ഇരട്ടിയിലധികം വർധിച്ചതായി സ്റ്റാറ്റിസ്റ്റിക്‌സ് ആൻ്റ് പ്രോഗ്രാം ഇംപ്ലിമെൻ്റേഷൻ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ സാമ്പിൾ സർവേ ഓഫീസിൻ്റെ പുതിയ സർവേയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
2011-12 സാമ്പത്തിക വർഷത്തേക്കാൾ 2022-23 സാമ്പത്തിക വർഷത്തിൽ പ്രതിശീർഷ പ്രതിമാസ കുടുംബച്ചെലവ് ഇരട്ടിയിലധികം വർധിച്ചിരിക്കുന്നത് ദരിദ്ര കുടുംബങ്ങൾക്കും മധ്യവർഗ കുടുംബങ്ങൾക്കും ഒരു പോലെ തിരിച്ചടിയാണ്.
2022 ഓഗസ്റ്റ് മുതൽ 2023 ജൂലൈ വരെയുള്ള കാലയളവിലാണ് സർവേ നടത്തിയത്. ഓരോ കുടുംബത്തിനും രാജ്യത്തെ വിവിധ നഗരങ്ങളിലും ഗ്രാമങ്ങളിലും പ്രതിമാസ പ്രതിശീർഷ ഉപഭോഗച്ചെലവ് വ്യത്യസ്തമാണ്. കേന്ദ്രഭരണ പ്രദേശങ്ങളിലും ഇതിന് മാറ്റമുണ്ട്.
കേരളത്തിലെ ചെലവുകൾ ഉയരുന്നു
ആളോഹരി വീട്ടു ചെലവ് ഉയർന്ന സംസ്ഥാനങ്ങളിൽ കേരളം മൂന്നാം സ്ഥാനത്തുണ്ട്. ഗ്രാമങ്ങളിൽ ശരാശരി പ്രതിമാസ ചെലവ് 5924 രൂപയാണ്. നഗരങ്ങളിൽ ഇത് 7,078 രൂപയും.
ഏറ്റവും കൂടുതൽ ചെലവുയർന്ന ഗ്രാമങ്ങളുടെ പട്ടികയിൽ സംസ്ഥാനം മുൻനിരയിലുണ്ടെങ്കിൽ നഗരങ്ങളുടെ ചെലവിൻെറ കാര്യത്തിൽ 11ാം സ്ഥാനത്താണ്. നഗരങ്ങളിൽ ഏറ്റവുമധികം ചെലവ് സിക്കിമിലാണ്. രണ്ടാം സ്ഥാനം ഗോവക്കാണ്.
2011-12 സാമ്പത്തിക വർഷത്തിൽ 2,630 രൂപയായിരുന്നു രാജ്യത്തെ നഗരങ്ങളിൽ ശരാശരി ചെലവുകളെങ്കിൽ 2022-23ൽ ഇത് 6,459 രൂപയായി മാറി.
ഗ്രാമീണ കുടുംബങ്ങളുടെ ചെലവ് 2012 സാമ്പത്തിക വർഷത്തിൽ വെറും 1,430 രൂപയായിരുന്നെങ്കിൽ 2023 സാമ്പത്തിക വർഷത്തിൽ 3,773 രൂപയായി ഉയർന്നു.