മുതിർന്ന പൗരന്മാരുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും മുൻഗണന; വിപുലമായ പദ്ധതികളുമായി ‘വയോജന സൗഹൃദ ബജറ്റ്’ചെറുകിട സംരംഭങ്ങൾക്ക് ബജറ്റിൽ വൻ കൈത്താങ്ങ്തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാൻ 1000 കോടി പ്രഖ്യാപിച്ച് കേരളംസമുദ്ര മേഖലയിലെ ലക്ഷ്യങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് കൊമാര്‍സസാമ്പത്തിക സർവെയുടെ വിശദാംശങ്ങൾ

കേരളത്തിൽ ഏറ്റവുമധികം വരുമാനം എറണാകുളത്തുകാർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവുമധികം വരുമാനമുള്ള ആളുകളുള്ളത് എറണാകുളം ജില്ലയിൽ. രണ്ടാം സ്ഥാനത്ത് ഒരു ‘അപ്രതീക്ഷിത’ താരമാണ്. മലബാറിലെ ജില്ലകളാകട്ടെ പൊതുവേ പിൻനിരയിലും. ധനമന്ത്രി കെ.എൻ. ബാലഗോപാൽ കഴിഞ്ഞ ദിവസം നിയമസഭയിൽവച്ച സാമ്പത്തിക സർവേ റിപ്പോർട്ടിലാണ് ഈ കണക്കുകൾ.

ആളോഹരി വരുമാനത്തിൽ ഒന്നാം സ്ഥാനം എറണാകുളം ജില്ലയ്ക്ക് തന്നെ. 2024–25 സാമ്പത്തിക വർഷത്തിൽ എറണാകുളം ജില്ലക്കാരുടെ ആളോഹരി വരുമാനം 2.61 ലക്ഷം രൂപയാണ്. തൊട്ടുമുന്‍ വർഷമിത് 2.45 ലക്ഷം രൂപയായിരുന്നു. ഒരു വർഷത്തിനുള്ളിൽ 6.5 ശതമാനം വര്‍ധിച്ചു.

വൻകിട വ്യവസായങ്ങളും ഐടി പാർക്കുകളുമുള്ളതാണ് എറണാകുളത്തെ വരുമാനം വർധിക്കാൻ കാരണം. സംസ്ഥാനത്തെ ജനങ്ങളുടെ ഒരു വർഷത്തെ ശരാശരി വരുമാനമാണ് ആളോഹരി വരുമാനം. സംസ്ഥാനതലത്തിൽ ഇത് 1.90 ലക്ഷം രൂപയാണ്.

ആലപ്പുഴ ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 2.59 ലക്ഷം രൂപ. കൊല്ലം (2.4 ലക്ഷം രൂപ), കോട്ടയം (2.31 ലക്ഷം രൂപ), തൃശൂർ (2.11 ലക്ഷം രൂപ), ഇടുക്കി (2.05 ലക്ഷം രൂപ), തിരുവനന്തപുരം (1.97 ലക്ഷം രൂപ) എന്നീ ജില്ലകളാണ് തൊട്ടുപിന്നിൽ.

മലപ്പുറം ജില്ലയാണ് ആളോഹരി വരുമാനത്തിൽ ഏറ്റവും പിന്നിൽ 1.18 ലക്ഷം രൂപയാണ് ഓരോ മലപ്പുറത്തുകാരന്‍റെയും ആളോഹരി വരുമാനം. 1.28 ലക്ഷം രൂപയുമായി വയനാടും 1.49 ലക്ഷം രൂപയുമായി കാസർഗോഡും യഥാക്രമം 13,12 സ്ഥാനങ്ങളിലുണ്ട്.

വടക്കൻ ജില്ലകളിൽ കുറവ്
സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ ആളോഹരി വരുമാനം സംസ്ഥാന ശരാശരിയേക്കാൾ കുറവാണെന്നും കണക്കുകൾ പറയുന്നു. ഇതിൽ ആറെണ്ണവും വടക്കൻ കേരളത്തിലാണ്. തെക്കോട്ട് വരുമ്പോൾ പത്തനംതിട്ടയിൽ മാത്രമാണ് സംസ്ഥാന ശരാശരിയേക്കാൾ കുറഞ്ഞ ആളോഹരി വരുമാനം രേഖപ്പെടുത്തിയത്.

കഴിഞ്ഞ വർഷം 12–ാം സ്ഥാനത്തുണ്ടായിരുന്ന പത്തനംതിട്ട ഇക്കുറി പത്താമതെത്തി. മധ്യ–തെക്കൻ ജില്ലകളിലെ ആളോഹരി വരുമാനം സംസ്ഥാന ശരാശരിയേക്കാൾ കൂടുതലാണെന്നും കണക്കുകൾ പറയുന്നു.

X
Top