
ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം എന്നിവയ്ക്ക് പിന്നാലെ വാട്സാപ്പിലും പെയ്ഡ് സബ്സ്ക്രിപ്ഷൻ അവതരിപ്പിക്കാൻ ഒരുങ്ങി മാതൃകമ്പനിയായ മെറ്റ. ഉപയോക്താക്കൾക്കായി ‘വാട്സാപ് പ്ലസ്’ (WhatsApp Plus) എന്ന പേരിൽ പുതിയൊരു സബ്സ്ക്രിപ്ഷൻ പ്ലാൻ വൈകാതെ പുറത്തിറക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
നിലവിൽ ആൻഡ്രോയിഡ് ബീറ്റാ വേർഷനിൽ ചില ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. വൈകാതെ തന്നെ ഐഒഎസ് (iOS), മാക് (Mac) ഉൾപ്പെടെയുള്ള മറ്റ് പ്ലാറ്റ്‌ഫോമുകളിലേക്കും പുതിയ അപ്ഡേറ്റ് എത്തും.
പ്രതിമാസം ഏകദേശം 2.99 ഡോളർ (ഏകദേശം 250 രൂപ) നിരക്കിലായിരിക്കും പുതിയ സബ്സ്ക്രിപ്ഷൻ ലഭ്യമാക്കുക എന്നാണ് വാബീറ്റാഇൻഫോ (WABetaInfo) റിപ്പോർട്ട് ചെയ്യുന്നത്. യൂറോപ്പിലെ ചില ഉപയോക്താക്കൾക്ക് 2.49 യൂറോ നിരക്കിലാണ് ഇത് കാണിക്കുന്നത്.
പണം നൽകി സബ്സ്ക്രൈബ് ചെയ്യുന്നവർക്ക് നിലവിൽ ലഭ്യമാകാത്ത നിരവധി പുതിയ ഫീച്ചറുകൾ വാട്സാപ് നൽകും. പ്രീമിയം സ്റ്റിക്കറുകൾ, ആപ്പിന്റെ തീം മാറ്റാനുള്ള സൗകര്യം, ഇഷ്ടമുള്ള ആപ്പ് ഐക്കണുകൾ തിരഞ്ഞെടുക്കാനുള്ള അവസരം, കൂടുതൽ ചാറ്റുകൾ പിൻ ചെയ്തു വെക്കാനുള്ള സൗകര്യം, പ്രീമിയം റിങ്‌ടോണുകൾ, മെച്ചപ്പെടുത്തിയ ചാറ്റ് ലിസ്റ്റുകൾ തുടങ്ങിയവയാണ് വാട്സാപ്പ് പ്ലസിലൂടെ ഉപയോക്താക്കൾക്ക് ലഭ്യമാവുക. വലിയ ഉപയോക്തൃ അടിത്തറയിൽ നിന്ന് മികച്ചൊരു വരുമാന സ്രോതസ്സായി ഇത്തരം സബ്സ്ക്രിപ്ഷനുകളെ മാറ്റാനാണ് മെറ്റ ലക്ഷ്യമിടുന്നത്.
കഴിഞ്ഞ മാസം ഇൻസ്റ്റഗ്രാമിലും സമാനമായ പെയ്ഡ് ഫീച്ചറുകൾ പരീക്ഷിച്ചിരുന്നു. പുതിയ വാട്സാപ്പ് പ്ലസ് സബ്സ്ക്രിപ്ഷൻ ഔദ്യോഗികമായി എന്ന് മുതൽ ലഭ്യമാകുമെന്ന കാര്യത്തിൽ കമ്പനി ഇതുവരെ പ്രഖ്യാപനങ്ങൾ ഒന്നും നടത്തിയിട്ടില്ല. എങ്കിലും ബീറ്റാ വേർഷനിലെ പരീക്ഷണം വിജയിക്കുന്നതോടെ വൈകാതെ തന്നെ പുതിയ മാറ്റം എല്ലാവരിലേക്കും എത്തിയേക്കും.






