വേനലവധി യാത്രകള്‍ക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് വിലഇന്ധനക്ഷാമത്തിൽ നിന്ന് കരകേറാൻ ഇന്ത്യയുടെ ശ്രമം; റഷ്യയുമായി കൈകോര്‍ത്ത് കേന്ദ്രത്തിന്റെ ‘മാസ്റ്റര്‍ സ്‌ട്രോക്ക്’രാജ്യത്ത് വീണ്ടും ലോക് ഡൗൺ വരുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രം2024-25 സാമ്പത്തികവർഷം ദേശീയപാർട്ടികൾക്ക് ലഭിച്ച സംഭാവനകളിൽ 161 ശതമാനം വർധനഇന്ത്യൻ കുടുംബങ്ങളിലുള്ളത് 460 ലക്ഷം കോടി രൂപയുടെ സ്വർണം

ജനനായകന്‍ വിടവാങ്ങി; മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു

ബെംഗളൂരു: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു. ഇന്ന് പുലർച്ചെ 4.25ന് ബംഗളൂരുവിൽ വച്ചായിരുന്നു അന്ത്യം. ക്യാൻസർ ബാധിതനായി ഏറെ നാൾ ചികിത്സയിലായിരുന്നു. ഉമ്മൻ ചാണ്ടിയുടെ ഭൗതികദേഹം പുതുപ്പള്ളിയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് സംസ്‌കരിക്കും.

1943 ഒക്ടോബർ 31ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ. ഒ. ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്താണ് ഉമ്മൻ ചാണ്ടിയുടെ ജനനം.

പുതുപ്പള്ളി സെന്റ് ജോർജ്ജ് ഹൈസ്‌കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം കോട്ടയം സി.എം.എസ്. കോളേജ്, ചങ്ങനാശ്ശേരി എസ്.ബി. കോളേജ് എന്നിവിടങ്ങളിൽ പഠനം നടത്തി ബി.എ ബിരുദം നേടി. എറണാകുളം ലോ കോളേജിൽ നിന്ന് നിയമ ബിരുദവും സമ്പാദിച്ചു.

കെ.എസ്.യുവിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശനം. പുതുപ്പള്ളി സെന്റ് ജോർജ് ഹൈസ്‌കൂളിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡൻറ് മുതൽ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനം വരെ എത്തി നിൽക്കുന്നതാണ് ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം.

1970 മുതൽ 51 വർഷമായി പുതുപ്പള്ളിയിൽ നിന്ന് നിയമസഭ അംഗമായി തുടരുന്ന ഉമ്മൻ ചാണ്ടിയുടെ ആദ്യ മത്സരം 1970-ൽ പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നിന്നായിരുന്നു.

സി.പി.എം എം.എൽ.എ യായിരുന്ന ഇ.എം. ജോർജിനെ ഏഴായിരത്തിൽ പരം വോട്ടിന് പരാജയപ്പെടുത്തി ആദ്യമായി നിയമസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് നടന്ന എല്ലാ നിയമസഭ തിരഞ്ഞെടുപ്പുകളിലും (1977, 1980, 1982, 1987, 1991, 1996, 2001, 2006, 2011, 2016, 2021) അദ്ദേഹം പുതുപ്പള്ളിയിൽ നിന്ന് നിയമസഭയിലെത്തി.

1977-ൽ കെ. കരുണാകരൻ മന്ത്രിസഭയിലും 1978-ൽ എ.കെ. ആൻറണി മന്ത്രിസഭയിലും അദ്ദേഹം തൊഴിൽ വകുപ്പ് മന്ത്രിയായി. 1981-1982 കാലഘട്ടത്തിൽ കരുണാകരൻ മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നു. 1991-1995 ലെ കരുണാകരൻ മന്ത്രിസഭയിൽ ധനകാര്യം വകുപ്പ് മന്ത്രിയായി.

2006 ജനുവരിയിൽ സ്വിറ്റ്‌സർലണ്ടിലെ ദാവോസിൽ നടന്ന 35-മത് ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുത്ത് ഒരു റെക്കോർഡിനും അർഹനായി. ചരിത്രത്തിൽ ആദ്യമായാണ് ഒരു കേരള മുഖ്യമന്ത്രി ഇതിൽ സംബന്ധിക്കുന്നത്.

2004-ൽ ആദ്യമായി മുഖ്യമന്ത്രിയായ ശേഷം ജനസമ്പർക്കം എന്ന ഒരു പരാതി പരിഹരണ മാർഗ്ഗം ഉമ്മൻ ചാണ്ടി നടപ്പിൽ വരുത്തി. ഓരോ സ്ഥലങ്ങളിൽ വിളിച്ചു ചേർക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടി രാഷ്ട്രീയ ഭേദമെന്യെ ജനങ്ങളോട് നേരിട്ട് ഇടപെട്ട് അവരുടെ പ്രശ്‌നങ്ങൾക്ക് സ്ഥായിയായ പരിഹാരമാർഗ്ഗം ഉണ്ടാക്കുവാൻ ഇദ്ദേഹം അക്ഷീണം പരിശ്രമിച്ചു.

മുഖ്യമന്ത്രിയായിരുന്ന 2004-2006, 2011-2016 വർഷങ്ങളിൽ ജനസമ്പർക്ക പരിപാടി അദ്ദേഹം വിജയകരമായി നടപ്പിലാക്കി. പ്രതിപക്ഷം ഇതിനെ രൂക്ഷമായി എതിർത്തു എങ്കിലും ജനസമ്പർക്ക പരിപാടിയിലൂടെ അദ്ദേഹം ജനകീയനായ മുഖ്യമന്ത്രിയായി സാധാരണക്കാരായ ജനങ്ങളുടെ മനസിൽ ഇടം നേടി.

ഇന്ന് രാവിലെ 9 മണി മുതൽ 10.30 വരെ ബെംഗളുരുവിൽ പൊതുദർശനം നടക്കും. ബെംഗളൂരുവിൽ നിന്ന് പ്രത്യേക വിമാനത്തിൽ ഭൗതികശരീരം ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിക്കും. അവിടെ നിന്ന് തിരുവനന്തപുരത്തെ വസതിയിലേക്കും കൊണ്ടുപോകും. തുടർന്ന് സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ പൊതുദർശനം നടക്കും.

വൈകുന്നേരത്തോടെ ഭൗതികദേഹം സെക്രട്ടേറിയറ്റിന് സമീപമുള്ള സെന്റ് ജോർജ് ഓർക്കഡോക്‌സ് കതീഡ്രലിൽ പൊതുദർശനത്തിന് വയ്ക്കും. പിന്നാലെ ഇന്ദിരാ ഭവനിലും പൊതുദർശനത്തിന് സൗകര്യമൊരുക്കും. രാത്രിയോടെ തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലേക്ക് മാറ്റും.

നാളെ രാവിലെ ഏഴ് മണിക്ക് വിലാപ യാത്ര കോട്ടയത്തേക്ക്. കോട്ടയത്ത് തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് വച്ചതിന് ശേഷം രാത്രിയോടെ പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകും. വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്കാണ് പുതുപ്പള്ളി പള്ളിയിൽ സംസ്‌കാരം നടക്കുക.

X
Top