ഇന്ത്യയുടെ ഫോറെക്‌സ് റിസര്‍വില്‍ 4.74 ബില്യണ്‍ ഡോളര്‍ വര്‍ധനബംഗ്ലാദേശിലേയ്ക്കുള്ള കയറ്റുമതി, ഇന്ത്യയില്‍ അരി വില ഉയര്‍ന്നുദീപാവലി സമ്മാനം: ചെറു കാറുകളുടെയും ഇന്‍ഷുറന്‍സ് പ്രീമിയങ്ങളുടെയും ജിഎസ്ടി കുറയുംസാധ്യതകൾ തുറന്ന് മൈസ് ഉച്ചകോടിതിരുവനന്തപുരത്തെ അടുത്ത ഐടി ഡെസ്റ്റിനേഷനാകാന്‍ ടെക്നോപാര്‍ക്ക് ഫേസ്-4

എൽപിജി സിലിണ്ടർ വില വെട്ടിക്കുറച്ച് എണ്ണക്കമ്പനികൾ

ക്രൂഡ് ഓയിൽ വില ഇടിഞ്ഞതു പരിഗണിച്ച് വാണിജ്യാവശ്യത്തിനുള്ള എൽപിജി (19 കിലോഗ്രാം) സിലിണ്ടറിന്റെ വില വീണ്ടും വെട്ടിക്കുറച്ച് പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ.

എന്നിട്ടും, ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിന്റെ (14.2 കിലോഗ്രാം) വില കുറയ്ക്കാൻ ഇക്കുറിയും എണ്ണക്കമ്പനികൾ തയാറായില്ല. 19 കിലോഗ്രാം സിലിണ്ടറിന്റെ വില 25 രൂപയാണ് ഇന്നലെ പ്രാബല്യത്തിൽ വന്നവിധം കുറച്ചത്. ഇതോടെ കൊച്ചിയിൽ വില 1,729.50 രൂപയും കോഴിക്കോട്ട് 1,761.50 രൂപയും തിരുവനന്തപുരത്ത് 1,750.5 രൂപയുമായി.

വാണിജ്യ സിലിണ്ടറിന് മേയിൽ 15 രൂപയും ഏപ്രിലിൽ 43 രൂപയും കുറച്ചിരുന്നു. അതേസമയം, കഴിഞ്ഞ ഒരു വർഷത്തിലേറെയായി വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില കുറയ്ക്കാൻ എണ്ണക്കമ്പനികൾ തയാറായിട്ടില്ലെന്ന് മാത്രമല്ല, ഇക്കഴിഞ്ഞ ഏപ്രിൽ 7ന് 50 രൂപ കൂട്ടുകയും ചെയ്തിരുന്നു.

2024 മാർച്ച് എട്ടിന് വനിതാദിനത്തോട് അനുബന്ധിച്ച് കേന്ദ്രസർക്കാർ ഗാർഹിക സിലിണ്ടറിന് 100 രൂപ കുറച്ചിരുന്നു. വനിതകൾക്കുള്ള സമ്മാനമെന്നോണം വില കുറയ്ക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രഖ്യാപനം നടത്തിയത്.

നിലവിൽ കൊച്ചിയിൽ 860 രൂപ, കോഴിക്കോട്ട് 861.5 രൂപ, തിരുവനന്തപുരത്ത് 862 രൂപ എന്നിങ്ങനെയാണ് ഗാർഹിക സിലിണ്ടറിനു വില. രാജ്യാന്തര ക്രൂഡ് ഓയിൽ വിലയ്ക്ക് അനുസൃതമായി ഓരോ മാസവും ഒന്നിനാണ് പൊതുമേഖലാ എണ്ണക്കമ്പനികൾ എൽപിജി വില പരിഷ്കരിക്കുന്നത്.

നിലവിൽ ക്രൂഡ് ഓയിൽ വില ഇടിവിന്റെ പാതയിലാണ്. ഡിമാൻഡിൽ കാര്യമായ ഉണർവില്ലാത്ത സാഹചര്യമായിട്ടും ഉൽപാദനം കൂട്ടാനുള്ള എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസിന്റെ തീരുമാനം വിലയിടിവിന് കാരണമായിട്ടുണ്ട്.

ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 60.79 ഡോളറിലും ബ്രെന്റ് ക്രൂഡ് വില 62.78 ഡോളറിലുമാണുള്ളത്. ഏതാനും ആഴ്ചകൾക്ക് മുമ്പുവരെ ഡബ്ല്യുടിഐ വില 70 ഡോളറിനും ബ്രെന്റ് വില 80 ഡോളറിനും മുകളിലായിരുന്നു. ഇന്ത്യയിൽ മൊത്തം എൽപിജി ഉപഭോഗത്തിന്റെ 90 ശതമാനവും വീടുകളിലാണ്. 10 ശതമാനമാണ് ഹോട്ടലുകളിലും വ്യാവസായിക ആവശ്യത്തിനും വാഹനങ്ങളിലും ഉപയോഗിക്കുന്നത്.

അതേസമയം, ഏതാനും മാസം മുമ്പുവരെ എൽപിജി വില കുത്തനെ ഉയർന്നു നിന്നതിനാൽ റസ്റ്ററന്റുകളും തട്ടുകടകളും മറ്റും പ്രതിമാസം 3,000 മുതൽ 5,000 രൂപവരെ അധികച്ചെലവ് നേരിട്ടിരുന്നു. നിലവിൽ വില അൽപം കുറഞ്ഞെങ്കിലും അതു ഇവയുടെ സാമ്പത്തികച്ചെലവിൽ നൽകുന്നത് മികച്ച ആശ്വാസമാണ്.

X
Top