
കൊച്ചി: ഇമേജിംഗ്, ഒപ്റ്റിക്കൽ സാങ്കേതികവിദ്യകളിലെ ആഗോള നേതാക്കളായ നിക്കോൺ കോർപ്പറേഷന്റെ പൂർണ ഉടമസ്ഥതയിലുള്ള സബ്‌സിഡറിയായ നിക്കോൺ ഇന്ത്യ, കേരളത്തിൽ പുതിയ ശാഖ ആരംഭിച്ചു. ഉപഭോക്താക്കളുമായുള്ള ബന്ധം മെച്ചപ്പെടുത്താനും വില്പാനാനന്തര സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനുമുള്ള തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായാണ് കൊച്ചിയിലെ ഈ പുതിയ ഓഫീസ് ആരംഭിക്കുന്നത്. നിക്കോണിന്റെ ഇന്ത്യയിലെ അഞ്ചാമത്തെ ശാഖ കൂടിയായ ഇത്, ദക്ഷിണേന്ത്യയിലെ ഫോട്ടോഗ്രാഫി പ്രേമികൾക്കും പ്രൊഫഷണലുകൾക്കും കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുന്നതിൽ സഹായകമാകും. കൊച്ചിയുടെ ഹൃദയഭാഗത്ത് പുതിയ ശാഖ ആരംഭിക്കുന്നത് ഉപഭോക്തൃ അനുഭവങ്ങൾ മെച്ചപ്പെടുത്താനുള്ള നിക്കോൺ ഇന്ത്യയുടെ പ്രതിബദ്ധതയെ കൂടുതൽ ഊട്ടിയുറപ്പിക്കുന്നതാണെന്ന് കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ സജ്ജൻ കുമാർ പറഞ്ഞു.
“കേരളം എപ്പോഴും ഇമേജിംഗ് ക്രിയേറ്റീവ് പ്രൊഫഷണലുകൾക്കുള്ള സജീവ വിപണിയാണ്. അതിനാൽ ഉപഭോക്താക്കൾക്ക് കൂടുതൽ സമീപത്തു നിന്നും മികച്ച സേവനം നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,” അദ്ദേഹം കൂട്ടിച്ചേർത്തു. “ഈ സുപ്രധാന ഘട്ടത്തിൽ മലയാളി എന്ന നിലയിൽ ഇതിന്റെ ഭാഗമാകുന്നത് അഭിമാനകരമാണ്,” നിക്കോൺ ഇന്ത്യ വൈസ് പ്രസിഡന്റ് ജോജി ഫ്രാൻസിസ് അഭിപ്രായപ്പെട്ടു. കേരളം ഉയർന്ന വാങ്ങൽ ശേഷിയുള്ളതും പുതിയ സാങ്കേതിക വിദ്യകൾ വേഗത്തിൽ സ്വീകരിക്കുന്നതുമായ വിപണിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. “സിനി പരമ്പരയിലായി ഞങ്ങൾ പുതിയ ഉത്പന്നങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. കേരള വിപണിയിൽ നിന്ന് അതിന് മികച്ച പ്രതികരണവും വളർച്ചാ സാധ്യതയും പ്രതീക്ഷിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു. നിക്കോൺ ഇന്ത്യയുടെ പുതിയ ശാഖ എറണാകുളത്ത് വൈറ്റ് ലൈൻ സഹോദരൻ അയ്യപ്പൻ റോഡ്, മെട്രോപില്ലർ 837-ന് സമീപമുള്ള പോർട്ടിക്കോ കെട്ടിടത്തിലെ ജൂനിയർ ജനതാ റോഡിലാണ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. വില്പന, വിപണന, ഉപഭോക്തൃ സേവനങ്ങൾ എന്നിവയ്ക്കുള്ള പ്രാദേശിക ഹബ്ബായിരിക്കും ഈ ഓഫീസ്. ഈ വികസനം വഴി ദക്ഷിണേന്ത്യയിലെ ഫോട്ടോഗ്രാഫർമാർ, കണ്ടന്റ് ക്രിയേറ്റർമാർ, ബിസിനസ് പങ്കാളികൾ എന്നിവരുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാനാണ് നിക്കോൺ ഇന്ത്യ ലക്ഷ്യമിടുന്നത്. ഇതിലൂടെ നിക്കോണിന്റെ ഉത്പന്നങ്ങളും സേവനങ്ങളും പരിശീലന പരിപാടികളും കൂടുതൽ എളുപ്പത്തിൽ ലഭ്യമാകുമെന്ന് അധികൃതർ വ്യക്തമാക്കി.





