
ബികാജി ഫുഡ്‌സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ ഓഹരി വില ലിസ്റ്റിഗിനു ശേഷം 33 ശതമാനം ഉയര്‍ന്നു. ലിസ്റ്റ് ചെയ്‌തപ്പോഴത്തെ വിലയായ 322.80 രൂപയില്‍ നിന്നും 436 രൂപയിലേക്കാണ് ഓഹരി വില ഉയര്‍ന്നത്.
നവംബര്‍ 16നാണ് ബികാജി ഫുഡ്‌സ് ഇന്റര്‍നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്‌തത്. ബികാജി ഫുഡ്‌സിന്റെ ഐപിഒ നവംബര്‍ മൂന്ന് മുതല്‍ ഏഴ് വരെയാണ് നടന്നിരുന്നത്.
26.67 മടങ്ങാണ് ഈ ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടിരുന്നത്. ബികാജി ഫുഡ്‌സ് ഇഷ്യു വിലയില്‍ നിന്നും ഏഴ് ശതമാനം പ്രീമിയത്തോടെയാണ് ലിസ്റ്റ് ചെയ്‌തിരുന്നത്.
300 രൂപയായിരുന്നു ഇഷ്യു വില. ഐപിഒ വഴി 881.22 കോടി രൂപയാണ് സമാഹരിച്ചത്. പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്‌എസ്) വഴി പ്രൊമോട്ടര്‍മാരുടെയും നിലവിലുള്ള ഓഹരിയുടമകളുടെയും കൈവശമുള്ള ഓഹരികളാണ് വിറ്റത്.
തനത് ലഘുഭക്ഷണ ഉല്‍പ്പന്നങ്ങളാണ് ബികാജി ഫുഡ്‌സ് ഇന്റര്‍നാഷണല്‍ വിപണിയിലെത്തിക്കുന്നത്. ബിക്കനേരി ബുജ്ജ ഏറ്റവും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്ന കമ്പനിയായ ബികാജി ഫുഡ്‌സ് പപ്പടം, മധുരപലഹാരങ്ങള്‍ തുടങ്ങിയ ഭക്ഷ്യ ഉല്‍പ്പന്നങ്ങളും വിപണിയിലെത്തിക്കുന്നു.
ഐപിഒ വഴി 881.22 കോടി രൂപയാണ് കമ്പനി സമാഹരിച്ചത്. 2019-20ല്‍ 1082.90 കോടി രൂപയായിരുന്ന ബികാജി ഫുഡ്‌സ് ഇന്റര്‍നാഷണലിന്റെ വരുമാനം 2021-22ല്‍ 1621.45 കോടി രൂപയായി വളര്‍ന്നു. വരുമാനത്തില്‍ 22.37 ശതമാനം ശരാശരി പ്രതിവര്‍ഷ വളര്‍ച്ചയാണ് ഇക്കാലയളവിലുണ്ടായത്.
ഇക്കാലയളവില്‍ 16.13 ശതമാനം ശരാശരി പ്രതിവര്‍ഷ ലാഭ വളര്‍ച്ചയാണ് കൈവരിച്ചത്. 76.03 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ലാഭം.
2019-20ല്‍ 56.37 കോടി രൂപയുടെ ലാഭമാണ് കൈവരിച്ചിരുന്നത്. 2019-20ല്‍ വരുമാനത്തിന്റെ 5.21 ശതമാനമായിരുന്നു ലാഭമെങ്കില്‍ 2021-22ല്‍ ഇത് 4.69 ശതമാനമായി കുറഞ്ഞു.
ബികാജി ഫുഡ്‌സ് ഇന്റര്‍നാഷണലിന്റെ ബിസിനസ് കൂടുതല്‍ തൊഴില്‍ ശക്തി ആവശ്യമുള്ളതാണ്. അതേ സമയം യന്ത്രവല്‍ക്കരണം, പാക്കേജ്‌ഡ് ഫുഡ്‌സ് മേഖലയിലെ ശക്തമായ വളര്‍ച്ചാ സാധ്യത, സര്‍ക്കാരിന്റെ പില്‍ഐ സ്‌കീമില്‍ ഉള്‍പ്പെടുത്താന്‍ ലഭിച്ച അനുമതി തുടങ്ങിയ ഘടകങ്ങള്‍ കമ്പനിയെ സംബന്ധിച്ചിടത്തോളം അനുകൂല ഘടകങ്ങളാണ്.
അസംഘടിത മേഖലയില്‍ നിന്നുള്ള ശക്തമായ മത്സരം, ചില പ്രദേശങ്ങളില്‍ കൂടുതലായുള്ള കേന്ദ്രീകരണം തുടങ്ങിയ ഘടകങ്ങള്‍ പ്രതികൂലമായും നിലനില്‍ക്കുന്നു.
കമ്പനിയ്‌ക്കും പ്രൊമോട്ടര്‍മാര്‍ക്കുമെതിരെ ചില കേസുകള്‍ നിലവിലുണ്ട്.






