
മുംബൈ: രണ്ട് വർഷത്തിനിടെ നിരവധി കമ്പനികള്‍ രംഗത്തെത്തിയതോടെ മ്യൂച്വല്‍ ഫണ്ട് വ്യവസായത്തില്‍ മത്സരം കടുത്തു. പത്ത് വർഷത്തിലേറെയായി 40 എഎംസികളാണ് ഉണ്ടായിരുന്നത്. രണ്ട് വർഷത്തിനുള്ളില്‍ എട്ട് പുതിയ ലൈസൻസുകള്‍ സെബി നല്‍കി. ജിയോ ബ്ലാക്ക്റോക്ക്, ദി വെല്‍ത്ത് കമ്പനി, ചോയ്സ് എന്നിവ കൂടിയെത്തിയതോടെ എഎംസികളുടെ എണ്ണം 50 ആയി.
മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപകർക്ക് താത്പര്യം വർധിച്ചതാണ് എംഎഫ് ബിസിനസിലേയ്ക്ക് തിരിയാൻ ധനകാര്യ സേവന മേഖലിയലെ കമ്പനികള്‍ക്ക് പ്രേരണയായത്. ഓഹരി വിപണിയിലെ തുടർച്ചയായ മുന്നേറ്റവും ചെറുകിട നിക്ഷേപകരുടെ താത്പര്യം ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ആസ്തിയില്‍ മൂന്നിരട്ടി വർധനവുണ്ടാക്കി.
വർധിച്ചുവരുന്ന നിക്ഷേപക പങ്കാളിത്തം, ഡിജിറ്റല്‍ സാധ്യതകള്‍, ചെറുകിട നഗരങ്ങളിലേക്കുള്ള വ്യാപനം എന്നിവയാണ് ഫണ്ട് കമ്പനികള്‍ നേട്ടമാക്കിയത്.
എഎംസികള്‍ തുടങ്ങാനുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതും സ്പെഷ്യലൈസ്ഡ് ഇൻവെസ്റ്റുമെന്റ് ഫണ്ട് (എസ്‌ഐഎഫ്) എന്ന പുതിയ പദ്ധതി അവതരിപ്പിച്ചതും കൂടുതല്‍ കമ്പനികളെ ആകർഷിച്ചിട്ടുണ്ട്. ഇതോടെ പോർട്ഫോളിയോ മാനേജുമെന്റ് (പിഎംഎസ്) കമ്പനികളും എംഎഫ് ലൈസൻസിനായി രംഗത്തെത്തി.
നികുതി കൂടുതല്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതില്‍ പിഎംഎസിനേക്കാള്‍ മികച്ചതാണ് എസ്‌ഐഎഫ് എന്ന വിലയിരുത്തലാണ് ഇതിന് പിന്നില്‍. പിഎംഎസില്‍ ചേരുന്നതിനുള്ള കുറഞ്ഞ നിക്ഷേപം 50 ലക്ഷമാണെങ്കില്‍ എസ്‌ഐഎഫില്‍ 10 ലക്ഷം മതിയെന്നതും കാരണമായി വിലയിരുത്തുന്നു.
പിഎംഎസ്, ആള്‍ട്ടർനേറ്റീവ് ഇൻവെസ്റ്റുമെന്റ് ഫണ്ട് മാനേജർമാർ എന്നിവരാണ് അടുത്തകാലത്ത് മ്യൂച്വല്‍ ഫണ്ട് ബിസിനസ് തുടങ്ങാൻ അപേക്ഷിച്ചവരിലേറെയും. അബാക്കസ് അസറ്റ് മാനേജർ, മോണാർക്ക് നെറ്റ്വർത്ത് ക്യാപിറ്റല്‍, നുവാമ വെല്‍ത്ത്, ആഷിക ക്രെഡിറ്റ് ക്യാപിറ്റല്‍, കാർണേലിയൻ അസറ്റ് മാനേജുമെന്റ് ആൻഡ് അഡൈ്വസേഴ്സ്, ആർഫ ആള്‍ട്ടർനേറ്റീവ് ഫണ്ട് അഡൈ്വസേഴ്സ്, എസ്റ്റി അഡൈ്വസേഴ്സ്, ഒക്ലെയ്ൻ ക്യാപിറ്റല്‍ മാനേജുമെന്റ് എന്നിവയും അപേക്ഷകരില്‍ ഉള്‍പ്പെടുന്നു.
ലാഭം വർധിപ്പിക്കുന്നതിനായി 2020ല്‍ സെബി ബദല്‍ മാനദണ്ഡം അവതരിപ്പിച്ചതോടെയാണ് പുതിയ കമ്പനികള്‍ക്ക് പ്രത്യേകിച്ച് ഫിൻടെക് സ്ഥാപനങ്ങള്‍ക്ക് മ്യുച്വല്‍ ഫണ്ട് ബിസിനസ് ആരംഭിക്കാൻ വഴിതുറന്നത്.
അതിനുശേഷം 2023ല്‍ സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങള്‍ക്ക് മ്യൂച്വല്‍ ഫണ്ടുകളെ സ്പോണ്‍സർ ചെയ്യാൻ അനുവദിക്കുന്നതിനായി സെബി വ്യവസ്ഥകള്‍ ഭേദഗതിചെയ്തതും നേട്ടമായി.
മ്യൂച്വല്‍ ഫണ്ട് ബിസിനസ് ആരംഭിക്കാൻ എളുപ്പമാണെങ്കിലും വിശ്വാസവും ദീർഘകാല പ്രകടനവും വളർത്തിയെടുക്കുകയെന്നതാണ് യഥാർഥ വെല്ലുവിളി.
മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ മൊത്തം കൈകാര്യം ചെയ്യുന്ന ആസ്തി(എയുഎം)യായ 75 ലക്ഷം കോടി രൂപയില്‍ 75 ശതമാനം വിഹിതവും കൈകാര്യം ചെയ്യുന്നത് 10 എഎംസികളാണ്.