
ഒക്ടോബര്‍ 30ന് ഹൊനാസ കണ്‍സ്യൂമര്‍ ആങ്കര്‍ നിക്ഷേപര്‍ക്കുള്ള വില്‍പ്പന നടത്തിയപ്പോള്‍ മ്യൂച്വല്‍ ഫണ്ടുകള്‍ 253.61 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്.
മ്യൂച്വല്‍ ഫണ്ടുകള്‍ കൈവശം വെക്കുന്ന ന്യൂ ഏജ് ടെക് കമ്പനികളുടെ പട്ടികയില്‍ ഒടുവിലത്തേതാണ് ഹൊനാസ കണ്‍സ്യൂമര്‍. സൊമാറ്റോ, പേടിഎം, ഡെല്‍ഹിവറി, നൈക, പിബി ഫിന്‍ടെക് തുടങ്ങിയ കമ്പനികളില്‍ മ്യൂച്വല്‍ ഫണ്ടുകളുടെ ഓഹരി പങ്കാളിത്തം ഈയിടെ വര്‍ധിപ്പിക്കുകയാണ് ചെയ്‌തത്. പ്രധാനമായും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയാണ് ഓഹരി പങ്കാളിത്തം ഗണ്യമായി വര്‍ധിച്ചത്.
സൊമാറ്റോയിലെ മ്യൂച്വല്‍ ഫണ്ടുകളുടെ ഓഹരി പങ്കാളിത്തം 2022 ഡിസംബര്‍ 31ന് 5.72 ശതമാനമായിരുന്നു. ഇത് 2023 സെപ്‌റ്റംബര്‍ 30ന് 10.56 ശതമാനമായി ഉയര്‍ന്നു. ഇക്കാലയളവില്‍ നൈകയിലെ മ്യൂച്വല്‍ ഫണ്ടുകളുടെ ഓഹരി പങ്കാളിത്തം 4.06 ശതമാനത്തില്‍ നിന്നും 10.62 ശതമാനമായാണ് ഉയര്‍ന്നത്.
ഡെല്‍ഹിവെറിയിലെ ഓഹരി പങ്കാളിത്തം 11.12 ശതമാനത്തില്‍ നിന്നും 14.12 ശതമാനമായി മ്യൂച്വല്‍ ഫണ്ടുകള്‍ ഉയര്‍ത്തി.
2022ല്‍ ടെക്‌നോളജി ഓഹരികള്‍ ലോകവ്യാപകമായി തിരുത്തല്‍ നേരിടുന്നതാണ് കണ്ടത്. ഇന്ത്യയിലെ ടെക്‌നോളജി ഓഹരികളും ശക്തമായ ഇടിവിനാണ് വിധേയമായത്. അതേ സമയം 2023ല്‍ ഈ ഓഹരികളില്‍ ശക്തമായ കരകയറ്റമാണ് ഉണ്ടായത്. ലാഭക്ഷമത മെച്ചപ്പെട്ടതും വരുമാനം ഉയര്‍ന്നതും കരകയറ്റത്തിന് തുണയേകി.
അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ വലിയ മാറ്റങ്ങളിലൂടെ കടന്നുപോകുന്ന ഒരു മേഖലയായിരിക്കും ടെക്‌നോളജി. ആമസോണോ ഇന്‍ഫോസിസോ കൈവരിച്ചതു പോലുള്ള വളര്‍ച്ച ഏറ്റവും മികച്ചതായി രൂപപ്പെടുന്ന പുതുതലമുറ ടെക്‌നോജി കമ്പനികള്‍ കൈവരിക്കാന്‍ സാധ്യതയുണ്ട്.