
മുംബൈ: ഇന്ത്യയിലെ മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് അവരുടെ നിക്ഷേപങ്ങളിൽ ഇനി അധിക സുരക്ഷ ഉറപ്പാക്കും. പുതിയ ലോക്ക്-ഇൻ അഥവാ ഡെബിറ്റ് ഫ്രീസ് സംവിധാനമാണ് വിപണി നിയന്ത്രകരായ സെബി നിക്ഷേപകർക്കായി അവതരിപ്പിച്ചിരിക്കുന്നത്. മ്യൂച്വൽ ഫണ്ട് പോർട്ട്ഫോളിയോയിൽ നിന്നുള്ള പിൻവലിക്കലുകൾ താൽക്കാലികമായി തടയുന്നതിനുള്ള സംവിധാനമാണിത്.
മ്യൂച്വൽ ഫണ്ട് നിക്ഷേപകർ ഓൺലൈൻ സംവിധാനങ്ങൾ കൂടുതലായി ഉപയോഗിക്കാൻ തുടങ്ങിയതോടെ ഡിജിറ്റൽ സെക്യൂരിറ്റി ഉറപ്പാക്കുന്നതിനാണ് പുതിയ നടപടിയെന്ന് സെബി അറിയിച്ചു. പുതിയ മാറ്റമനുസരിച്ച് നിക്ഷേപകർക്ക് അവരുടെ മ്യൂച്വൽ ഫണ്ട് ഫ്രീസ് അഥവാ ലോക്ക് ചെയ്ത് വച്ചാൽ അത് ഒഴിവാക്കുന്നവരെ പോർട്ട്ഫോളിയോകൾ വിൽക്കാനോ, മറ്റൊരു സ്കീമിലേക്ക് മാറ്റാനോ സാധിക്കില്ല.
പുതിയ സൗകര്യം ഡീമാറ്റ് , നോൺ-ഡീമാറ്റ് മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾക്കും ഒരുപോലെ ബാധകമായിരിക്കും. അതായത് ഡീമാറ്റ് അക്കൗണ്ടുകളിലുള്ള പോർട്ട്ഫോളിയോകൾക്കും, അസറ്റ് മാനേജ്മെന്റ് കമ്പനികൾ നേരിട്ട് നിയന്ത്രിക്കുന്ന പോർട്ട്ഫോളിയോകൾക്കും ഈ സുരക്ഷാ കവചം ലഭിക്കും.
വിവിധ ഫണ്ട് ഹൗസുകളിലെ മ്യൂച്വൽ ഫണ്ട് ഇടപാടുകളും സേവനങ്ങളും ലഭ്യമാക്കുവാൻ നിക്ഷേപകർ ഉപയോഗിക്കുന്ന എംഎഫ് സെൻട്രൽ എന്ന ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം വഴിയായിരിക്കും ആദ്യഘട്ടത്തിൽ ഈ ലോക്കിംഗ് സൗകര്യം ലഭ്യമാവുക. ആർടിഎ വഴി ഈ പ്ലാറ്റ്ഫോമിലെ പുതിയ ഫീച്ചർ ലഭ്യമാക്കും.
ഇതോടെ നിക്ഷേപകർക്ക് അവരുടെ ആവശ്യാനുസരണം പോർട്ട്ഫോളിയോകൾ ആക്ടീവ് ആക്കുവാനും ഫ്രീസ് ചെയ്യുവാനും സാധിക്കും.






