
കൊച്ചി: മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ മുൻനിര കമ്പനിയായ മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ് 1000 രൂപ മുഖവിലയുള്ള സുരക്ഷിതവും റേറ്റിംഗ് ഉള്ളതുമായ നോൺ-കൺവെർട്ടബിൾ ഡിബഞ്ചറുകളുടെ പുതിയ സീരീസായ ട്രാൻഷ് വി പ്രഖ്യാപിച്ചു. ഈ എൻസിഡി ഇഷ്യു 2026 സെപ്റ്റംബർ 8-ന് ആരംഭിച്ചു.
350 കോടി രൂപ അടിസ്ഥാന വലുപ്പവും 350 കോടി രൂപ വരെയുള്ള ഗ്രീൻ ഷൂ ഓപ്ഷനും ഉൾപ്പെടെ മൊത്തം 700 കോടി രൂപ വരെയാണ് ഇഷ്യുവിലൂടെ സമാഹരിക്കാൻ ലക്ഷ്യമിടുന്നത്. ഇതിന് അംഗീകാരം ലഭിച്ച ഷെൽഫ് ലിമിറ്റ് 3, 000 കോടി രൂപയാണ്.
8.89 ശതമാനം മുതൽ 9.25 ശതമാനം വരെ വാർഷിക വരുമാനം ഈ എൻസിഡി വാഗ്ദാനം ചെയ്യുന്നു. 24, 36, 60, 72 മാസങ്ങൾ എന്നിങ്ങനെ വിവിധ നിക്ഷേപ കാലയളവുകൾ നിക്ഷേപകർക്ക് തിരഞ്ഞെടുക്കാം. സെപ്റ്റംബർ 22 വരെ അപേക്ഷിക്കാം.
ബോർഡിന്റെയോ കമ്മിറ്റിയുടെയോ തീരുമാനപ്രകാരം ഇഷ്യു നേരത്തെ അവസാനിപ്പിക്കാനും സാധ്യതയുണ്ട്. ഈ ഇഷ്യുവിലൂടെ ലഭിക്കുന്ന തുക വായ്പകൾ നൽകുന്നതിനും, നിലവിലെ കടങ്ങളുടെ പലിശയും മുതലും തിരിച്ചടയ്ക്കുന്നതിനും, മറ്റ് പൊതുവായ കോർപ്പറേറ്റ് ആവശ്യങ്ങൾക്കുമായി ഉപയോഗിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഈ എൻസിഡികൾക്ക് ക്രിസിൽ റേറ്റിംഗ്സ് ലിമിറ്റഡ് ‘ക്രിസിൽ എഎ/സ്റ്റേബിൾ’ റേറ്റിംഗും, ബ്രിക്ക്വർക്ക് റേറ്റിംഗ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ‘ബിഡബ്ല്യുആർ എഎ+/സ്റ്റേബിൾ’ റേറ്റിംഗും നൽകിയിട്ടുണ്ട്. ഇത് സാമ്പത്തിക ബാധ്യതകൾ കൃത്യസമയത്ത് നിറവേറ്റുന്നതിലെ ഉയർന്ന സുരക്ഷയെയാണ് സൂചിപ്പിക്കുന്നത്. ബിഎസ്ഇ ലിമിറ്റഡിന്റെ ഡെബ്റ്റ് മാർക്കറ്റ് വിഭാഗത്തിൽ ഈ നിക്ഷേപങ്ങൾ ലിസ്റ്റ് ചെയ്യും.
സിൻഡിക്കേറ്റ് അംഗങ്ങൾ, സ്റ്റോക്ക് ബ്രോക്കർമാർ, ആർടിഎ തുടങ്ങിയ ഇടനിലക്കാർ വഴി അപേക്ഷിക്കുന്ന വ്യക്തിഗത നിക്ഷേപകർക്ക് 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് ഫണ്ട് ബ്ലോക്ക് ചെയ്യുന്നതിനായി യുപിഐ ഐഡി ഉപയോഗിക്കാവുന്നതാണ്.
ഇതുകൂടാതെ അംഗീകൃത ബാങ്കുകൾ വഴിയും സ്റ്റോക്ക് എക്സ്ചേഞ്ച് പ്ലാറ്റ്ഫോമുകൾ വഴിയും നിക്ഷേപകർക്ക് അപേക്ഷിക്കാം.






