
അഹമ്മദാബാദ്: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഗുജറാത്തിൽ 7 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പ്രഖ്യാപിച്ചു. രാജ്‌കോട്ടിൽ നടന്ന വൈബ്രന്റ് ഗുജറാത്ത് റീജിയണൽ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ച് വർഷത്തിനിടെ 3.5 ലക്ഷം കോടി രൂപയാണ് റിലയൻസ് ഗുജറാത്തിൽ നിക്ഷേപിച്ചത്. വരും വർഷങ്ങളിൽ ഇത് ഇരട്ടിയാക്കുമെന്നും അംബാനി പറഞ്ഞു. ഗുജറാത്തിലെ തൊഴിലവസരങ്ങൾ വൻതോതിൽ വർധിപ്പിക്കാനും സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും ഈ നിക്ഷേപം കരുത്തേകുമെന്ന് അംബാനി പറഞ്ഞു.
ഏറ്റവും വലിയ ഗ്രീൻ എനർജി ഇക്കോസിസ്റ്റം
ജാംനഗറിനെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഗ്രീൻ എനർജി ഇക്കോസിസ്റ്റമാക്കി മാറ്റാനാണ് റിലയൻസ് ലക്ഷ്യമിടുന്നതെന്നും അംബാനി പറഞ്ഞു. സൗരോർജ്ജം, ഗ്രീൻ ഹൈഡ്രജൻ, ബാറ്ററി സ്റ്റോറേജ്, ഗ്രീൻ ഫെർട്ടിലൈസർ തുടങ്ങിയ മേഖലകളിലാണ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
നിലവിൽ ഹൈഡ്രോകാർബൺ എനർജി കയറ്റുമതിയിൽ മുന്നിട്ടുനിൽക്കുന്ന ജാംനഗർ ഭാവിയിൽ ഹരിത ഊർജ്ജത്തിന്റെ കയറ്റുമതി കേന്ദ്രമായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും വലിയ എഐ ഡാറ്റാ സെന്റർ
സാധാരണക്കാർക്ക് കൂടി നിർമിത ബുദ്ധി പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഗുജറാത്തിലെ ജാംനഗറിൽ ഇന്ത്യയിലെ ഏറ്റവും വലിയ എഐ ഡാറ്റാ സെന്റർ സ്ഥാപിക്കും. പ്രാദേശിക ഭാഷകളിൽ എഐ സേവനങ്ങൾ ലഭ്യമാക്കുന്ന ‘പീപ്പിൾ ഫസ്റ്റ്’ എന്ന പ്രത്യേക പ്ലാറ്റ്‌ഫോം ജിയോ അവതരിപ്പിക്കും.
ഇത് ഓരോ പൗരനും അവരുടെ സ്വന്തം ഭാഷയിൽ സേവനങ്ങൾ ഉപയോഗിക്കാനും ദൈനംദിന കാര്യക്ഷമത വർധിപ്പിക്കാനും സഹായിക്കും.
2036-ലെ ഒളിംപിക്‌സ് അഹമ്മദാബാദിൽ എത്തിക്കാനുള്ള പ്രധാനമന്ത്രിയുടെ ശ്രമങ്ങൾക്ക് റിലയൻസ് ഫൗണ്ടേഷൻ പൂർണ പിന്തുണ നൽകും. ഇതിന്റെ ഭാഗമായി നാരൻപുരയിലെ വീർ സവർക്കർ മൾട്ടി സ്‌പോർട്‌സ് കോംപ്ലക്‌സിന്റെ നടത്തിപ്പിൽ റിലയൻസ് പങ്കാളിയാകും.
കൂടാതെ ജാംനഗറിൽ ലോകോത്തര നിലവാരമുള്ള ആശുപത്രിയും കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുടങ്ങുമെന്നും വൈബ്രന്റ് ഗുജറാത്ത് റീജിയണൽ കോൺഫറൻസിൽ പ്രഖ്യാപിച്ചു.






