പുതു സമ്പദ്‍വർഷത്തിൽ കേരളത്തിന് ജിഎസ്ടി വരുമാനക്കുതിപ്പ്നിര്‍മാണ മേഖലയില്‍ നേരിയ മാന്ദ്യംഇന്ത്യ-ഇയു വ്യാപാര കരാര്‍ ഈ വര്‍ഷം സാധ്യമായേക്കുംനഗരവികസനം: 1000 കോടി ഡോള‌ര്‍ നിക്ഷേപിക്കാൻ എഡിബിജിഎസ്ടി പിരിവ് തുടർച്ചയായ രണ്ടാം മാസവും 2 ലക്ഷം കോടി കടന്നു

എംആര്‍എഫ്‌ ഓഹരി വില ഒരു ലക്ഷം രൂപയിലേക്ക്‌

കേരളത്തില്‍ നിന്നുള്ള കമ്പനിയായ എംആര്‍എഫിന്റെ ഓഹരി വില ഒരു ലക്ഷം രൂപയിലേക്ക്‌ അടുക്കുമ്പോള്‍ ഒരു റെക്കോഡാണ്‌ സൃഷ്‌ടിക്കപ്പെടാന്‍ പോകുന്നത്‌. ഒരു ലക്ഷം രൂപ വിലയുള്ള ഒരു ഓഹരി പോലും നിലവില്‍ ഇന്ത്യന്‍ ഓഹരി വിപണിയിലില്ല; ഇതുവരെ ഉണ്ടായിട്ടുമില്ല.

ആ അപൂര്‍വ നേട്ടത്തിന്റെ തൊട്ടരികിലാണ്‌ ഒരു കേരള കമ്പനി എത്തിയിരിക്കുന്നത്‌. ഇന്നലെ എംആര്‍എഫ്‌ എക്കാലത്തെയും ഉയര്‍ന്ന വിലയാണ്‌ രേഖപ്പെടുത്തിയത്‌. 98,974.65 രൂപ എന്ന റെക്കോഡ്‌ വില രേഖപ്പെടുത്തിയ ഓഹരി ക്ലോസ്‌ ചെയ്‌തത്‌ 98,614 രൂപയ്‌ക്കാണ്‌. ക്ലോസ്‌ ചെയ്‌ത വിലയിലും എംആര്‍എഫ്‌ റെക്കോഡ്‌ സൃഷ്‌ടിച്ചു. കഴിഞ്ഞ ഒരു മാസം കൊണ്ട്‌ എംആര്‍എഫിന്റെ ഓഹരി വിലയിലുണ്ടായ മുന്നേറ്റം 17.47 ശതമാനമാണ്‌.

പ്രധാനമായും ടയര്‍ കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപകര്‍ക്കുണ്ടായ വര്‍ധിതമായ താല്‍പ്പര്യമാണ്‌ ഈ കുതിപ്പിന്‌ വഴിവെച്ചത്‌. വാഹന വില്‍പ്പന വര്‍ധിച്ചത്‌ ടയര്‍ മേഖലയിലെ കമ്പനികളുടെ വില്‍പ്പന മെച്ചപ്പെടുന്നതിനു വഴിയൊരുക്കി.

ഇതിനൊപ്പം ടയര്‍ നിര്‍മാണത്തിനുള്ള പ്രധാന അസംസ്‌കൃത വസ്‌തുവായ ക്രൂഡ്‌ ഓയിലിന്റെ വില കുറഞ്ഞത്‌ ഈ മേഖലയിലെ കമ്പനികളുടെ ലാഭം ഉയര്‍ത്താനും സഹായകമായി. ടയര്‍ നിര്‍മാണ മേഖലയില്‍ ഏറ്റവും ഉയര്‍ന്ന വിപണി പങ്കാളിത്തമുള്ള എംആര്‍എഫ്‌ ഓഹരി വിപണിയില്‍ പുതിയ ചരിത്രം സൃഷ്‌ടിക്കുന്നതിന്‌ ഈ സാഹചര്യം കളമൊരുക്കുകയായിരുന്നു.

ഒരു ലക്ഷം രൂപയിലേക്ക്‌ എംആര്‍എഫിന്റെ ഓഹരി വില അടുക്കുമ്പോള്‍ നിക്ഷേപകരുടെ സമ്പത്ത്‌ പതിന്മടങ്ങ്‌ വളര്‍ത്തിയതിന്റെ ക്രെഡിറ്റ്‌ കൂടി ഈ കേരള കമ്പനിക്ക്‌ സ്വന്തമാകുന്നു. കഴിഞ്ഞ പത്ത്‌ വര്‍ഷത്തിനുള്ളില്‍ എംആര്‍ഫിന്റെ ഓഹരി വിലയിലുണ്ടായ വര്‍ധന 562 ശതമാനമാണ്‌.

2013 മെയ്‌ ഒന്നിന്‌ 14,895 രൂപ വിലയുണ്ടായിരുന്ന ഓഹരിയാണ്‌ ഇന്നലെ 98,974.65 രൂപ രൂപ വരെ ഉയര്‍ന്നത്‌. കമ്പനിയുടെ വിപണിമൂല്യം 41,823 കോടി രൂപയായി ഉയരുകയും ചെയ്‌തു.

ഓഹരി വിഭജനത്തിനോ ബോണസ്‌ അനുവദിക്കുന്നതിനോ മാനേജ്‌മെന്റ്‌ താല്‍പ്പര്യപ്പെടാത്തത്‌ ഇന്ന്‌ എംആര്‍എഫ്‌ ഇന്ത്യന്‍ ഓഹരി വിപണിയിലെ ഏറ്റവും വില കൂടിയ ഓഹരിയായതിനുള്ള കാരണങ്ങളിലൊന്നാണ്‌.

ഏറ്റവുമൊടുവില്‍ 1975 ഏപ്രിലിലാണ്‌ 1:2 എന്ന അനുപാതത്തില്‍ എംആര്‍എഫ്‌ ബോണസ്‌ ഓഹരികള്‍ അനുവദിച്ചത്‌. അതിന്‌ മുമ്പ്‌ 1970ല്‍ 1:3 എന്ന അനുപാതത്തിലും ബോണസ്‌ ഓഹരികള്‍ നല്‍കിയിരുന്നു.

പത്ത്‌ രൂപ മുഖവിലയുള്ള ഓഹരി ഒരിക്കല്‍ പോലും വിഭജിച്ചിട്ടില്ല. ഓഹരി വില്‍പ്പനയിലൂടെ ഫണ്ട്‌ സമാഹരണത്തിനു താല്‍പ്പര്യപ്പെടുന്ന മാനേജ്‌മെന്റുകളാണ്‌ പൊതുവെ ഓഹരി വിഭജനത്തിലൂടെ കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ശ്രമിക്കാറുള്ളത്‌.

എംആര്‍എഫിനെ സംബന്ധിച്ചിടത്തോളം അത്തരമൊരു രീതിയല്ല അവര്‍ പിന്തുടരുന്നത്‌. ടയര്‍ വിപണിയിലെ മുന്‍നിര കമ്പനിയായ എംആര്‍എഫിന്‌ ബിസിനസ്‌ വളര്‍ച്ചയുടെ ദീര്‍ഘമായ ചരിത്രമാണുള്ളത്‌. ആ വളര്‍ച്ചയില്‍ ഓഹരികളുടെ വില്‍പ്പന വഴിയുള്ള ഫണ്ട്‌ സമാഹരണം കമ്പനി ഒരു മാര്‍ഗമായി അവലംബിക്കാന്‍ മുതിര്‍ന്നിട്ടില്ല.

ഓഹരി വില വളരെ ഉയര്‍ന്നു നില്‍ക്കുന്നത്‌ ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം കുറയാന്‍ കാരണമാകുന്ന ഘടകമാണ്‌. ഇത്‌ ഓഹരി വിലയിലെ ചാഞ്ചാട്ടം കുറയാന്‍ സഹായകമാകും. ഉയര്‍ന്ന ഓഹരി വില ഏറ്റെടുക്കല്‍ നീക്കങ്ങളെ നിരുത്സാഹപ്പെടുത്തുന്ന ഘടകം കൂടിയാണ്‌.

എംആര്‍എഫില്‍ പ്രൊമോട്ടര്‍മാരും പ്രൊമോട്ടര്‍മാര്‍ നേതൃനിരയിലുള്ള ഫൗണ്ടേഷനുകളുമാണ്‌ 50 ശതമാനത്തിലേറെ ഓഹരികള്‍ കൈവശം വെക്കുന്നത്‌. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ക്ക്‌ 18 ശതമാനം ഓഹരി പങ്കാളിത്തമുള്ളത്‌ എംആര്‍എഫിന്റെ വളര്‍ച്ചാസാധ്യതയില്‍ അവര്‍ക്കുള്ള വിശ്വാസമാണ്‌ സൂചിപ്പിക്കുന്നത്‌. 11.65 ശതമാനം ഓഹരികളാണ്‌ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ കൈവശം വെക്കുന്നത്‌.

ലോകത്തിലെ വിഖ്യാത ഓഹരി നിക്ഷേപകനായ വാറന്‍ ബുഫേയുടെ നിക്ഷേപരീതിയിലേക്ക്‌ കണ്ണോടിക്കുന്നത്‌ ഈ അവസരത്തില്‍ ഉചിതമായിരിക്കും. വാറന്‍ ബുഫേയുടെ പോര്‍ട്‌ഫോളിയോയിലെ പല കമ്പനികളുടെയും ഓഹരികള്‍ വളരെ ഉയര്‍ന്ന വിലയുള്ളവയാണ്‌.

നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന്‌ ഓഹരി വിഭജിക്കാനും ബോണസ്‌ ഓഹരികള്‍ അനുവദിക്കാനും താല്‍പ്പര്യപ്പെടാത്ത ഈ കമ്പനികള്‍ സ്ഥിരതയുള്ള വളര്‍ച്ച നിലനിര്‍ത്തുന്നു.

വാറന്‍ ബുഫേയുടെ ഉടമസ്ഥതയിലുള്ള ബര്‍ക്‌ഷിര്‍ ഹാത്തവേയാണ്‌ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന വിലയുള്ള ഓഹരി. 4.91 ലക്ഷം ഡോളറാണ്‌ ഈ ഓഹരിയുടെ ഇപ്പോഴത്തെ വില. അതായത്‌ നാല്‌ കോടി രൂപ!

‘ഇന്ത്യയിലെ ബര്‍ക്‌ഷിര്‍ ഹാത്തവേ’യായി എംആര്‍എഫ്‌ എന്ന കേരള കമ്പനി തുടരുമ്പോള്‍, ഒരു ലക്ഷം രൂപ എന്ന ഇന്ത്യന്‍ ഒരു കമ്പനിയ്‌ക്കും കൈവരിക്കാനാകാത്ത ഓഹരി വിലയിലേക്ക്‌ അടുക്കുമ്പോള്‍ അത്‌ അച്ചടക്കവും ആസൂത്രണവും മുഖമുദ്രയായുള്ള ഒരു മാനേജ്‌മെന്റിനു കീഴില്‍ കൈവരിച്ച പടിപടിയായുള്ള ബിസിനസ്‌ വളര്‍ച്ചയ്‌ക്ക്‌ ലഭിക്കുന്ന അംഗീകാരം കൂടിയാണ്‌.

മികച്ച ബിസിനസുകള്‍ ഓഹരിയുടമകളുടെ സമ്പത്ത്‌ പല മടങ്ങ്‌ വളര്‍ത്തുന്നതിന്‌ കേരളത്തില്‍ നിന്നുള്ള ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്നാണ്‌ എംആര്‍എഫ്‌.

X
Top