
കൊച്ചി: അതിഥിത്തൊഴിലാളികൾ കേരളത്തിൽ ഒരു വർഷം ചെലവഴിക്കുന്നത് 26,100 കോടി രൂപയെന്ന് കണക്കുകൾ. വരുമാനത്തിന്റെ മൂന്നിലൊന്ന് അവർ ഇവിടെ ചെലവഴിക്കുന്നു. 40 ലക്ഷത്തിലേറെ അതിഥിത്തൊഴിലാളികളുണ്ടെന്നാണ് കണക്ക്. 800 മുതൽ 1200 രൂപവരെയാണ് ശരാശരി ദിവസക്കൂലി.
നമ്മുടെ വ്യവസായങ്ങളെല്ലാം അതിഥിത്തൊഴിലാളികളെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നതെന്ന് സെന്റർ ഫോർ മൈഗ്രേഷൻ ആൻഡ് ഇൻക്ലുസീവ് ഡിവലപ്‌മെന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ബിനോയ് പീറ്റർ ചൂണ്ടിക്കാണിക്കുന്നു.
അവർ ഇവിടെനിന്ന് പൈസ കടത്തിക്കൊണ്ടുപോകുന്നെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറയുന്നു. ജോലിയുടെ കൂലിയാണ് അവർക്ക് ലഭിക്കുന്നത്. നമ്മുടെ സമ്പദ്ഘടനയിലേക്ക് വൈദഗ്ധ്യം അവർ പകരം നൽകുന്നുണ്ട്.
അതിഥിത്തൊഴിലാളികൾ ഇവിടെ പണം ചെലവഴിക്കുന്നില്ലെന്നതാണ് വാദം. ആർഭാടത്തിനായി പണം ചെലവഴിക്കുന്നത് കുറവാണെങ്കിലും നല്ലൊരു തുക താമസത്തിനും ഭക്ഷണത്തിനും മൊബൈൽ റീച്ചാർജ് ഉൾപ്പെടെയുള്ള മറ്റുചെലവുകൾക്കും ഉപയോഗിക്കുന്നുണ്ട്.
പ്രാദേശികവിപണിയുടെ നട്ടെല്ലും അവരാണ്. നമ്മൾ മാളുകളിൽനിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ അവർ ചെറിയ കടകളെയാണ് നിത്യോപയോഗ സാധനങ്ങൾക്കായി ആശ്രയിക്കുന്നത്. പൊതുഗതാഗതം ഉപയോഗിച്ചും വഴിയോരവിപണികളെ ആശ്രയിച്ചും അവർ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ചെറുതല്ലാത്ത സംഭാവന നൽകുന്നുണ്ടെന്നും ബിനോയ് പീറ്റർ ചൂണ്ടിക്കാണിക്കുന്നു.
കണക്കുകൾ ഇങ്ങനെ
അതിഥിത്തൊഴിലാളികളിൽ 22 ശതമാനം പേർക്കുമാത്രമാണ് 20,000 രൂപയിൽ കൂടുതൽ മാസവരുമാനമുള്ളത്. 16000 രൂപ മാസവരുമാനമുള്ള ഒരാൾ എല്ലാ ചെലവും കഴിഞ്ഞ് 4000 മുതൽ 5000 രൂപയോളം മിച്ചം പിടിക്കും. ഈ തുകയാണ് നാട്ടിലേക്കയക്കുന്നത്. വർഷം 30,000 മുതൽ 50,000 രൂപവരെ നാടുകളിലേക്ക് അയക്കാറുണ്ട്.
നാലുവർഷത്തിനകം കേരളത്തിലെ അതിഥിത്തൊഴിലാളികളുടെ എണ്ണം 50 ലക്ഷം കവിയുമെന്ന് പഠനങ്ങൾ. 2017 -18 കാലയളവിൽ നടന്ന പഠനത്തിൽ 31 ലക്ഷമായിരുന്നു. ഇതിൽ 21 ലക്ഷം പേർ ജോലി തേടി താത്കാലികമായി എത്തിയതാണ്.
10 ലക്ഷം പേരാണ് ദീർഘ കാലയളവിൽ തങ്ങുന്നത്. ഇതിൽ അഞ്ചു ശതമാനംമാത്രമാണ് കുടുംബവുമായി താമസിക്കുന്നതെന്നും ആസൂത്രണബോർഡിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.






