
കൊച്ചി: വെഡിംഗ് ആന്‍ഡ് മൈസ് (മീറ്റിംഗ്സ് ഇന്‍സെന്‍റീവ്സ്, കോണ്‍ഫറന്‍സസ്, എക്സിബിഷന്‍സ്) രംഗത്ത് സമഗ്ര നയം, പ്രൊമോഷന്‍ ബ്യൂറോ, രാജ്യാന്തര പ്രചാരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയുമായി മുന്നോട്ടു പോകാന്‍ ആഹ്വാനം ചെയ്ത് മൈസ് ഉച്ചകോടിയ്ക്ക് സമാപനമായി. സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്‍റെ സഹകരണത്തോടെ കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയാണ് മൂന്ന് ദിവസം നീണ്ടുനിന്ന വെഡിംഗ് ആന്‍ഡ് മൈസ് ഉച്ചകോടി നടത്തിയത്.
വെഡിംഗ്-മൈസ് രംഗത്ത് കേരളത്തെ രാജ്യത്തെ ഒന്നാം നിരയില്‍ കൊണ്ടു വരാന്‍ തക്കവിധമുള്ള സമഗ്ര നയം അനിവാര്യമാണെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത കേരള ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ പറഞ്ഞു. മൂന്ന് ദിവസത്തെ ഉച്ചകോടിയില്‍ രാജ്യത്തിനകത്തും പുറത്ത് നിന്നുമുള്ള വിദഗ്ധരുടെ അഭിപ്രായവും നിര്‍ദ്ദേശങ്ങളും വിലപ്പെട്ടതാണ്. സംസ്ഥാനത്തെ പ്രധാനപ്പെട്ട നഗരങ്ങളില്‍ മൈസ് പ്രൊമോഷന്‍ ബ്യൂറോകള്‍ സ്ഥാപിക്കണമെന്ന ആവശ്യം കെടിഎം മുന്നോട്ടു വച്ചിട്ടുണ്ട്. രാജ്യത്തെ മുന്‍നിര വെഡിംഗ് മൈസ് കേന്ദ്രമായി കേരളത്തെ മാറ്റാന്‍ ആഗോളതലത്തില്‍ പ്രചാരണം സംഘടിപ്പിക്കും. സമ്മേളനത്തിന്‍റെ വിശദാംശങ്ങള്‍ ക്രോഡീകരിച്ച് കെടിഎം സര്‍ക്കാരിന് മുന്നിലെത്തുമെന്നാണ് പ്രതീക്ഷ. സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് അവര്‍ ഉറപ്പ് നല്‍കി.
കേരളത്തിന്‍റെ പരമ്പരാഗത ആകര്‍ഷണങ്ങളായ പ്രകൃതി സൗന്ദര്യം, സാംസ്ക്കാരിക-പൈതൃക മേډകള്‍ എന്നിവയ്ക്കൊപ്പം സുസ്ഥിര-ഉത്തരവാദിത്ത വിനോദസഞ്ചാര ഇടപെടലുകള്‍ കേരളത്തിലെ വെഡിംഗ് മൈസ് ടൂറിസത്തിന് മുതല്‍ക്കൂട്ടാണെന്നും ടൂറിസം ഡയറക്ടര്‍ പറഞ്ഞു. വെഡിംഗ് മൈസ് രംഗത്ത് രാജ്യത്തെ അളവുകോലായി കേരളം മാറുമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന കെടിഎം സൊസൈറ്റി പ്രസിഡന്‍റ് ജോസ് പ്രദീപ് പറഞ്ഞു. ആകെ 6,623 ബിസിനസ് കൂടിക്കാഴ്ചകളാണ് നടന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ ടൂറിസം അസി. ഡയറക്ടര്‍ എം നരേന്ദ്രന്‍, കെടിഎം സൊസൈറ്റി സെക്രട്ടറി എസ് സ്വാമിനാഥന്‍, മുന്‍ പ്രസിഡന്‍റുമാരായ ഇ എം നജീബ്, ഏബ്രഹാം ജോര്‍ജ്ജ്, ബേബി മാത്യു സോമതീരം, സിഇഒ രാജ്കുമാര്‍ കെ, ജോയിന്‍റ് സെക്രട്ടറി ജോബിന്‍ അക്കരക്കളം തുടങ്ങിയവര്‍ പങ്കെടുത്തു.