
മുംബൈ: വമ്പന്‍ ഐപിഒകള്‍ നിക്ഷേപകര്‍ക്ക് നേട്ടം നല്‍കുന്നതില്‍ പരാജയപ്പെടുന്നുവെന്ന പരാതിക്ക് 2025ല്‍ ഇടമില്ല. ചെറുകിട ഐപിഒകളേക്കാള്‍ മികച്ച നേട്ടമാണ് വന്‍കിട ഐപിഒകള്‍ ഈ വര്‍ഷം നല്‍കിയത്.
5000 കോടി രൂപയ്‌ക്ക് മുകളിലുള്ള ഐപിഒകള്‍ ശരാശരി 22 ശതമാനം ലിസ്റ്റിംഗ് നേട്ടമാണ് ഈ വര്‍ഷം നല്‍കിയത്. അതേ സമയം ആയിരം കോടി രൂപയ്‌ക്ക് താഴെയുള്ള ചെറിയ ഐപിഒകള്‍ നല്‍കിയ ശരാശരി ലിസ്റ്റിംഗ് നേട്ടം 7.5 ശതമാനം മാത്രം. 11,600 കോടി രൂപ ഐപിഒ വഴി സമാഹരിച്ച എല്‍ജി ഇലക്‌ട്രോണിക്‌സ് 48 ശതമാനം നേട്ടമാണ് ലിസ്റ്റ് ചെയ്‌തപ്പോള്‍ നല്‍കിയത്.
5420 കോടി രൂപയുടെ ഐപിഒ നടത്തിയ മീഷോ നല്‍കിയ ലിസ്റ്റിംഗ് നേട്ടം 53 ശതമാനമാണ്. ഗ്രോ, എച്ച്‌ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നീ ഐപിഒകളും 10 ശതമാനത്തിന് മുകളില്‍ ലിസ്റ്റിംഗ് നേട്ടം നല്‍കി.
അതേ സമയം ലിസ്റ്റ് ചെയ്‌ത ദിവസത്തെ പ്രകടനത്തിന്റെ കാര്യത്തില്‍ ഏറ്റവും പുറകില്‍ നില്‍ക്കുന്ന 13 ഐപിഒകളും ആയിരം കോടി രൂപയ്‌ക്ക് താഴെയുള്ളതാണ്. 116.5 കോടി രൂപ സമാഹരിച്ച ജിങ്കുശാല്‍ ഇന്റസ്‌ട്രീസ് നല്‍കിയ ലിസ്റ്റിംഗ് നേട്ടം 0.5 ശതമാനം മാത്രം.
122 കോടി രൂപ സമാഹരിച്ച ഓം ഫ്രെയ്‌റ്റ് ഫോര്‍വേഡേഴ്‌സ് ലിസ്റ്റ് ചെയ്‌തപ്പോള്‍ 36 ശതമാനം ഇടിയുകയാണ് ചെയ്‌തത്. 5000 കോടി രൂപക്ക് മുകളിലുള്ള ഒരു ഐപിഒയും ലിസ്റ്റിംഗില്‍ നഷ്‌ടം രേഖപ്പെടുത്തിയിട്ടില്ല.
മീഷോ, ഗ്രോ എന്നീ ഓഹരികള്‍ ലിസ്റ്റ് ചെയ്‌തതിനു ശേഷം വളരെ മികച്ച നേട്ടമാണ് നല്‍കിയത്. ലിസ്റ്റ് ചെയ്‌ത വിലയില്‍ നിന്നും 50 ശതമാനത്തിലേറെ ഈ ഓഹരികളുടെ വില ഉയര്‍ന്നു.






