
ഹൈദരാബാദ്: ഹൈപ്പർസോണിക് മിസൈൽ പദ്ധതിയിൽ നിർണായകനേട്ടം കൈവരിച്ച് ഇന്ത്യയുടെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് ഓർഗനൈസേഷൻ (ഡിആർഡിഒ). ആക്റ്റീവ്‌ലി കൂൾഡ് സ്‌ക്രാംജെറ്റ് ഫുൾ സ്കെയിൽ കംബസ്റ്ററിന്റെ ലോങ് ഡ്യുറേഷൻ ഗ്രൗണ്ട് ടെസ്റ്റ് ഡിആർഡിഒ വിജയകരമായി പൂർത്തിയാക്കി.
ഡിആർഡിഒയുടെ ഹൈദരാബാദിൽ പ്രവർത്തിക്കുന്ന ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് ലബോറട്ടറിയുടെ (ഡിആർഡിഎൽ) സ്‌ക്രാംജെറ്റ് കണക്ട് പൈപ്പ് ടെസ്റ്റ് (SCPT) ഫെസിലിറ്റിയിലാണ് പരീക്ഷണം നടന്നതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
പരീക്ഷണത്തിൽ 12 മിനിറ്റിലേറെ സമയം കംബസ്റ്റർ മികച്ച പ്രകടനം കാഴ്ചവെച്ചു. 2025 ഏപ്രിലിൽ നടന്ന സബ് സ്കെയിൽ പരീക്ഷണത്തേക്കാൾ വലിയ മുന്നേറ്റമാണിത്. പ്രവർത്തനക്ഷമമായ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലുകൾ വികസിപ്പിക്കുന്നതിലേക്കുള്ള സുപ്രധാനമായ ഒരു ചുവടുവെപ്പായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ഫുൾ സ്കെയിൽ കംബസ്റ്ററും അതിനായുള്ള പ്രത്യേക ടെസ്റ്റ് ഫെസിലിറ്റിയും തദ്ദേശീയമായാണ് ഡിആർഡിഎൽ രൂപകൽപ്പന ചെയ്തത്. സ്വകാര്യ ഇന്ത്യൻ വ്യവസായ സ്ഥാപനങ്ങളുടെ സഹകരണവും ഇതിനുണ്ടായിരുന്നു. ഈ നേട്ടം സ്‌ക്രാംജെറ്റ് കംബസ്റ്റർ രൂപകല്പനയുടെ കരുത്തും പരീക്ഷണ കേന്ദ്രത്തിന്റെ കാര്യക്ഷമതയും തെളിയിക്കുന്നു. ഇതോടെ ഹൈപ്പർസോണിക്, എയ്‌റോസ്‌പേസ് സാങ്കേതികവിദ്യകളിൽ ലോകത്തിലെ മുൻനിര രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും ഇടംപിടിച്ചതായി മന്ത്രാലയം വ്യക്തമാക്കി.
ശബ്ദത്തേക്കാൾ അഞ്ചിരട്ടി വേഗതയിൽ (മാക് 5), അതായത് മണിക്കൂറിൽ 6,100 കിലോമീറ്ററിലധികം വേഗതയിൽ ദീർഘനേരം സഞ്ചരിക്കാൻ ശേഷിയുള്ളവയാണ് ഹൈപ്പർസോണിക് ക്രൂയിസ് മിസൈലുകൾ. ‘സൂപ്പർസോണിക് കംബസ്റ്റൺ’ ഉപയോഗിക്കുന്ന അത്യാധുനിക ‘എയർ ബ്രീത്തിംഗ് സ്‌ക്രാംജെറ്റ്’ എൻജിനുകളാണ് ഈ വേഗത സാധ്യമാക്കുക. ഇപ്പോൾ നടത്തിയ ഗ്രൗണ്ട് ടെസ്റ്റ് ഈ സാങ്കേതികവിദ്യയുടെ കരുത്ത് വെളിവാക്കുന്നതാണ്.
പരീക്ഷണത്തിന് പിന്നിൽ പ്രവർത്തിച്ച ഡിആർഡിഒ ശാസ്ത്രജ്ഞരേയും വ്യവസായ പങ്കാളികളേയും പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അഭിനന്ദിച്ചു. ഇന്ത്യയുടെ ഹൈപ്പർസോണിക് ക്രൂയിസ് മിസൈൽ വികസന പരിപാടിക്ക് ഇത് അടിത്തറപാകുമെന്ന് മന്ത്രി പറഞ്ഞു.
ഇന്ത്യയുടെ തന്ത്രപരമായ സാങ്കേതിക ശേഷി ശക്തിപ്പെടുത്തുന്നതിലെ പ്രധാന ചുവടുവെപ്പാണിതെന്ന് പരീക്ഷണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ അഭിനന്ദിച്ചുകൊണ്ട് പ്രതിരോധ ഗവേഷണ വികസന വകുപ്പ് സെക്രട്ടറിയും ഡിആർഡിഒ ചെയർമാനുമായ സമീർ വി. കാമത്ത് പറഞ്ഞു.






