
കൊച്ചി: സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന ഏഴാമത് മെഷിനറി എക്സ്പോ നാളെ ആരംഭിക്കും. കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിലാണ് ഈ മാസം 20 മുതൽ 23 വരെ നീളുന്ന എക്സ്പോ നടക്കുന്നത്. നാളെ രാവിലെ 10.30ന് വ്യവസായ മന്ത്രി പി രാജീവ് എക്സ്പോ ഉദ്ഘാടനം ചെയ്യും. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു അത്യാധുനിക സാങ്കേതികവിദ്യകൾ ഉൾപ്പെടുന്ന മെഷീനറികൾ പ്രദർശിപ്പിക്കുകയാണ് എക്സ്പോയിലൂടെ ലക്ഷ്യമിടുതെന്ന് എറണാകുളം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ നജീബ് പിഎ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
230 സ്റ്റാളുകളാണ് പ്രദർശനത്തിലുണ്ടാവുക. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള മെഷിനറി നിർമാതാക്കളും എക്സപോയിൽ പങ്കെടുക്കുന്നുണ്ട്. വിവിധ മേഖലകളിലായി മെഷീൻ ടൂളുകൾ, ഓട്ടോമേഷൻ സാങ്കേതികവിദ്യകൾ, സിഎൻസി മെഷീനുകൾ, എസ്പിഎമ്മുകൾ, നൂതന പ്രോസസ്സിംഗ്- പാക്കേജിംഗ് മെഷീനുകൾ എന്നിവയിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഈ പ്രദർശനം, തത്സമയ യന്ത്ര ഡെമോകളിലൂടെ സാങ്കേതിക വികസനങ്ങളുടെ നേരിട്ടുള്ള അനുഭവം ഒരുക്കും. വളർന്ന് വരുന്ന സംരംഭകർക്ക് വിലപ്പെട്ട സാങ്കേതിക-വാണിജ്യ ഉൾക്കാഴ്ചകളും വിശദാംശങ്ങളും നൽകുന്നതിന് ധാരാളം ഇടപെടലുകൾ സാധ്യമാക്കുന്നതിനൊപ്പം ബ്രാൻഡ് നിർമാണത്തിനും ഉപഭോക്തൃ അടിത്തറയും ബന്ധങ്ങളും വളർത്തുന്നതിനും എക്സ്പോ അവസരമൊരുക്കും. യന്ത്ര നിർമാതാക്കൾക്ക് തങ്ങളുടെ ഏറ്റവും പുതിയ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും ബിസിനസ് അവസരങ്ങൾ കണ്ടെത്തുന്നതിനും ഏറ്റവും മികച്ച വേദിയായിരിക്കും മെഷിനറി എക്സ്പോ 2025.
ഇന്ത്യാ ഗവൺമെന്റിന്റെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മന്ത്രാലയത്തിന്റെ ‘സംഭരണ, വിപണന പിന്തുണ’ (പിഎംഎസ്) പദ്ധതിയുടെ പിന്തുണയോടു കൂടിയാണ് എക്സ്പോ സംഘടിപ്പിക്കുന്നത്. ശനിയാഴ്ച മുതൽ പൊതുജനങ്ങൾക്ക് എക്സപോയിലേക്ക് പ്രവേശനമുണ്ട്. രാവിലെ 10 മുതൽ വൈകുന്നേരം 6 മണി വരെയാണ് എക്പോയിലേക്ക് പ്രവേശനം. പ്രവേശനം സൗജന്യമാണ്. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മനോജ് മൂത്തേടൻ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് ഐഎഎസ്, വ്യവസായ- വാണിജ്യ ഡയറക്ടർ വിഷ്ണുരാജ് പി ഐഎഎസ്, എറണാകുളം ജില്ലാ കലക്ടർ പ്രിയങ്ക ജി ഐഎഎസ്, എംഎസ്എംഇ മന്ത്രാലയം ഡെവലപ്മെന്റ് കമ്മീഷണർ ഡോ.രജനീഷ് ഐഎഎസ്, എറണാകുളം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പിഎ നജീബ് എന്നിവർ പങ്കെടുക്കും.