
തിരുവനന്തപുരം: കണ്ണൂര്‍ കിന്‍ഫ്ര പാര്‍ക്കില്‍ ഇ സ്‌കൂട്ടര്‍ നിര്‍മാണ യൂണിറ്റ് ആരംഭിക്കുന്നതിനുള്ള അന്തിമ കരാറില്‍ പൊതുമേഖലാ സ്ഥാപനമായ കേരളാ ഓട്ടോമൊബൈല്‍സും (കെഎഎല്‍) മുബൈ കേന്ദ്രമായ ലോര്‍ഡ്‌സ് മാര്‍ക് ഇന്‍ഡസ്ട്രസ് ലിമിറ്റഡും ഒപ്പുവെച്ചു.
കണ്ണൂര്‍ കിന്‍ഫ്ര പാര്‍ക്ക് കേരള സര്‍ക്കാര്‍ നല്‍കുന്ന രണ്ടേക്കര്‍ സ്ഥലത്ത് സ്ഥാപിക്കുന്ന പ്ലാന്റിന്റെ നിര്‍മ്മാണം 6 മുതല്‍ 8 മാസത്തിനകം ആരംഭിക്കുമെന്ന് ചടങ്ങില്‍ വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു.
ആധുനിക ഇലക്ട്രിക് സ്‌കൂട്ടറുകളും ബൈക്കുകളും മുച്ചക്ര യാത്രാ- കാരിയര്‍ വാഹനങ്ങളുമാണ് ലോര്‍ഡ്‌സ് മാര്‍ക്കിന്റെ സഹായത്തോടെ ഇവിടെ നിര്‍മിക്കുക. ഇരു സ്ഥാപനങ്ങളും ചേര്‍ന്നുള്ള ഈ സംയുക്ത സംരംഭം ഇന്ത്യയിലേയും വിദേശ നാടുകളിലേയും ഇലക്ട്രിക് വാഹന വിപണിയില്‍ വന്‍ മാറ്റം സൃഷ്ടിക്കുമെന്ന് മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.
ഇലക്ട്രിക് വാഹന രംഗത്തെ കമ്പനിയുടെ വൈദഗ്ധ്യവും വാഹന നിര്‍മ്മാണ രംഗത്തെ കെഎഎല്ലിന്റെ പ്രാഗത്ഭ്യവും ചേര്‍ന്ന് ഏറ്റവും പുതിയ സാങ്കേതിക വിദ്യയില്‍ നിര്‍മ്മിക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ നഗരഗതാഗതത്തിന് പുതുരൂപം നല്‍കുകയും കാര്‍ബണ്‍ ഉപയോഗം കുറയ്ക്കുകയും ചെയ്യുമെന്ന് ലോര്‍ഡ്‌സ് മാര്‍ക് ഇന്‍ഡസ്ട്രീസ് സ്ഥാപകനും എംഡിയുമായ സച്ചിദാനന്ദ് ഉപാധ്യായ് പറഞ്ഞു.
ഇലക്ട്രിക് വാഹന വിപണിയില്‍ സമീപ കാലത്ത് വന്‍ കുതിപ്പാണുണ്ടായിട്ടുള്ളത്. 2018 മുതല്‍ 2023 വരെ ഇരുചക്ര ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പനയില്‍ 40 ഇരട്ടി വര്‍ധനയുണ്ടായി.
ഈ അനുകൂല സാഹചര്യം ഗുണപരമായി പ്രയോജനപ്പെടുത്താനാണ് ലോര്‍ഡ്‌സ് മാര്‍ക്ക് ഇന്‍ഡസ്ട്രീസ് ,കെഎഎല്‍ സംയുക്ത സംരംഭം ശ്രമിക്കുന്നത്.
കെഎഎല്‍ മാനേജിംഗ് ഡയറക്ടര്‍ ശശീന്ദ്രന്‍, കെഎഎല്‍ ലോര്‍ഡ്‌സ് മാര്‍ക് ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡ് കൊമേഴ്‌സ്യല്‍ ഡയറക്ടര്‍ ഡോ.സുനില്‍ വാമന്‍ കൊര്‍ഗാവൊങ്കര്‍, ടെക്‌നിക്കല്‍ ഡയറക്ടര്‍ വിദിത് തിവാരി എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.