
ന്യൂഡല്‍ഹി: 5 സാമ്പത്തിക വര്‍ഷങ്ങളിലായി കേന്ദ്രസര്‍ക്കാര്‍ എഴുതിതള്ളിയത് 10,09,511 കോടി രൂപയുടെ വായ്പ. ധനമന്ത്രി നിര്‍മ്മല സീതാരാമന് ലോക്സഭയെ അറിയിച്ചതാണിക്കാര്യം. വായ്പ കുടിശ്ശിക തിരിച്ചുപിടിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും എഴുതിതള്ളിയ വായ്പകള്‍ ഉള്‍പ്പടെയുള്ള നിഷ്ക്രിയ ആസ്തികള്‍ വീണ്ടെടുക്കുന്നത് ഒരു തുടര്‍ പ്രക്രിയയാണെന്നും ധനമന്ത്രി പറഞ്ഞു.
കഴിഞ്ഞ 5 സാമ്പത്തികവര്‍ഷങ്ങളില്‍ 1,03,045 കോടി രൂപ പിരിച്ചെടുത്തു. ഇതില്‍ 4,80,111 കോടി രൂപ എഴുതിതള്ളിയവയാണ്. എഴുതി തള്ളിയ വായ്പകളില്‍ തിരിച്ചടവ് ബാധകമാണെന്നും അത്തരം ആസ്തികളുടെ തിരിച്ചുപിടിത്തം തുടരുകയാണെന്നും ധനമന്ത്രി അറിയിക്കുന്നു.
സിവില്‍ കോടതികളിലോ ഡെബ്റ്റ് റിക്കവറി ട്രിബ്യൂണലുകളിലോ കേസ് ഫയല്‍ ചെയ്യുക, ആസ്തികളുടെ സെക്യൂരിറ്റൈസേഷനും പുനര്‍നിര്‍മ്മാണവും, 2002 സക്യൂരിറ്റി ഇന്ററസ്റ്റ് ആക്ട് എന്‍ഫോഴ്സ്മെന്റ് പ്രകാരമുള്ള നടപടി, ഇന്‍സോള്‍വന്‍സി ആന്‍ഡ് പാപ്പരത്ത കോഡ് പ്രകാരം നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലില്‍ കേസുകള്‍ ഫയല്‍ ചെയ്യല്‍ എന്നിവയാണ് ഇത്തരം ലോണുകള്‍ തിരിച്ചുപിടിക്കുന്നതിനുള്ള നടപടികള്‍.അതിനാല്‍, എഴുതിത്തള്ളല്‍ വായ്പയെടുക്കുന്നവര്‍ക്ക് ഗുണം ചെയ്യില്ല. പ്രൊവിഷനിംഗ് നടത്തിയവ ഉള്‍പ്പടെയുള്ള എന്‍പിഎ (നിഷ്ക്രിയ ആസ്തി)കള്‍ ബാങ്കുകളുടെ ബാലന്‍സ് ഷീറ്റില്‍ നിന്ന് നീക്കം ചെയ്യപ്പെടും.
തങ്ങളുടെ ബാലന്‍സ് ഷീറ്റ് ശരിയാക്കുന്നതിനും നികുതി ആനുകൂല്യം നേടുന്നതിനും മൂലധനം ഒപ്റ്റിമൈസ് ചെയ്യുന്നതിനുമായിഎഴുതിത്തള്ളലിന്റെ ആഘാതം ബാങ്കുകള്‍ വിലയിരുത്തുകയും പരിഗണിക്കുകയും ചെയ്യും.വായ്പാ കുടിശ്ശിക വീണ്ടെടുക്കുന്ന പ്രക്രിയ വളരെ സങ്കീര്‍ണ്ണവും നിയമനടപടികള്‍ ദൈര്‍ഘ്യമേറിയതുമാണ്. പിടിച്ചെടുത്ത സ്വത്തുക്കള്‍ക്ക് ഒന്നിലധികം അവകാശികളുണ്ടെന്നും ഒരു ചോദ്യത്തിന് മറുപടിയായി നിര്‍മ്മല സീതാരാമന് പറഞ്ഞു.
നിക്ഷേപകര്‍ കടുത്ത ബുദ്ധിമുട്ടുകള്‍ നേരിടുന്നതിനെക്കുറിച്ച് തനിക്ക് അറിയാം. നടപടിക്രമങ്ങള്‍ എങ്ങനെ ലളിതമാക്കാമെന്ന ആലോചനയിലാണ് സര്‍ക്കാര്‍. സ്വത്തുക്കള്‍ ലേലത്തിന് വെച്ച ശേഷം കുടിശ്ശിക വരുത്തിയവരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്ന് ധനകാര്യ സഹമന്ത്രി ഭഗവത് കിഷന്റാവു കരാഡ് അറിയിക്കുന്നു.