ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

വജ്രത്തെക്കാൾ തിളക്കമുള്ള ജീവിതം

ഗോവിന്ദ് ധൊലാകിയയുടെ ബിസിനസ് ജീവിതം നൽകുന്ന പാഠങ്ങൾ

പേര് ഗോവിന്ദ് ധൊലാകിയ. വയസ് 75. അടുപ്പമുള്ളവർ ‘കാക’ എന്ന് വിളിക്കും. നാട്ടിൽ ‘മാമൻ’ എന്ന് വിളിക്കും പോലെ. ഏഴാം ക്ലാസ് വരെയെ പഠിച്ചിട്ടുള്ളൂ. വലിയൊരു മാർവാഡി ബിസിനസുകാരനാണ്. 15000 കോടി വിറ്റുവരവുള്ള വജ്രവ്യാപാരി.
1500 ൽ അധികം അംഗങ്ങളുള്ള കുടുംബ ബിസിനസിൻ്റെ തലവനാണ്.
ഇംഗ്ലീഷ് തനിക്ക് വഴങ്ങില്ലെന്ന് പറയുന്ന ധൊലാകിയ ഐഐഎംൽ വരെ ക്ലാസെടുക്കാൻ പോകാറുള്ള ബിസിനസ് പ്രതിഭയാണ്.
സമ്പത്ത് കുന്നുകൂടുന്നതിനെക്കാൾ പങ്കുവയ്ക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നയാൾ. അത്യന്തം വിനയാന്വിതൻ. സംസാരത്തിൽ രസികൻ. കൊച്ചിയിൽ കെഎംഎ വാർഷിക സമ്മേളനത്തോട് അനുബന്ധിച്ചുള്ള ഒരു ചടങ്ങിൽ തൻ്റെ ആത്മകഥ – ‘Diamonds are foreever, so are morals’ അവതരിപ്പിച്ചു കൊണ്ട് അദ്ദേഹം സംസാരിച്ചു. വിലമതിക്കാനാവാത്ത കുറെ ബിസിനസ് പാoങ്ങൾ. ഡയമണ്ടിനെക്കാൾ വിലപിടിപ്പുള്ള ജീവിതാദർശങ്ങൾ. ധൊലാകിയ ഒന്നുമില്ലായ്മയിൽ നിന്ന് ഒരു വൻ സാമ്രാജ്യം പണിതുയർത്തി. അദ്ദേഹത്തിന് തുണ മാനേജ്മെൻറ് തിയറികൾ അല്ലായിരുന്നു. ജീവിതാനുഭവങ്ങളിൽ സ്ഫുടം ചെയ്തെടുത്ത ബിസിനസ് ഫിലോസഫി ധൊലാകിയ മുറുകെ പിടിച്ചു.
പഠനം നിറുത്തിയപ്പോൾ തുടങ്ങിയതാണ് ഡയമണ്ട് കട്ടിങ്ങ്; നന്നെചെറിയ ശമ്പളത്തിൽ. തുടങ്ങിയത് 103 രൂപയിൽ. അവസാനിപ്പിച്ചത് 600 രൂപയിൽ. വളരെ പെട്ടെന്ന് തൊഴിലിൽ അദ്ദേഹം മികവ് നേടി. വേസ്റ്റ് ഏറ്റവും കുറച്ച് ഡയമണ്ട് കട്ട് ചെയ്യുന്ന മിടുക്കനായി.
മാർവാഡികളുടെ മനസിൽ ലക്ഷ്യം എന്നും ബിസിനസായിരിക്കും. തൊഴിലാളിയായി എക്കാലവും തുടരാൻ അവർ തയ്യാറാവില്ല. രണ്ട് സുഹൃത്തുക്കളെയും കൂട്ടി കച്ചവടത്തിലേക്ക്. മൂലധനം 5000 രൂപ. ആദ്യം ബിസിനസ് ചെയ്ത് പഠിച്ചു. പിന്നെ ധൊലാകിയ വേഗതയിൽ നടന്നു തുടങ്ങി. വിജയം കൂടെ നടന്നു. കമ്പനി വളർന്നുകൊണ്ടേയിരുന്നു. ആ വളർച്ച 15,000 കോടിയുടെ വാർഷിക വിറ്റുവരവിൽ എത്തി നിൽക്കുന്നു. ഇതിൽ 14,000 കോടി ഡയമണ്ടിൽ നിന്നാണ്. 1000 കോടി ജുവലറിയിൽ നിന്നും. റീട്ടെയിലിങ്ങിലേക്ക് കടന്നിട്ടില്ല. ബി ടു ബി യിൽ മാത്രം. ടാറ്റയുടെ തനിഷ്ക് അടക്കം പ്രമുഖ ജ്വല്ലറി ശ്രിംഖലകൾക്കെല്ലാം ധൊലാകിയയുടെ ശ്രീരാമകൃഷ്ണ എക്സ്പോർട്സ് വജ്രവും, സ്വർണവും ഹോൾസെയിലായി നൽകുന്നു. 40 രാജ്യങ്ങളിലെ ഖനികളിൽ നിന്നും ഡയമണ്ട് നേരിട്ട് വാങ്ങുന്നു. 6000 ജീവനക്കാർ എസ്ആർകെയുടെ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നു. ഡയമണ്ട് ബിസിനസിൽ 13,000 കോടിയും ഓൺലൈനായാണ് നടക്കുന്നത്. ഡയമണ്ട് ക്രാഫ്റ്റിങ്ങിൽ മികവിൻ്റെ മുദ്രയാണ് എസ്ആർകെ. ഈ വ്യവസായത്തിൽ ഏറ്റവുമധികം ഐഎസ്ഒ സർട്ടിഫിക്കേഷനുകൾ സ്വന്തമാക്കിയിട്ടുള്ളതും കമ്പനിയാണ്.


ഇന്ത്യയിലെ ലിസ്റ്റ് ചെയ്യാത്ത മികച്ച 100 കമ്പനികളുടെ പട്ടികയിൽ എസ്ആർകെ ഉണ്ട്.
ജെം ആൻഡ് ജ്വലറി വിഭാഗത്തിൽ ഇന്ത്യയിലെ മൂന്ന് മുൻനിര കമ്പനികളിൽ ഇവർ ഉൾപ്പെടുന്നു.
അറ്റാദായത്തിൻ്റെ 8 ശതമാനം വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ്. ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലാണ് കുടുതൽ. 35 ലക്ഷം ആളുകൾക്ക് ആരോഗ്യ പരിരക്ഷ ഒരുക്കി. 2500 യുവാക്കൾക്ക് നൈപുണ്യ പരിശീലനം നൽകി. 150 ഓളം ഡോക്ടർമാരെ പിന്നോക്ക മേഖലകളിൽ വിന്യസിച്ചു. ഭ്രൂണഹത്യക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചു.
ഐടി, സോളാർ എന്നിവയിലും നിക്ഷേപമുണ്ട്. സ്വന്തം ഗ്രാമം പൂർണ സോളാർ അധിഷ്ഠിത ഗ്രാമമാക്കി.
ജെം, ജൂവലറി ബിസിനസിൽ കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ നികുതി ദായകരാണ് കമ്പനി.
1970 ൽ ബിസിനസ് തുടങ്ങുമ്പോൾ 6000 കമ്പനികൾ തനിക്ക് മുന്നിലുണ്ടായിരുന്നെന്ന് ധൊലാകിയ ഓർക്കുന്നു. ഇന്ന് ആദ്യ മൂന്നിലെത്തി.
മുറുകെ പിടിച്ച മൂല്യബോധമാണ് അദ്ദേഹത്തിൻ്റെ മുതൽക്കൂട്ട്. കൊടുക്കുന്നതിന് അനുസരിച്ച് സമ്പത്ത് വർധിക്കുന്നതാണ് അനുഭവം.
വടം വൃക്ഷം പോലെ വളർന്ന കുടുംബത്തെ അദ്ദേഹം ചേർത്ത് നിറുത്തുന്നു. നാല് തലമുറ ഇന്ന് ബിസിനസിൻ്റെ ഭാഗമാണ്.
വജ്രം പോലെ വെട്ടിത്തിളങ്ങുന്നു, ധൊലാകിയയുടെ ബിസിനസ് ജീവിതം. ആ ജീവിതം തന്നെ ഒരു തുറന്ന് വച്ച പുസ്തകം. ആത്മകഥ അതിൻ്റെ പ്രതിഫലനം.

X
Top