
മുംബൈ: ഭവന വായ്പയ്ക്ക് ആവശ്യക്കാര് കുറഞ്ഞതോടെ ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും പലിശ കുറയ്ക്കുന്നു. സാമ്പത്തിക വര്ഷത്തിന്റെ അവസാനമായതോടെ ഉപഭോക്താക്കളെ ആകര്ഷിക്കാനാണ് പ്രത്യേക നിരക്കില് വായ്പ വാഗ്ദാനം ചെയ്യുന്നത്.
ഉയര്ന്ന ക്രെഡിറ്റ് സ്കോര് (750ന് മുകളില്) ഉള്ളവര്ക്ക് 8.5ശതമാനം നിരക്കിലാണ് എസ്.ബി.ഐ ഭവന വായ്പ നല്കുന്നത്. ഹൗസിങ് ഡെവലപ്മെന്റ് ഫിനാന്സ് കോര്പറേഷന് (എച്ച്ഡിഎഫ്സി) ആകട്ടെ 8.7ശതമാനമാണ് പലിശ ഈടാക്കുന്നത്.
ബാങ്ക് ഓഫ് ബറോഡ ഭവന വായ്പാ പലിശ നിരക്കില് 40 ബേസിസ് പോയന്റിന്റെ കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. 8.5ശതമാനം നിരക്കില് വായ്പ ലഭിക്കും. പ്രൊസസിങ് ഫീസ് ഒഴിവാക്കിയിട്ടുമുണ്ട്.
പലിശ ഉയരുകയും മത്സരം വര്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില് കൂടുതല് പേരെ ആകര്ഷിക്കാന് നിരക്ക് കുറയ്ക്കല് സഹായകരമാകുമെന്നാണ് ധനകാര്യ സ്ഥാപനങ്ങളുടെ കണക്കുകൂട്ടൽ.
2022 മെയ് മാസത്തിനു ശേഷം ഘട്ടംഘട്ടമായി ആര്ബിഐ റിപ്പോ നിരക്ക് 2.50 ശതമാനമാണ് കൂട്ടിയത്. 6.50ശതമാനമായിരുന്ന ഭവന വായ്പാ പലിശ ഇതോടെ ഒമ്പത് ശതമാനത്തിലേറെയായി. വായ്പാ പലിശ കൂടുന്ന സാഹചര്യത്തില്, നികുതിയിളവു കൂടി പരിഗണിച്ച് ലോണെടുക്കുന്നവരുടെ എണ്ണത്തില് കാര്യമായ കുറവുണ്ടായിട്ടുണ്ട്.
ഭവന വായ്പാ ഡിമാന്ഡിലെ കുറവ് റിയല് എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യത്തിനും കാരണമായേക്കാമെന്നും വിലയിരുത്തലുണ്ട്. മാര്ച്ചിനുശേഷം മാത്രമെ ഇക്കാര്യത്തില് വ്യക്തത വരികയുള്ളൂ.
നിലവില് ഡിമാന്ഡ് നിലനില്ക്കുന്നുണ്ടെങ്കിലും വര്ധനവുണ്ടാകുന്നില്ലെന്ന് അനറോക് ഗ്രൂപ്പ് ചെയര്മാന് അനുജ് പുരി പറയുന്നു.
വായ്പാ നിരക്ക്, ബില്ഡല്മാരുടെ ഓഫറുകള് എന്നിവ ആശ്രയിച്ചായിരിക്കും ഡിമാന്ഡ് കൂടുകയെന്നും അദ്ദേഹം പറയുന്നു.






