
- ‘ലക്ഷ്യ’യുടെ മാതൃകമ്പനിക്ക് സെബി അനുമതി
കൊച്ചി: കേരളത്തിലെ പ്രമുഖ കൊമേഴ്സ് കോച്ചിംഗ് സ്ഥാപനമായ ‘ലക്ഷ്യ’യുടെ (Lakshya) മാതൃകമ്പനി ലേണ്‍ഫ്‌ളുവന്‍സ് എഡ്യൂക്കേഷന്‍ ലിമിറ്റഡ് (Learnfluence Education Ltd) ഓഹരി വിപണിയിലേക്ക്. കമ്പനി സമര്‍പ്പിച്ച പ്രാഥമിക ഓഹരി വില്‍പ്പന (IPO) രേഖകള്‍ക്ക് സെബി അനുമതി നല്‍കി.
246 കോടി രൂപയുടെ പുതിയ ഓഹരികളും (Fresh Issue), നിലവിലെ ഓഹരിയുടമകളുടെ 40 ലക്ഷം ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലും (OFS) ഉള്‍പ്പെടുന്നതാണ് ഐപിഒ. പ്രൊമോട്ടര്‍ ഓര്‍വല്‍ ലയണല്‍ 40 ലക്ഷം ഓഹരികള്‍ ഒ.എഫ്.എസ് വഴി വില്‍ക്കും. ഓര്‍വെല്ലിന് കമ്പനിയില്‍ 94.12 ശതമാനം ഓഹരികളുണ്ട്.
ഐ.പി.ഒയ്ക്ക് മുന്നോടിയായി 40 കോടി രൂപ വരെയുള്ള ഓഹരികള്‍ പ്രീ-ഐപിഒ പ്ലേസ്മെന്റിലൂടെ വില്‍ക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. ഇത് നടപ്പിലായാല്‍ ഫ്രഷ് ഇഷ്യൂ തുകയില്‍ കുറവ് വരുത്തും.
2025 സെപ്റ്റംബറിലാണ് കമ്പനി സെബിയ്ക്ക് ഐ.പി.ഒയ്ക്ക് അപേക്ഷ സമര്‍പ്പിച്ചത്.
2026 മാര്‍ച്ച് 11നാണ് സെബി അനുമതി നല്‍കിയിരിക്കുന്നത്. സാഫ്രണ്‍ ക്യാപിറ്റല്‍ അഡൈ്വസേഴ്സ് ആണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍. ഓഹരികള്‍ എന്‍എസ്ഇ (NSE), ബിഎസ്ഇ (BSE) പ്ലാറ്റ്ഫോമുകളില്‍ ലിസ്റ്റ് ചെയ്യും. കമ്പനി ഐപിഒയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചാൽ, തീയതിയും വിലയും അടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും.
വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്ക്
ഐപിഒ വഴി സമാഹരിക്കുന്ന തുക പ്രധാനമായും കമ്പനിയുടെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും. പുതിയ ഫിസിക്കല്‍ ക്യാമ്പസുകള്‍ സ്ഥാപിക്കുക, മാര്‍ക്കറ്റിംഗ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുക, നിലവിലുള്ള കടബാധ്യതകള്‍ തീര്‍ക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍. ദക്ഷിണേന്ത്യയില്‍ ശക്തമായ സാന്നിധ്യമുള്ള കമ്പനി, വരും വര്‍ഷങ്ങളില്‍ കൂടുതല്‍ നഗരങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പദ്ധതിയിടുന്നു.
മികച്ച സാമ്പത്തിക പ്രകടനം
കഴിഞ്ഞ സാമ്പത്തിക വര്‍ഷങ്ങളില്‍ മികച്ച വളര്‍ച്ചയാണ് ലേണ്‍ഫ്‌ളുവന്‍സ് കാഴ്ചവെച്ചിട്ടുള്ളത്. 2025 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ മൊത്തം വരുമാനം 129.42 കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷം ഇത് 72.21 കോടി രൂപയായിരുന്നു. 2022 നും 2024 നും ഇടയില്‍ പ്രവര്‍ത്തന വരുമാനത്തില്‍ 127.44 ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ചാ നിരക്കാണ് (CAGR) കമ്പനി കൈവരിച്ചത്.
2025 സാമ്പത്തിക വര്‍ഷത്തില്‍ 19.27 കോടി രൂപയുടെ ലാഭവും കമ്പനി നേടിയിട്ടുണ്ട്. 2025 മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് കമ്പനിയുടെ മൊത്തം കടം 22.84 കോടി രൂപയാണ്. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 12.53 കോടി രൂപയായിരുന്നു. കമ്പനിയുടെ മൊത്തം ആസ്തി ഇക്കാലയളവില്‍ 167.91 കോടി രൂപയാണ്. 2024 മാര്‍ച്ചില്‍ ഇത് 95.25 കോടി രൂപയായിരുന്നു.
ലക്ഷ്യയുടെ വളര്‍ച്ച
കൊമേഴ്സ്, ഫിനാന്‍സ് മേഖലകളില്‍ പ്രൊഫഷണല്‍ കോച്ചിംഗ് നല്‍കുന്ന ഇന്ത്യയിലെ മുന്‍നിര സ്ഥാപനങ്ങളില്‍ ഒന്നാണ് ലക്ഷ്യ. സിഎ (CA), എസിസിഎ (ACCA), സിഎംഎ (CMA) തുടങ്ങിയ കോഴ്‌സുകളില്‍ മികച്ച പരിശീലനം നല്‍കുന്ന ലക്ഷ്യയ്ക്ക് നിലവില്‍ കൊച്ചി, കാലിക്കറ്റ്, തിരുവനന്തപുരം, തൃശൂര്‍, കണ്ണൂര്‍, കോട്ടയം, ബംഗളൂരു, കോയമ്പത്തൂര്‍ തുടങ്ങി എട്ട് നഗരങ്ങളിലായി 15-ഓളം ക്യാമ്പസുകളുണ്ട്. ഇതിനുപുറമെ ‘Lakshya IIC’ എന്ന ലേണിംഗ് ആപ്പ് വഴി ഓണ്‍ലൈന്‍ വിദ്യാഭ്യാസ രംഗത്തും കമ്പനി സജീവമാണ്.
2011-ലാണ് ഓര്‍വെല്‍ ലയണല്‍ (Orwell Lionel), അധീഷ് ദാമോദരന്‍ (Adheesh Damodaran) എന്നിവര്‍ ചേര്‍ന്ന് കൊച്ചിയില്‍ ലക്ഷ്യയ്ക്ക് തുടക്കം കുറിച്ചത്. കൊമേഴ്സ് വിദ്യാഭ്യാസം പലപ്പോഴും അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പരിഗണിക്കപ്പെടുന്നില്ല എന്ന തിരിച്ചറിവാണ് ഇത്തരമൊരു സംരംഭത്തിന് പിന്നിലെ പ്രധാന പ്രചോദനം.
സി.എ (CA), എ.സി.സി.എ (ACCA) തുടങ്ങിയ ഉന്നത പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ നേരിട്ടിരുന്ന സൗകര്യങ്ങളുടെ കുറവും കൃത്യമായ വഴികാട്ടിയുടെ അഭാവവും പരിഹരിക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം.
കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ ഒരു ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളുടെ കരിയര്‍ രൂപപ്പെടുത്താന്‍ ലക്ഷ്യയ്ക്ക് സാധിച്ചിട്ടുണ്ട്. 300-ലധികം ദേശീയ-അന്തര്‍ദേശീയ റാങ്കുകള്‍ ലക്ഷ്യയിലെ വിദ്യാര്‍ത്ഥികള്‍ കരസ്ഥമാക്കിയിട്ടുണ്ട്. കൊമേഴ്സ് മേഖലയില്‍ ഒരു പ്രൊഫഷണല്‍ സമീപനം കൊണ്ടുവന്നതാണ് ലക്ഷ്യയെ ഇന്ത്യയിലെ മുന്‍ നിര കൊമേഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ടായി മാറ്റിയത്.






