
. കിലോയ്ക്ക് 100 രൂപ നിരക്കിൽ ആദ്യ ഘട്ടത്തിൽ 392 കിലോഗ്രാം വരെ ന്യൂട്രിമിക്സ് വാങ്ങാമെന്ന് ലക്ഷദ്വീപ് അറിയിച്ചിട്ടുണ്ട്
തിരുവനന്തപുരം: ആറ് മാസം മുതൽ മൂന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് അങ്കണവാടികൾ വഴി വിതരണം ചെയ്യുന്ന കുടുംബശ്രീയുടെ അമൃതം ന്യൂട്രിമിക്സ് പൂരക പോഷകാഹാരം ലക്ഷദ്വീപിലേക്കും വിതരണം ചെയ്യുന്നു. ലക്ഷദ്വീപിലെ തിരഞ്ഞെടുത്ത ദ്വീപുകളിൽ ഗുരുതരമായ പോഷകാഹാരക്കുറവ് നേരിടുന്ന സ്ത്രീകൾക്കും ഭാരക്കുറവുള്ള കുട്ടികൾക്കും വേണ്ടിയാണ് സമ്പുഷ്ടീകരിച്ച ന്യൂട്രിമിക്സ് വാങ്ങുന്നത്. കിലോയ്ക്ക് 100 രൂപ നിരക്കിൽ ആദ്യ ഘട്ടത്തിൽ 392 കിലോഗ്രാം വരെ ന്യൂട്രിമിക്സ് വാങ്ങാമെന്ന് അറിയിച്ച് ലക്ഷദ്വീപ് വനിതാ ശിശുവികസന വകുപ്പ് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്. ഭാവിയിൽ കൂടുതൽ അളവിൽ ഉത്പന്നം ആവശ്യമായി വരുമെന്നാണ് വിലയിരുത്തൽ.
സംയോജിത ശിശു വികസന സേവന (ഐസിഡിഎസ്) പദ്ധതി പ്രകാരം വികസിപ്പിച്ചതും ആറ് മാസം മുതൽ മൂന്നു വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് അങ്കണവാടികൾ വഴി വിതരണം ചെയ്യുന്നതുമായ പൂരക പോഷകാഹാരമാണ് അമൃതം ന്യൂട്രിമിക്സ്. ധാന്യങ്ങൾ, പയർ വർഗങ്ങൾ ഉൾപ്പെടെയുള്ള ഘടകങ്ങൾ ചേർത്ത് ശാസ്ത്രീയമായി തയ്യാറാക്കുന്ന ഈ ഉത്പന്നം ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് നിർമിക്കുന്നത്. ഉത്പാദനത്തിന് മുൻപും ശേഷവും ലബോറട്ടറി പരിശോധനകളും നടത്തുന്നു.
കേന്ദ്ര സർക്കാർ പദ്ധതിയായ ‘ടേക്ക് ഹോം റേഷൻ സ്ട്രാറ്റജി (ടിഎച്ച്ആർഎസ്)’ പ്രകാരം കേരള സർക്കാരിന് കീഴിൽ വനിതാ ശിശുവികസന വകുപ്പ്, ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ച് കുടുംബശ്രീ നടപ്പാക്കുന്ന പദ്ധതിയാണിത്. ന്യൂട്രിമിക്സ് കടൽ മാർഗം ലക്ഷദ്വീപിൽ എത്തിച്ച് സർക്കാർ ഗോഡൗണുകളിലാണ് സംഭരിക്കുക. വനിതാ ശിശുവികസന വകുപ്പിന്റെ മേൽനോട്ടത്തിലും ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെയുമാണ് വിതരണം നടത്തുക. നിലവിൽ സംസ്ഥാനത്താകെ 241 കുടുംബശ്രീ യൂണിറ്റുകൾ വഴി പ്രതിവർഷം ഇരുപതിനായിരത്തിലേറെ ടൺ ഭക്ഷ്യ മിശ്രിതം ഉത്പാദിപ്പിക്കുന്നുണ്ട്. ഇതുവഴി ഏകദേശം 150 കോടി രൂപയുടെ വിറ്റുവരവ് യൂണിറ്റ് അംഗങ്ങളായ സ്ത്രീകൾ നേടുന്നു. കേരളത്തിന് പുറത്തുള്ള കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും കുടുംബശ്രീയുടെ അമൃതം ന്യൂട്രിമിക്സ് വിതരണം ചെയ്യുന്നതാണ് ഈ നീക്കം.






