
കാസര്‍ഗോഡ്: യുവാക്കളുടെ നവീകരണ, സംരംഭകത്വ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരമൊരുക്കി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെ എസ് യു എം) സംഘടിപ്പിച്ച ഐഇഡിസി ഉച്ചകോടി 2025 സംസ്ഥാനത്തിന്റെ കുതിച്ചുയരുന്ന നവീകരണ ആവാസവ്യവസ്ഥയുടെ പ്രദര്‍ശന വേദിയായി മാറി. എല്‍ബിഎസ്. കോളേജ് ഓഫ് എഞ്ചിനീയറിംഗുമായി സഹകരിച്ച് സംഘടിപ്പിച്ച പത്താമത് ഐ.ഇ.ഡി.സി (ഇന്നൊവേഷന്‍ ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് സെന്റര്‍) ഉച്ചകോടിയില്‍ സംസ്ഥാനത്തുടനീളമുള്ള വിദ്യാര്‍ത്ഥി ഇന്നൊവേറ്റര്‍മാര്‍ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളും ആശയങ്ങളും അവതരിപ്പിച്ചു. ഉച്ചകോടി സിഎച്ച് കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്തു. നൂതന ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനൊപ്പം സംരംഭങ്ങള്‍ സമൂഹത്തിന്റെ പ്രയോജനത്തിനായി സംഭാവന ചെയ്യാനും യുവാക്കള്‍ തയ്യാറാകണമെന്ന് കുഞ്ഞമ്പു പറഞ്ഞു. കേരളത്തെ വിജ്ഞാന സമ്പദ്വ്യവസ്ഥയാക്കി മാറ്റുന്നതില്‍ സംരംഭകര്‍ക്കും നവീനാശയങ്ങള്‍ക്കും വലിയ പങ്കുണ്ട്. പരമ്പരാഗത സമ്പദ്വ്യവസ്ഥയ്ക്കപ്പുറം സാങ്കേതികവിദ്യയും ഉത്പാദനക്ഷമതയും സംയോജിപ്പിച്ച് ഉത്പാദനം വര്‍ധിപ്പിക്കാനാകുന്ന സമ്പദ്വ്യവസ്ഥ രൂപപ്പെടുത്തേണ്ടതുണ്ട്. അത്തരമൊരു കാഴ്ചപ്പാടാണ് ഈ ഉച്ചകോടിയെ അര്‍ത്ഥവത്താക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുവാക്കള്‍ സംരംഭകത്വത്തെ ഗൗരവമായി പരിഗണിക്കണമെന്നും യുവാക്കളുടെ നൂതന ആശയങ്ങള്‍ രാജ്യത്തിന്റെ ‘നാളെ’യെ യഥാര്‍ത്ഥത്തില്‍ നിര്‍വചിക്കുന്നുവെന്നും കെഎസ്യുഎം സിഇഒ അനൂപ് അംബിക അഭിപ്രായപ്പെട്ടു. സംരംഭകരെ സൃഷ്ടിക്കുന്നതിലും അവരുടെ പുതിയ കമ്പനികളെ വളര്‍ത്തിയെടുക്കുന്നതിലും ഐഇഡിസികളുടെ സ്വാധീനത്തെക്കുറിച്ചും സിഇഒ ഊന്നിപ്പറഞ്ഞു. 7000-ത്തോളം വിദ്യാര്‍ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു. സംസ്ഥാനത്തെ അക്കാദമിക സ്ഥാപനങ്ങളിലുടനീളം വിദ്യാര്‍ത്ഥി സംരംഭകത്വവും സാമൂഹിക നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനായി കെഎസ്യുഎമ്മും നാസ്‌കോമും തമ്മിലുള്ള സഹകരണത്തിനായി അനൂപ് അംബികയും ജ്യോതി ശര്‍മ്മയും ധാരണാപത്രം കൈമാറി. വിദ്യാര്‍ത്ഥികള്‍ക്ക് നവീകരണത്തിലെ പിന്തുണ, ഡിജിറ്റല്‍ പഠനം, മെന്ററിംഗ്, ഇന്‍കുബേഷന്‍ അവസരങ്ങള്‍ എന്നിവ നല്‍കുന്ന സിഎസ്ആര്‍ പ്രോഗ്രാമുകള്‍ നടപ്പിലാക്കുന്നതിനെ പിന്തുണയ്ക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
ഉദ്ഘാടന ചടങ്ങില്‍ ലാന്‍ഡിംഗ് ആന്‍ഡ് ട്രെയിനിംഗ് വെര്‍ട്ടിക്കല്‍ ആപ്പായ സ്റ്റാര്‍ട്ടപ്പ് മിഡില്‍ ഈസ്റ്റ് ‘ഫൗണ്ടേഴ്സ് ഹബ്ബിന്റെ’ ലോഗോ പുറത്തിറക്കി. സ്റ്റാര്‍ട്ടപ് സ്ഥാപകരെ ഓരോ ഘട്ടത്തിലും പിന്തുണയ്ക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന റിസോഴ്സ് -നോളജ് പ്ലാറ്റ്ഫോമാണ് ‘ഫൗണ്ടേഴ്സ് ഹബ്ബ്’. ഇതിലൂടെ പ്രായോഗിക ഉള്‍ക്കാഴ്ചകള്‍, ആഗോള കാഴ്ചപ്പാടുകള്‍, വിദഗ്ദ്ധരുടെ നേതൃത്വത്തിലുള്ള പഠനത്തിന്റെ വശങ്ങള്‍ എന്നിവ ഉപയോഗിച്ച് സംരംഭകരെ സജ്ജമാക്കുന്നു. ഐഇഡിസി ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി തിരുവനന്തപുരത്ത് നിന്ന് കാസര്‍ഗോഡേക്ക് 950 കാമ്പസ് ഇന്നൊവേറ്റര്‍മാരെ കൊണ്ടുപോയ ‘ഇന്നൊവേഷന്‍ ട്രെയിന്‍’ എന്ന ഹാക്കത്തോണ്‍ ശൈലിയിലുള്ള സെഷനുകളില്‍ തിരുവനന്തപുരത്തെ ലൂര്‍ദ് മാതാ കോളേജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ നിന്നുള്ള ആബിദ് എസ്, തിരുവനന്തപുരം സിഇടിയിലെ മുഹമ്മദ് റെന്‍സ് ഇക്ബാല്‍ എന്നിവര്‍ യഥാക്രമം സ്വര്‍ണം, വെള്ളി മെഡലുകള്‍ നേടി. കെഎസ്യുഎമ്മിന്റെയും കെ-ഡിസ്‌കിന്റെയും സംയുക്ത സംരംഭമായ ഐഇഡിസി ടാലന്റ് ആക്‌സിലറേറ്റര്‍ പ്രോഗ്രാമിന്റെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. വ്യവസായ ഉപദേഷ്ടാക്കളുടെ നേതൃത്വത്തില്‍ ഉയര്‍ന്നുവരുന്നതും നൂതനവുമായ സാങ്കേതികവിദ്യകളില്‍ രണ്ട് മാസത്തെ നൈപുണ്യ വികസന, ത്വരിതപ്പെടുത്തല്‍ പരിപാടിയാണിത്. ആഗോള നൈപുണ്യ ദാതാക്കളായ ലിങ്ക്ഡ്ഇന്‍, കുര്‍സ എന്നിവയുമായി സഹകരിച്ചാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.






