
കൊച്ചിയുടെ നഗരവികസന ചരിത്രത്തിലെ സുപ്രധാന അധ്യായങ്ങളാണ് കൊച്ചി മെട്രോയും വാട്ടര്‍ മെട്രോയും. കരയിലും വെള്ളത്തിലും പൊതു ഗതാഗതത്തിന് സമഗ്രമായ പരിഹാരം ഒരുക്കി, ഈ രണ്ട് പദ്ധതികളും കേരളത്തിന്റെ നഗര ജീവിതത്തെ പുനര്‍നിര്‍വചിച്ചു. 2017- ല്‍ പ്രവര്‍ത്തനം ആരംഭിച്ച കൊച്ചി മെട്രോ, ആധുനികതയുടെയും സാമൂഹിക ഉള്‍ക്കൊള്ളലിന്റെയും പ്രതീകമായി മാറി. മെട്രോ മാന്‍ എന്നറിയപ്പെട്ട ഇ ശ്രീധരന്റെ സാങ്കേതിക മാര്‍ഗ നിര്‍ദേശത്തോടെയാണ് ഈ പദ്ധതി സാക്ഷാത്കരിച്ചത്. വനിതാ തൊഴിലാളികള്‍ക്ക് തുല്യ അവസരം നല്‍കുന്ന തൊഴിലവസര മാതൃകയും പരിസ്ഥിതി സൗഹൃദ സാങ്കേതിക സംവിധാനവുമാണ് കൊച്ചി മെട്രോയെ ഇന്ത്യയിലെ മികച്ച നഗര ഗതാഗത പദ്ധതികളിലൊന്നാക്കി മാറ്റിയത്.
അതേ ദിശയിലാണ് കൊച്ചി വാട്ടര്‍ മെട്രോയും രൂപംകൊണ്ടത്. ജലപാതകളെ നഗര ഗതാഗത ശൃംഖലയുമായി ബന്ധിപ്പിച്ച ആദ്യ സമഗ്ര ഇലക്ട്രിക് ബോട്ട് സേവനമാണിത്. 2023 ഏപ്രില്‍ 25-ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ഈ പദ്ധതി, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ കീഴില്‍ ജര്‍മന്‍ വികസന ബാങ്കായ കെഎഫ്ഡബ്ലിയുവിന്റെ സാമ്പത്തിക പിന്തുണയോടെയാണ് രൂപം കൊണ്ടത്. 38 ഇലക്ട്രിക് ബോട്ടുകള്‍, 10 റൂട്ടുകള്‍, 78 കിലോമീറ്റര്‍ നീളമുള്ള ജലപാതകള്‍ എന്നിവ ചേര്‍ന്ന ഈ പദ്ധതി, ഗതാഗത തിരക്ക് കുറയ്ക്കുന്നതിനൊപ്പം കാര്‍ബണ്‍ പുറന്തള്ളല്‍ ഗണ്യമായി കുറയ്ക്കുന്ന സുസ്ഥിര ഗതാഗത മാതൃകയായി. കൊച്ചി മെട്രോയും വാട്ടര്‍ മെട്രോയും ചേര്‍ന്ന്, ഗതാഗതം, തൊഴില്‍, വിനോദസഞ്ചാരം, വ്യാപാരം തുടങ്ങിയ മേഖലകളില്‍ പുതിയ ഉണര്‍വേകി. പെരുമ്പടപ്പ്, വൈപ്പിന്‍, എറണാകുളം തുടങ്ങിയ പ്രദേശങ്ങള്‍ കൂടുതല്‍ ബന്ധിപ്പിക്കപ്പെട്ടപ്പോള്‍, നഗര ജീവിതത്തിന്റെ താളവും വികസനത്തിന്റെ ദിശയും മാറി. ഇതിലൂടെ, കേരളം സുസ്ഥിര നഗരവികസനത്തിന്റെ ഇന്ത്യന്‍ മാതൃകയായി ലോകത്തിന് മുന്നില്‍ തലയുയര്‍ത്തി നിന്നു. കരയിലും വെള്ളത്തിലും ഒരേമികവോടെ മുന്നേറുന്ന കൊച്ചി, ഭാവിയിലെ ഗ്രീന്‍ മൊബിലിറ്റി നഗരത്തിന്റെ പ്രതീകമായി.






