
കൊച്ചി: വിദ്വേഷത്തിനും കലാപത്തിനും വംശഹത്യയെ പ്രേരിപ്പിക്കാനും കലയെ ഉപയോഗിക്കുന്ന കാലത്ത് അതിനെ ചെറുക്കാനുള്ള നിലമൊരുക്കാന്‍ കൊച്ചി മുസിരിസ് ബിനാലെയ്ക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ കൊച്ചി ബിനാലെ ആറാം ലക്കം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രത്യേകം സജ്ജമാക്കിയ കുരുത്തോല വിളക്ക് കൊളുത്തിയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. ഇതേ സമയം തന്നെ വേദിയിലിരുന്ന എല്ലാ വിശിഷ്ട വ്യക്തികളും ചേര്‍ന്ന് 20 വിളക്കുകളും തെളിയിച്ചു.
കലയെ ഉപയോഗിച്ച് സംസ്ഥാനത്തെ താറടിച്ച് കാണിക്കാനുള്ള സംഘടിതമായ ശ്രമങ്ങള്‍ക്ക് ദേശീയ അംഗീകാരം നല്‍കുന്നതാണ് വര്‍ത്തമാനകാല കാഴ്ചയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ താറടിക്കുന്ന സിനിമകള്‍ക്ക് അംഗീകാരം നല്‍കിയതിലൂടെ പുരസ്കാരങ്ങളുടെ പ്രാധാന്യം തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. ഇത്തരം കാര്യങ്ങള്‍ ചെറുക്കപ്പെടാനുള്ള ശ്രമങ്ങള്‍ക്ക് നിലമൊരുക്കാന്‍ ബിനാലെയ്ക്ക് കഴിയണം. വൈവിധ്യങ്ങളെ തച്ചുടച്ച് കൊണ്ടുള്ള പ്രതിലോമകരമായ ആശയങ്ങള്‍ നടപ്പാക്കാന്‍ ഛിദ്ര ശക്തികള്‍ തുനിയുകയാണ്. ഇതിനെതിരെ കലാപരമായ ചെറുത്ത് നില്‍പ്പ് അനിവാര്യമാണ്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ബിനാലെയ്ക്ക് കഴിയണം. അതാണ് ബിനാലെയുടെ രാഷ്ട്രീയ മാനമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.






