ഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎഡോളറിനെതിരെ വീണ്ടും ദുര്‍ബലമായി രൂപജിഎസ്ടി പരിഷ്‌കരണം: ജനങ്ങള്‍ക്ക് 2 ലക്ഷം കോടി രൂപയുടെ നേട്ടമെന്ന് നിർമ്മല സീതാരാമൻമികച്ച പ്രകടനവുമായി ഇന്ത്യൻ കയറ്റുമതി മേഖല

സ്കൂളുകളില്‍ പുതുതായി 36366 ലാപ്‍ടോപ്പുകള്‍ നല്‍കുമെന്ന് കൈറ്റ്

തിരുവവനന്തപുരം: സംസ്ഥാനത്തെ സർക്കാർ – എയിഡഡ് ഹൈസ്കൂളുകളില്‍ അടുത്ത മാസത്തോടെ 36366 ലാപ്‍ടോപ്പുകള്‍ കൈറ്റ് പുതുതായി ലഭ്യമാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി വാർത്താസമ്മേളനത്തില്‍ അറിയിച്ചു.

ഹൈടെക് പദ്ധതികളുടെ ഭാഗമായി ഇതുവരെ 4.4 ലക്ഷം ഉപകരണങ്ങള്‍ 760 കോടി രൂപ ചെലവില്‍ സ്കൂളുകളില്‍ വിന്യസിച്ചതിന്റെ തുടർച്ചയായാണ് പുതിയ ഇന്റല്‍ കോർ ഐ3 വിഭാഗത്തിലുള്ള അഞ്ച് വർ‍ഷ വാറണ്ടിയുള്ള 55.34 കോടി രൂപയ്ക്കുള്ള 16500 ലാപ്‍ടോപ്പുകളും വിദ്യാകിരണം പദ്ധതിയിലൂടെ പുതിയ ടെണ്ടറുകളിലൂടെ ലഭിച്ച സെല്‍റോണ്‍ വിഭാഗത്തിലുള്ളതും 2360 ലാപ്ടോപ്പുകളും നേരത്തെ വിതരണം ചെയ്തവയുടെ പുനഃക്രമീകരണ ത്തിലൂടെ ലഭ്യമായ 17506 ലാപ്‍ടോപ്പുകളും ഉള്‍പ്പെടെ 36366 ലാപ്‍‍ടോപ്പുകള്‍ വിതരണം ചെയ്യുന്നത്.

ഹൈടെക് ഉപകരണങ്ങളുടെ അഞ്ചുവ‍ർഷ വാറണ്ടി പൂ‍ർത്തിയാകുന്ന 32000 ലാപ്‍ടോപ്പുകള്‍ക്ക് രണ്ട് വർഷത്തേക്ക് എ.എം.സി ഏർപ്പെടുത്തി ക്കഴിഞ്ഞതായും മന്ത്രി പറഞ്ഞു. ഇതിന്റെ തുടര്‍ച്ചയായി വാറണ്ടി കാലാവധി തീരുന്ന 90,000 ലാപ്‍ടോപ്പുകള്‍ക്കും 70,000 പ്രൊജക്ടറുകള്‍ക്കും എ.എം.സി ഏര്‍പ്പെടുത്താന്‍ കൈറ്റ് നടപടികള്‍ സ്വീകരിക്കും. വിദ്യാകിരണം പദ്ധതി ഉള്‍പ്പെടെ വിതരണം ചെയ്ത അഞ്ച് ലക്ഷത്തോളം ഉപകരണങ്ങള്‍ക്ക് യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുമായി ചേര്‍ന്ന് ഇന്‍ഷുറന്‍സ് പരിരക്ഷ കൈറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇതനുസരിച്ച് പ്രകൃതിക്ഷോഭം തുടങ്ങിയവ മൂലം സ്കൂളുകളില്‍ വിന്യസിച്ച ഐടി ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയോ മോഷണം നടക്കുകയോ ചെയ്താല്‍‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. എല്ലാ കാലയളവില്‍ ഉപകരണങ്ങള്‍ക്കും പരാതി പരിഹാരത്തിന് പ്രത്യേകം വെബ് പോര്‍ട്ടലും കോള്‍ സെന്ററും കൈറ്റ് സജ്ജമാക്കിയിട്ടുണ്ട്.

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകള്‍ക്കും ഓഫീസുകള്‍ക്കും സര്‍ക്കാര്‍, എം.പി-എം.എല്‍.എ, തദ്ദേശഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ ഫണ്ട് ഉപയോഗിച്ച് ഐടി ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശ ങ്ങളുടെ അനുബന്ധം ഭേദഗതി ചെയ്ത് സര്‍ക്കാര്‍ ഉത്തരവിറക്കി. ഐടി ഉപകരണങ്ങള്‍ക്ക് ഈടാക്കാവുന്ന പരമാവധി തുക, മിനിമം സ്പെസിഫിക്കേഷന്‍, വില്പനാനന്തര സേവനവ്യവസ്ഥകള്‍ എന്നിവ നിഷ്കര്‍ഷിക്കുന്നതാണ് ഉത്തരവ്.

എല്ലാ ഐടി ഉപകരണങ്ങള്‍ക്കും അഞ്ചു വര്‍ഷ വാറണ്ടി ഉറപ്പാക്കണം. ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നവര്‍ പരാതികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള കാള്‍ സെന്റര്‍ നമ്പര്‍, വെബ് പോര്‍ട്ടല്‍ അഡ്രസ് എന്നിവ സ്കൂളുകള്‍ക്ക് ലഭ്യമാക്കണം. പരാതികള്‍ പരിഹരിക്കുന്നത് വൈകിയാല്‍ പ്രതിദിനം 100/- രൂപ നിരക്കില്‍ പിഴ ഈടാക്കും.

ഡിജിറ്റല്‍ ഉള്ളടക്കം/ഡിജിറ്റല്‍ ലൈബ്രറി എന്നിവ സ്കൂളുകള്‍ക്ക് ലഭ്യമാക്കുന്നതിന് മുമ്പ് എസ്.സി.ഇ.ആര്‍.ടി. യുടെയും കൈറ്റിന്റെയും അംഗീകാരം ലഭിക്കണം. പൂ‍ർണമായും സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ അധിഷ്ഠിതമല്ലാത്ത പ്രൊപ്രൈറ്ററി ആയതും ലൈസന്‍സ് നിബന്ധനകള്‍ ഉള്ളതുമായ സോഫ്റ്റ്‌വെയറുകള്‍ യാതൊരു കാരണവശാലും സ്കൂളുകളില്‍ വിന്യസിക്കാന്‍ പാടില്ല.

സ്കൂളുകള്‍ക്കായി പുറപ്പെടുവിച്ചിട്ടുള്ള സൈബര്‍ സേഫ്റ്റി പ്രോട്ടോക്കോള്‍ സ്കൂളുകള്‍ കൃത്യമായി പാലിക്കേണ്ടതാണ്. കുട്ടികളുടെ സ്വകാര്യ വിവരങ്ങള്‍ പങ്കുവെക്കുന്ന തരത്തിലും മറ്റും സ്വകാര്യ സെര്‍വറുകളില്‍ ഹോസ്റ്റ് ചെയ്യുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ സ്കൂള്‍തലത്തില്‍ നടത്താന്‍ പാടില്ല. ഓരോ വര്‍ഷവും പ്രത്യേക ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ഓഡിറ്റ് നടത്തി സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ കൈറ്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സ്കൂളുകള്‍ക്ക് ഹൈടെക് ലാബുകള്‍ക്കായി ലാപ്‍ടോപ്പുകള്‍‍ അനുവദിക്കുന്നത് ഹൈസ്കൂള്‍-ഹയര്‍സെക്കന്ററി-വൊക്കേഷണല്‍ ഹയര്‍സെക്കന്ററി വ്യത്യാസമില്ലാതെ പൊതുവായി ഉപയോഗിക്കാനാണെന്നും മന്ത്രി പറഞ്ഞു. ഇത് പാലിക്കുന്നുണ്ടോ എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിരീക്ഷിക്കും. അതിനനുസരിച്ച് ആവശ്യമായ പുനഃക്രമീകരണങ്ങള്‍ നടത്തും.

വിദ്യാഭ്യാസ മേഖലയില്‍ ഇന്ത്യയില്‍ നടപ്പാക്കിയ ഏറ്റവും വലിയ ഐടി പ്രോജക്ടാണ് കേരളത്തിലെ ഹൈടെക് സ്കൂള്‍-ഹൈടെക് ലാബ് പദ്ധതികളെന്നും ഇപ്പോള്‍ അഞ്ച് ലക്ഷത്തോളം ഉപകരണങ്ങള്‍ക്ക് ഒരേ സമയം എ.എം.സി ഏര്‍പ്പെടുത്തുന്നതും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതും രാജ്യത്ത് ആദ്യമായാണെന്നും മന്ത്രി പറഞ്ഞു.

തുടര്‍ച്ചയായ ഐടി പരിശീലനങ്ങള്‍ നല്‍കലും ഡിജിറ്റല്‍ ഉള്ളടക്കം ലഭ്യമാക്കലും സ്കൂള്‍ അഡ്‍മിനിസ്ട്രേഷന്‍ ഫലപ്രദമാക്കലും രക്ഷിതാക്കള്‍ക്കുള്‍പ്പെടെ സൈബര്‍ സുരക്ഷാ പരിശീലനങ്ങള്‍ നല്‍കലുമെല്ലാം മുന്തിയ പരിഗണനയോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്നതെന്നും പൊതുവിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

X
Top