റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തിവെക്കില്ലെന്ന് എസ് ജയശങ്കർ ◆ പ്രകൃതിവാതക വില പരിധി ഉയർത്തി കേന്ദ്ര സർക്കാർ; ആഴക്കടൽ വാതക ഉൽപ്പാദകർക്ക് ആശ്വാസം ◆ പാലക്കാട് വ്യവസായ സ്മാര്‍ട് സിറ്റി: അഞ്ചാംഘട്ട തുകയും ഭൂമിയും അനുവദിച്ചു ◆ ഇന്ധനവില വർധിപ്പിച്ച് നയാര എനർജി ◆ ഇന്ത്യയുടെ ബ്രഹ്‌മോസ് വാങ്ങാന്‍ വിദേശ രാജ്യങ്ങളുടെ ക്യൂ; കയറ്റുമതി 5760 കോടി രൂപ കടക്കുമെന്ന് പ്രതിരോധ സെക്രട്ടറി ◆

കേരളത്തിന്റെ ഓണക്കാലച്ചെലവ് 15,000 കോടിയിലേക്ക്‌; ട്രഷറി ഓവർ ഡ്രാഫ്റ്റിൽ ആകാതിരിക്കാൻ 1500 കോടികൂടി കടമെടുക്കുന്നു

തിരുവനന്തപുരം: ഓണക്കാലച്ചെലവ് 15,000 കോടിയോട് അടുക്കുന്നു. ഓണം കഴിഞ്ഞാൽ ട്രഷറി ഓവർ ഡ്രാഫ്റ്റിൽ ആകാതിരിക്കാൻ 1500 കോടികൂടി കടമെടുക്കാൻ സംസ്ഥാനം തീരുമാനിച്ചു.

ഇതെടുത്താൽ ഇതുവരെ കേന്ദ്രം അനുവദിച്ച കണക്കിൽ ഡിസംബർവരെ കടമെടുക്കാൻ ശേഷിക്കുന്നത് 1200 കോടിയാണ്. 1500 കോടി കടമെടുക്കാനുള്ള കടപ്പത്രങ്ങളുടെ ലേലം 17-ന് റിസർവ് ബാങ്കിന്റെ മുംബൈ ആസ്ഥാനത്ത് നടക്കും. 23 വർഷത്തേക്കാണ് കടപ്പത്രങ്ങൾ പുറപ്പെടുവിച്ചത്.

പതിവ് ശമ്പളവും പെൻഷനും ഒഴികെ ഓണക്കാലത്ത് ആനുകൂല്യങ്ങളും കുടിശ്ശികകളും ക്ഷേമപെൻഷനും നൽകാൻ ഏകദേശം 15,000 കോടി വേണ്ടിവന്നെന്ന് ധനവകുപ്പുവൃത്തങ്ങൾ പറഞ്ഞു.

ശമ്പളവും പെൻഷനുംകൂടി ചേർത്താൽ ഇത് 20,000 കോടിക്ക് അടുത്തെത്തും.
ഡിസംബർവരെയുള്ള ഒമ്പതുമാസത്തേക്ക്‌ 21,253 കോടിയാണ് ആദ്യം കേന്ദ്രം അനുവദിച്ചത്. ഇത് അപര്യാപ്തമാണെന്ന് സംസ്ഥാനം അറിയിച്ചിരുന്നു. ട്രഷറിയിലെ പി.എഫ്. നിക്ഷേപം ഉൾപ്പെടെയുള്ള പബ്ലിക് അക്കൗണ്ടിലെ വരവ് തെറ്റായി കണക്കാക്കിയതാണ് കടം കുറയാൻ കാരണമെന്ന് സംസ്ഥാനം കേന്ദ്രത്തെ ബോധ്യപ്പെടുത്തി.

ഇതോടെ 4200 കോടികൂടി അനുവദിച്ചു. ഇതിൽ 1500 കോടി നേരത്തേ എടുത്തിരുന്നു.

X
Top