
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ സൂപ്പർ മാർക്കറ്റുകളിലൂടെയും ഗൾഫ് രാജ്യങ്ങളിലും സപ്ലൈകോയുടെ ശബരി ഉത്പന്നങ്ങൾ വിൽക്കുന്നതിനുള്ള നടപടികൽ സ്വീകരിച്ച് വരികയാണെന്ന് വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. പുതിയ മേഖലകളിലേക്ക് കൂടുതൽ വില്പന ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രയാണമാണ് സപ്ലൈകോ നടത്തുന്നത്. തലശ്ശേരിയിൽ ആരംഭിച്ച സപ്ലൈകോയുടെ ആദ്യ സിഗ്നേച്ചർ മാർട്ട് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. പുതിയ കാലത്തിനനുസരിച്ച് സപ്ലൈകോ വില്പനശാലകളും പരിഷ്കരിക്കുകയാണ്. കോർപ്പറേറ്റ് റീട്ടെയിൽ വില്പനശാലകളോട് കിടപിടിക്കുന്ന രീതിയിലുള്ള സൗകര്യങ്ങൾക്ക് പുറമേ, സിഗ്നേച്ചർ മാർട്ടിൽ നിത്യോപയോഗ സാധനങ്ങൾക്ക് വിലക്കുറവും ഉണ്ടായിരിക്കും.
ഓരോ ജില്ലയിലും ഒരു സിഗ്നേച്ചർ മാർട്ട് വീതം സ്ഥാപിക്കാനാണ് സപ്ലൈകോ പദ്ധതിയിടുന്നത്. 40 ലക്ഷത്തോളം കുടുംബങ്ങളാണ് സംസ്ഥാനത്ത് പ്രതിമാസം സപ്ലൈകോയെ ആശ്രയിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഈ ഓണക്കാലത്ത് വെളിച്ചെണ്ണയുടെ വിപണി വില അനിയന്ത്രിതമായി ഉയർന്നപ്പോൾ സപ്ലൈകോ വിപണിയിൽ ഇടപെട്ട് വില നിയന്ത്രിച്ചു. നിലവിൽ സപ്ലൈകോ വില്പനശാലകളിൽ സബ്സിഡി വെളിച്ചെണ്ണ ലിറ്ററിന് 309 രൂപ നിരക്കിലാണ് നൽകുന്നത്. ഓരോ റേഷൻ കാർഡ് ഉടമയ്ക്കും 20 കിലോ അരി 25 രൂപ നിരക്കിലും നൽകിവരുന്നു. ഇങ്ങനെ സാധാരണക്കാർക്ക് വലിയതോതിൽ താങ്ങാവുകയാണ് സപ്ലൈകോ എന്നും മന്ത്രി പറഞ്ഞു.
തലശ്ശേരിയിലെ ഹൈപ്പർ മാർക്കറ്റാണ് ആധുനിക രീതിയിലുള്ള ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യുന്ന സിഗ്നേച്ചർ മാർട്ടായി ഉയർത്തിയത്. ഗ്ലോബൽ ഇന്നൊവേറ്റീവ് ടെക്നോളജീസ് ഏജൻസി ഡിസൈൻ ചെയ്ത തലശ്ശേരിയിലെ സിഗ്നേച്ചർ മാർട് സപ്ലൈകോ യാഥാർത്ഥ്യമാക്കിയത് ടീം തായിയുടെ സഹകരണത്തോടെയാണ്. തലശ്ശേരി നഗരസഭ ചെയർപേഴ്സൺ കാരായി ചന്ദ്രശേഖരൻ അധ്യക്ഷയായി. ആദ്യ വില്പനയും അദ്ദേഹം നിർവ്വഹിച്ചു. തലശ്ശേരി നഗരസഭ വാർഡ് കൗൺസിലർ നൂറ ടീച്ചർ, സപ്ലൈകോ മാനേജിംഗ് ഡയറക്ടർ വി എം ജയകൃഷ്ണൻ, കോഴിക്കോട് സപ്ലൈകോ റീജിയണൽ മാനേജർ ഷെൽജി ജോർജ്, ടീം തായി പ്രോജക്ട് മാനേജർ അബ്ദുൽ റഹീം, രാഷ്ട്രീയ പ്രതിനിധികളായ കാത്താണ്ടി റസാഖ്, അഡ്വ എം എസ് നിഷാദ്, ബി ടി മുസ്തഫ, അബ്ദുൽ റഹീം എന്നിവർ പങ്കെടുത്തു.






