
തിരുവനന്തപുരം: അതിദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമായി കേരളം മാറുന്നതിന്റെ പ്രഖ്യാപനം നവംബര്‍ ഒന്നിനു നടക്കും. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. നടന്മാരായ കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് മന്ത്രിമാരായ എം.ബി.രാജേഷും വി.ശിവന്‍കുട്ടിയും പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് കലാപരിപാടികളുമുണ്ടാകും.
ചടങ്ങിനൊപ്പം തദ്ദേശ സ്ഥാപനങ്ങളിലും ആഘോഷം സംഘടിപ്പിക്കും. പ്രതിപക്ഷ നേതാവിനെയും ചടങ്ങിനു ക്ഷണിച്ചിട്ടുണ്ട്. രണ്ടാം പിണറായി സര്‍ക്കാറിന്റെ പ്രഥമ മന്ത്രിസഭായോഗത്തിലെ തീരുമാനമാണ് നടപ്പാകുന്നതെന്ന് മന്ത്രി രാജേഷ് പറഞ്ഞു.
59,277 കുടുംബങ്ങളാണ് അതിദരിദ്ര പട്ടികയിലുള്ളത്. ഇവരെയെല്ലാം അതിദാരിദ്ര്യത്തില്‍നിന്നു മോചിപ്പിച്ചാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്.
ആദ്യ സര്‍വേയില്‍ 64,006 അതിദരിദ്ര കുടുംബങ്ങളെയാണ് കണ്ടെത്തിയത്. ഇതില്‍ 4421 കുടുംബങ്ങള്‍ ഒഴിവാക്കപ്പെട്ടു. നാടോടികളായ 261 കുടുംബങ്ങളെ കണ്ടെത്താനായിട്ടില്ല.






