റഷ്യൻ എണ്ണയിൽ ട്രംപിനെ തള്ളാൻ ഇന്ത്യ; പ്രകോപിപ്പിച്ചാൽ വലിയ തിരിച്ചടി യുഎസിന്വിദേശ നാണയ ശേഖരം കുതിക്കുന്നുകല്‍ക്കരിയില്‍ സ്വയം പര്യാപ്തതയിലേക്ക് ഇന്ത്യഇന്ത്യയുടെ പ്രധാന എൽപിജി വിതരണക്കാരായി അമേരിക്ക; ഇറക്കുമതിയുടെ 67 ശതമാനവും യുഎസിൽ നിന്ന്ഇന്ത്യയുടെ എണ്ണ ഇറക്കുമതി ബിൽ കുതിച്ചു; ക്രൂഡ് ഇറക്കുമതി കുറഞ്ഞിട്ടും ചെലവ് ഉയർന്നു

റഷ്യൻ എണ്ണയിൽ ട്രംപിനെ തള്ളാൻ ഇന്ത്യ; പ്രകോപിപ്പിച്ചാൽ വലിയ തിരിച്ചടി യുഎസിന്

ന്യൂഡൽഹി: തീരുവ ചുമത്താനുള്ള യുഎസ് നീക്കത്തിനിടയിലും ഇന്ത്യ റഷ്യയിൽ നിന്നുള്ള ക്രൂഡ‍ോയിൽ വാങ്ങൽ കുറച്ചേക്കില്ലെന്ന് വിവരം. ഇന്ത്യ എവിടെ നിന്നു ക്രൂഡോയിൽ വാങ്ങണമെന്ന കാര്യം മറ്റൊരു രാജ്യം തീരുമാനിക്കേണ്ടെന്ന നിലപാടിലാണ് കേന്ദ്രസർക്കാർ. യുഎസ് സമ്മർദ്ദത്തിനു വഴങ്ങിയാൽ പ്രതിപക്ഷം ആയുധമാക്കാനും സാധ്യതയുണ്ട്. റഷ്യയുമായി വർഷങ്ങളായുള്ള വ്യാപാര-പ്രതിരോധ ബന്ധമാണ് ഇന്ത്യയ്ക്കുള്ളത്. തീരുവയുടെ പേരിൽ എണ്ണ വാങ്ങൽ നിർത്തിയാൽ ഈ ബന്ധത്തെ ബാധിക്കാനും ഇടയാക്കും. ഇതു മുൻ നിർത്തിയാണ് കേന്ദ്രനീക്കമെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ ദിവസമാണ് റഷ്യയിൽ നിന്ന് ക്രൂഡോയിൽ വാങ്ങുന്ന രാജ്യങ്ങളുടെ മേൽ 100 ശതമാനം തീരുവ ചുമത്താൻ പ്രസിഡന്റിന് അധികാരം നൽകുന്ന നിയമ നിർമാണം യുഎസ് സെനറ്റ് പാസ്സാക്കിയത്. ഇന്ത്യയും ചൈനയും അടക്കമുള്ള അഞ്ച് രാജ്യങ്ങളെ ലക്ഷ്യം വച്ചാണ് നീക്കം.

ബില്ലിന് ട്രംപ് അംഗീകാരം നൽകിയാൽ ഈ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 100 ശതമാനം തീരുവ ചുമത്താൻ അമേരിക്കയ്ക്ക് കഴിയും. ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാർ സംബന്ധിച്ച ചർച്ചകൾ നടക്കുന്നതിനിടെയാണ് നീക്കമെന്നതും ശ്രദ്ധേയം. എന്നാൽ ബിൽ സെനറ്റിൽ പാസായതു കൊണ്ടുമാത്രം തീരുവ ബാധകമാകില്ലെന്നും ഇക്കാര്യത്തിൽ യുഎസ് പ്രതിനിധി സഭയുടെ നിലപാടും നിർണായകമാകുമെന്നും നിരീക്ഷകർ പറയുന്നു.

കഴിഞ്ഞ വർഷം ട്രംപ് ഭരണകൂടം റഷ്യൻ എണ്ണയെച്ചൊല്ലി 25 ശതമാനം അധിക തീരുവ ചുമത്തിയതിനെ തുടർന്ന് ഇന്ത്യ വാങ്ങൽ കുറച്ചിരുന്നു. സമാനമായ നടപടി ഇക്കുറി ഉണ്ടാകില്ലെന്നാണ് വിവരം. നിലവിൽ റഷ്യയിൽ നിന്ന് വാങ്ങുന്ന അത്രയും ക്രൂഡോയിൽ മറ്റൊരു വിപണിയിൽ നിന്ന് കണ്ടെത്തുക എളുപ്പമല്ലെന്ന മുന്നറിയിപ്പും കേന്ദ്രം പരിഗണിക്കുന്നുണ്ട്.

യുഎസ് സമ്മർദത്തിനു വഴങ്ങി പെട്ടെന്ന് ഇന്ത്യ റഷ്യൻ എണ്ണ വേണ്ടെന്നു വച്ചാൽ തിരിച്ചടി വലുതായിരിക്കുമെന്ന് ഷിപ്പ് ട്രാക്കിങ് വെബ്സൈറ്റായ കെപ്ലർ മുന്നറിയിപ്പ് നൽകുന്നു. പശ്ചിമേഷ്യൻ പ്രതിസന്ധിയുണ്ടായപ്പോൾ പോലും ഇന്ത്യൻ എണ്ണക്കമ്പനികൾക്ക് ആശ്വാസമേകിയത് റഷ്യൻ എണ്ണയായിരുന്നു.

ഇന്ത്യ അടക്കമുള്ള ഏഷ്യൻ രാജ്യങ്ങൾ റഷ്യൻ എണ്ണ വാങ്ങാതിരുന്നാൽ രാജ്യാന്തര എണ്ണവിലയിൽ സമ്മർദ്ദമുണ്ടാകും. എണ്ണവില വർധിക്കും.

എണ്ണ വാങ്ങാൻ കൂടുതൽ പണം കൊടുക്കേണ്ടത് ഇന്ത്യയുടെ ആകെ ഇറക്കുമതി ചെലവ് വർധിപ്പിക്കും. ഊർജസുരക്ഷയെ ബാധിക്കാനും വിലക്കയറ്റത്തോത് കുതിക്കാനും ഇടയാക്കുമെന്നും കെപ്ലർ മുന്നറിയിപ്പ് നൽകുന്നു.

കഴിഞ്ഞ മാസം രാജ്യത്തെ വിലക്കയറ്റത്തോത് റിസർവ് ബാങ്കിന്റെ സഹന പരിധിയായ നാലു ശതമാനം കടന്നിരുന്നു. വിലക്കയറ്റത്തോത് വീണ്ടും വർധിക്കുന്നത് രാജ്യത്ത് അടിസ്ഥാന പലിശ നിരക്ക് വർധന അടക്കമുള്ള നടപടികളിലേക്ക് നയിക്കുമെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്കു മേലുള്ള പുതിയ തീരുവ യുഎസിന്റെ താൽപര്യങ്ങളെ തന്നെ ബാധിക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. വ്യാപാര-സാമ്പത്തിക മേഖലയെ ആയുധമാക്കുന്ന ട്രംപിന്റെ നടപടി പതിയെ യുഎസിന് തിരിച്ചടിയാകും. രാജ്യങ്ങൾ യുഎസ് ഡോളറിൽ വ്യാപാരം നടത്തുന്നത് കുറയ്ക്കും.

ഇന്ത്യ ഡോളറിലുള്ള വ്യാപാരം കുറച്ചു പല രാജ്യങ്ങളുമായും സ്വന്തം കറൻസിയിൽ ഇടപാട് നടത്തുന്നത് ഇതിനു ഉദാഹരണമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ട്രംപിന്റെ നീക്കത്തിനെതിരെ സ്വന്തം രാജ്യത്തു നിന്ന് തന്നെ ഭിന്നസ്വരം ഉയർന്നിട്ടുണ്ട്.

അമിത തീരുവ ചുമത്തുന്നത് ഇന്ത്യയെ റഷ്യൻ-ചൈന പാളയത്തിലേക്ക് അടുപ്പിക്കുമെന്ന് യുഎസ് സെനറ്റർ റാൻഡ് പോൾ മുന്നറിയിപ്പ് നൽകി.

X
Top