
ന്യൂഡൽഹി: വ്യവസായ സൗഹൃദ നടപടികളുമായി ബന്ധപ്പെട്ട കേന്ദ്ര പട്ടികയിൽ കേരളം ‘ഫാസ്റ്റ് മൂവേഴ്സ്’ പട്ടികയിൽ. ഒഡീഷ, പഞ്ചാബ്, ആന്ധ്ര, രാജസ്ഥാൻ, മധ്യപ്രദേശ്, അസം, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ, കർണാടക എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിനൊപ്പം ‘ഫാസ്റ്റ് മൂവേഴ്സ് വിഭാഗത്തിലുൾപ്പെട്ടത്.
വ്യവസായ സൗഹൃദം കണക്കാക്കുന്നതിനായുള്ള 25 ബിസിനസ് പരിഷ്കരണ സൂചികകളിൽ 4 എണ്ണത്തിൽ കേരളം ടോപ്പ് അച്ചീവേഴ്സ് (95 ശതമാനത്തിനു മുകളിൽ) വിഭാഗത്തിലെത്തി. ‘ഫാസ്റ്റ് മൂവേഴ്സ്’ പട്ടികയിലുള്ള ഉത്തരാഖണ്ഡ്, പഞ്ചാബ് സംസ്ഥാനങ്ങൾ 5 ബിസിനസ് പരിഷ്കരണ സൂചികകളിൽ ടോപ്പ് അച്ചീവേഴ്സ് വിഭാഗത്തിലെത്തി.
ഡൽഹിയിൽ നടന്ന സംസ്ഥാന വ്യവസായ മന്ത്രിമാരുടെ യോഗത്തിൽ കേന്ദ്രമന്ത്രി പീയൂഷ് ഗോയലിൽ നിന്ന് മന്ത്രി പി.രാജീവ് പുരസ്കാരം ഏറ്റുവാങ്ങി. ‘ബിസിനസ് റിഫോംസ് ആക്‌ഷൻ പ്ലാൻ’ നടപ്പാക്കുന്നതിന്റെ മികവനുസരിച്ച് 3 നിരയായിട്ടാണ് സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും പ്രകടനം വിലയിരുത്തുന്നത്.
2020ലെ റാങ്കിങ് അനുസരിച്ച് വളർച്ച പ്രത്യാശിക്കുന്ന സംസ്ഥാനങ്ങൾ ഉൾപ്പെട്ട മൂന്നാം നിരയിലായിരുന്നു (ആസ്പയറേഴ്സ്) കേരളം. 2022ൽ വ്യവസായ വളർച്ചയിലെത്തിയ വിഭാഗമായ ‘ഫാസ്റ്റ് മൂവേഴ്സിൽ’ എത്തിയ കേരളം ഇത്തവണയും സ്ഥാനം നിലനിർത്തി. സംരംഭകരുടെ അടക്കം അഭിപ്രായം കൂടി പരിഗണിച്ചാണ് റാങ്കിങ് തീരുമാനിക്കുന്നത്.






