
തിരുവനന്തപുരം: ക്ഷേമ പെൻഷൻ, ശമ്പള വിതരണം ഉൾപ്പെടെയുള്ള സാമ്പത്തികച്ചെലവുകൾക്ക് പണം ഉറപ്പാക്കാനായി കേരളം വീണ്ടും കടമെടുക്കുന്നു. റിസർവ് ബാങ്കിന്റെ ‘ഇ-കുബേർ’ പ്ലാറ്റ്ഫോം വഴി ജൂലൈ ഒന്നിന് 2,000 കോടി രൂപയാണ് എടുക്കുക.
33 വർഷത്തെ തിരിച്ചടവ് കാലാവധിയുള്ള കടപ്പത്രങ്ങളിറക്കിയാണ് കേരളത്തിന്റെ കടമെടുക്കലെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.
കേരളത്തിന് പുറമെ അന്ന് ഇ-കുബേർ വഴി മറ്റ് 9 സംസ്ഥാനങ്ങളും കടമെടുക്കുന്നുണ്ട്. ആകെ 18,100 കോടി രൂപ. ആന്ധ്രാപ്രദേശ് 2,000 കോടി, അസം 900 കോടി, ഗുജറാത്ത് 1,000 കോടി, ഹിമാചൽ 1,200 കോടി, മഹാരാഷ്ട്ര 6,000 കോടി, രാജസ്ഥാൻ 500 കോടി, തമിഴ്നാട് 2,000 കോടി, തെലങ്കാന 1,500 കോടി, ബംഗാൾ 1,000 കോടി എന്നിങ്ങനെയാണ് കടമെടുക്കുന്നത്.
ജൂലൈ ഒന്നിന് 2,000 കോടി എടുക്കുന്നതോടെ നടപ്പുവർഷത്തെ കേരളത്തിന്റെ കടം 14,000 കോടിയിലെത്തും.