
തിരുവനന്തപുരം: ക്ഷേമ പെൻഷൻ കുടിശിക ഉൾപ്പെടെയുള്ള അടിയന്തര സാമ്പത്തികാവശ്യങ്ങൾ നിറവേറ്റാനായി സംസ്ഥാന സർക്കാർ വീണ്ടും കടമെടുക്കുന്നു. ഇന്ന് റിസർവ് ബാങ്കിന്റെ ‘ഇ-കുബേർ’ പോർട്ടൽ വഴി കടപ്പത്രങ്ങളിറക്കി 1,920 കോടി രൂപയാണ് സമാഹരിക്കുക.
17 വർഷത്തെ തിരിച്ചടവ് കാലാവധിയിലാണ് കേരളം കടപ്പത്രങ്ങളിറക്കുന്നതെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.
ഈമാസം നാലിനും കേരളം കടമെടുത്തിരുന്നു (3,000 കോടി രൂപ). ഫെബ്രുവരി 25ന് 1,920 കോടി രൂപ കൂടി എടുക്കുന്നതോടെ, നടപ്പു സാമ്പത്തിക വർഷം (2024-25) മാത്രം സംസ്ഥാന സർക്കാരിന്റെ കടം 41,600 കോടി രൂപയോളമാകും.
സർക്കാരിന്റെ പൊതുകടം ഉൾപ്പെടെയുള്ള ബാധ്യതകൾ കഴിഞ്ഞ സാമ്പത്തിക വർഷ (2023-24) പ്രകാരം മാത്രം 4.15 ലക്ഷം കോടി രൂപയാണെന്ന് സിഎജി റിപ്പോർട്ട് ചെയ്തിരുന്നു.
കടമെടുക്കാൻ ഈ സംസ്ഥാനങ്ങളും
കേരളത്തിന് പുറമെ മറ്റ് 15 സംസ്ഥാനങ്ങളും ചൊവ്വാഴ്ച ഇ-കുബേർ വഴി കടമെടുക്കുന്നുണ്ട്. 38,054 കോടി രൂപയാണ് ഇവ സംയോജിതമായി എടുക്കുക.
ആന്ധ്രാപ്രദേശ്, അസം, ബിഹാർ, ഛത്തീസ്ഗഢ്, ഗുജറാത്ത്, ഹരിയാന, കർണാടക, മഹാരാഷ്ട്ര, മണിപ്പുർ, പഞ്ചാബ്, രാജസ്ഥാൻ, സിക്കിം, തമിഴ്നാട്, ഉത്തർപ്രദേശ്, ബംഗാൾ എന്നിവയാണ് ഈ സംസ്ഥാനങ്ങൾ.