ചോളത്തില്‍ നിന്നുള്ള എഥനോളിലേക്ക് മാറാന്‍ എണ്ണക്കമ്പനികൾ ◆ ചൂടൻ എൽ നിനോ: വളം, ട്രാക്ടർ വിൽപ്പന കുത്തനെ ഇടിയുന്നു ◆ 2027ല്‍ ഇന്ത്യന്‍ ഡീസല്‍ കയറ്റുമതി കുതിക്കും ◆ 2030ഓടെ ഇന്ത്യൻ വസ്ത്രവ്യവസായ മേഖല ലക്ഷ്യമിടുന്നത് 350 ബില്യൺ ഡോളർ ◆ കിഴക്കൻ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തിയെന്ന് ഓയിൽ ഇന്ത്യ ലിമിറ്റഡ് ◆

കണ്ണൂർ വിമാനത്താവളം: യാത്രക്കാരുടെ എണ്ണത്തിൽ 29 ശതമാനം വർധന

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തില്‍ മേയ് മാസത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വർധന. കഴിഞ്ഞവർഷം മേയ് മാസത്തേക്കാള്‍ യാത്രക്കാരുടെ എണ്ണത്തില്‍ 29 ശതമാനവും വിമാന സർവീസുകളുടെ എണ്ണത്തില്‍ 36 ശതമാനവും വർധനയാണ് രേഖപ്പെടുത്തിയത്. 1,47,928 പേരാണ് യാത്ര ചെയ്തത്. 1211 സർവീസുകളും കഴിഞ്ഞമാസം കണ്ണൂർ വിമാനത്താവളത്തിലുണ്ടായി.

അന്താരാഷ്ട്ര സർവീസില്‍ അബുദാബി സെക്ടറിലാണ് ഏറ്റവുമധികം യാത്രക്കാരുണ്ടായത്. 23,587 പേരാണ് അബുദാബിയിലേക്ക് യാത്ര ചെയ്തത്. ആകെ അന്താരാഷ്ട്ര യാത്രക്കാരുടെ 60 ശതമാനവും യുഎഇയിലേക്കാണ്.

ഫുജൈറയിലേക്ക് ഇൻഡിഗോ സർവീസ് തുടങ്ങിയതോടെ ദുബായ്, ഷാർജ, അബുദാബി, റാസല്‍ഖൈമ, ഫുജൈറ എന്നീ അഞ്ച് യുഎഇ നഗരങ്ങളിലേക്കും സർവീസുകളുള്ള ദക്ഷിണേന്ത്യയിലെ ഏക വിമാനത്താവളമായി കണ്ണൂർ മാറി.

തുടക്കത്തില്‍ത്തന്നെ ഓരോ സർവീസിലും 90 ശതമാനത്തിലധികം യാത്രക്കാർ ഫുജൈറ സെക്ടറിലുണ്ട്. ജൂണ്‍ മധ്യത്തോടെ ദമാമിലേക്കും ഇൻഡിഗോ സർവീസുകള്‍ തുടങ്ങും.

13,200 പേർ യാത്രചെയ്ത മുംബൈ സെക്ടറിലാണ് ആഭ്യന്തര തലത്തില്‍ കഴിഞ്ഞമാസം കൂടുതല്‍ യാത്രക്കാരുള്ളത്. ഇൻഡിഗോയോടൊപ്പം ഏപ്രില്‍ മുതല്‍ എയർ ഇന്ത്യ എക്സ്പ്രസും സർവീസ് തുടങ്ങിയതോടെയാണ് മുംബൈ സെക്ടറില്‍ യാത്രക്കാർ വർധിച്ചത്.

ഹൈദരാബാദ്, തിരുവനന്തപുരം റൂട്ടുകളിലേക്കും എയർ ഇന്ത്യ എക്സ്പ്രസ് മേയില്‍ സർവീസുകള്‍ തുടങ്ങിയിരുന്നു. മേയ് 11 മുതല്‍ 29 വരെ 4,756 ഹജ്ജ് തീർഥാടകർ കണ്ണൂരില്‍നിന്ന് പുറപ്പെട്ടു. ഇവരെ തിരികെ നാട്ടിലെത്തിക്കുന്ന രണ്ടാംഘട്ട സർവീസുകള്‍ ജൂണ്‍ 30-ന് തുടങ്ങും.

X
Top