
പാലക്കാട്: നെല്ലിയാമ്പതി മേഖലയിലും ഹൈസ്പീഡ് ഇന്റര്‍നെറ്റ് സേവനമെത്തിക്കാന്‍ തയ്യാറെടുത്ത് കെ-ഫോണ്‍. ഇതിനായി നെല്ലിയാമ്പതി-കൊല്ലങ്കോട് ബാക്ക്‌ബോണ്‍ ലിങ്ക് സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ഇന്റര്‍നെറ്റ് കണക്ടിവിറ്റി സൗകര്യങ്ങള്‍ പരിമിതമായ പ്രദേശങ്ങളിലാണ് കെ-ഫോണ്‍ ബ്രോഡ്ബാന്‍ഡ് കണക്ഷനുകളെത്തിക്കുവാന്‍ തയ്യാറെടുക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളെല്ലാം അടിയന്തര പ്രാധാന്യം നല്‍കി പൂര്‍ത്തിയാക്കിക്കൊണ്ട് എത്രയും വേഗത്തില്‍ ഉപഭോക്താക്കള്‍ക്കായി സേവനങ്ങൾ ഉറപ്പാക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളിലാണ് കെ-ഫോണ്‍.
ആദ്യ ഘട്ടത്തില്‍, സര്‍ക്കാര്‍ ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള 17 ഇഒഎസ് കേന്ദ്രങ്ങള്‍ക്കായിരിക്കും കെ-ഫോണ്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുക. തുടര്‍ന്ന് ഗാര്‍ഹിക, വാണിജ്യ ഉപഭോക്താക്കള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും കെ-ഫോണിന്റെ അതിവേഗ ഇന്റര്‍നെറ്റ് സേവനത്തിന്റെ ഗുണഭോക്താക്കളാകാം. കേരളത്തിന്റെ ഡിജിറ്റല്‍ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിനുള്ള കെ-ഫോണിന്റെ വലിയൊരു ചുവടുവയ്പ്പാണിത്. ഇന്റര്‍നെറ്റ് സേവനങ്ങള്‍ വലിയ അവസരങ്ങളാണ് ഓരോ വ്യക്തിക്ക് മുന്നിലുമെത്തിക്കുന്നത്.
സാമ്പത്തിക, സാമൂഹിക, ഭൂമിശാസ്ത്ര അസമത്വങ്ങളില്ലാതെ കേരളത്തിലൂടനീളം എല്ലാ ജനങ്ങള്‍ക്കും കുറഞ്ഞ നിരക്കില്‍ ഗുണമേന്മയുള്ള ഇന്റര്‍നെറ്റ് ഉറപ്പാക്കുക എന്നതാണ് കെഫോണിന്റെ ലക്ഷ്യം. ആ ലക്ഷ്യത്തിലേക്ക് ഇനി അധികം ദൂരമില്ലെന്ന് കെ-ഫോണ്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ.സന്തോഷ് ബാബു ഐഎഎസ് പറഞ്ഞു.പുതിയ ഗാര്‍ഹിക കണക്ഷന്‍ എടുക്കാന്‍ എന്റെ കെഫോണ്‍ എന്ന മൊബൈല്‍ ആപ്പിലൂടെയോ കെഫോണ്‍ വെബ്സൈറ്റിലൂടെയോ രജിസ്റ്റര്‍ ചെയ്യാം.