
ആലപ്പുഴ: ജില്ലയിൽ കുടുബശ്രീയുടെ കീഴിൽ പ്രവർത്തിക്കുന്ന 25 സ്ഥാപനങ്ങൾക്ക് അന്താരാഷ്ട്ര നിലവാര സർട്ടിഫിക്കേഷൻ (ഐഎസ്‌ഒ) ലഭിച്ചു. മുനിസിപ്പൽ, പഞ്ചായത്ത്, ജില്ലാതല സംരംഭങ്ങൾ ഉൾപ്പെടെ പല മേഖലകളിലായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് ഐഎസ്ഒ 9001:2015 മാനദണ്ഡങ്ങൾ പാലിച്ച് അംഗീകാരം നേടിയത്. സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലൊന്നായി അലപ്പുഴയെ ഉയർത്തിക്കാണിക്കുന്ന നേട്ടമാണിത്.
സ്ത്രീകൾ, ഭിന്നശേഷിക്കാർ, കുട്ടികൾ, വയോജനങ്ങൾ, പിന്നാക്കവിഭാഗങ്ങൾ എന്നിവർക്ക് സേവനങ്ങൾ ലഭ്യമാക്കുന്നതിലെ കൃത്യത, ഓഫീസിലെ സാമ്പത്തിക ഇടപാടുകളുടെയും രജിസ്റ്ററുകളുടെ സൂക്ഷിപ്പിലെയും കൃത്യത, അയൽക്കൂട്ടങ്ങളുടെ വിവരങ്ങൾ, കൃത്യമായ അക്കൗണ്ടിംഗ് സംവിധാനം, കാര്യക്ഷമമായ ഓഡിറ്റിംഗ് സംവിധാനം എന്നിവയിലടക്കം മികവ് കൈവരിച്ച സിഡിഎസുകൾക്കാണ് അംഗീകാരം. സ്ത്രീകൾ നടത്തുന്ന സംരംഭങ്ങളുടെ ഗുണമേന്മയും സേവനത്തിന്റെ വിശ്വാസ്യതയും ഉറപ്പുവരുത്തുന്നതിന് ഐഎസ്ഒ സർട്ടിഫിക്കറ്റ് സഹായകമാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
സർട്ടിഫിക്കറ്റ് നേടിയ സ്ഥാപനങ്ങളിൽ കാറ്ററിംഗ് യൂണിറ്റുകൾ, ഭക്ഷണ ഉത്പാദന യൂണിറ്റുകൾ, വിറ്റുവരവ് കേന്ദ്രങ്ങൾ, സൂപ്പർമാർക്കറ്റുകൾ, കെയറിംഗ് സർവീസുകൾ, ട്രാവൽ സർവീസുകൾ തുടങ്ങി വിവിധ മേഖലകൾ ഉൾപ്പെടുന്നു. അർബൻ സിഡിഎസായ മാവേലിക്കര, റൂറൽ സിഡിഎസുകളായ എഴുപുന്ന, തൈക്കാട്ടുശേരി, തുറവൂർ, കരുവാറ്റ, കുമാരപുരം, കൃഷ്ണപുരം, പാലമേൽ, നൂറനാട്, തണ്ണീർമുക്കം, മാരാരിക്കുളം നോർത്ത്, മുഹമ്മ, അമ്പലപ്പുഴ നോർത്ത്, പുറക്കാട്, മണ്ണഞ്ചേരി, വയലാർ, ചേന്നം പള്ളിപ്പുറം, കഞ്ഞിക്കുഴി, ആര്യാട്, താമരക്കുളം, മാവേലിക്കര തെക്കേക്കര, ചെട്ടികുളങ്ങര, തൃക്കുന്നപ്പുഴ, പുന്നപ്ര നോർത്ത്, തഴക്കര എന്നിവയാണ് ഐഎസ്ഒ അംഗീകാരം നേടിയത്.