
കൊച്ചി: വിപണിയില്‍ തിരുത്തല്‍ ശക്തമായതോടെ പ്രാരംഭ ഓഹരി വില്‍പ്പന(ഐ.പി.ഒ) വിപണിയില്‍ ആവേശം ഒഴിയുന്നു. മൂന്ന് ആഴ്ചയ്ക്കിടെ മെയിൻ ബോർഡില്‍ പുതിയ കമ്പനികളൊന്നും ഐ.പി.ഒ വഴി ഓഹരികള്‍ ലിസ്‌റ്റ് ചെയ്തിട്ടില്ല.
ജനുവരിയില്‍ അഞ്ച് കമ്പനികളും ഫെബ്രുവരിയില്‍ നാല് കമ്പനികളുമാണ് പ്രാരംഭ ഓഹരി വില്‍പ്പന നടത്തിയത്. ഡിസംബറില്‍ 16 കമ്പനികളുടെ ഓഹരികളാണ് എക്‌സ്ചേഞ്ചില്‍ ലിസ്‌റ്റ് ചെയ്‌തത്. ഫെബ്രുവരി 14ന് നടന്ന ക്വാളിറ്റി പവർ ഇലക്‌ട്രിക്കല്‍ എക്യുപ്മെന്റിന്റെ ഐ.പി.ഒയ്ക്ക് ശേഷം പ്രധാന കമ്പനികളൊന്നും ഓഹരി വില്‍പ്പനയ്ക്ക് തയ്യാറായിട്ടില്ല.
അതേസമയം വിപണിയിലെ പ്രതികൂല സാഹചര്യങ്ങള്‍ കണക്കിലെടുത്ത് മൂന്ന് കമ്പനികള്‍ ഐ.പി.ഒ നടപടികള്‍ പിൻവലിച്ചു. അഡ്‌വാൻസ്‌ഡ് സിസ്-ടെക്ക്, എസ്.എഫ്.സി എൻവയോണ്‍മെന്റല്‍ ടെക്‌നോളജീസ്, വിനി കോർപ്പറേഷൻ എന്നിവയാണ് പ്രാരംഭ ഓഹരി വില്‍പ്പനയില്‍ നിന്ന് പിൻമാറിയത്.
കഴിഞ്ഞ വർഷം 91 കമ്ബനികള്‍ പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ 1.6 ലക്ഷം കോടി രൂപ വിപണിയില്‍ നിന്ന് സമാഹരിച്ചിരുന്നു. ചെറുകിട നിക്ഷേപകരുടെ മികച്ച പങ്കാളിത്തമാണ് കമ്പനികളെ ഓഹരി വില്‍പ്പനയ്ക്ക് പ്രേരിപ്പിച്ചത്.
അതേസമയം ഈയിടെ നടന്ന പ്രാരംഭ ഓഹരി വില്‍പ്പനകളില്‍ ചുരുക്കം കമ്പനികള്‍ മാത്രമാണ് നിക്ഷേപകർക്ക് നേട്ടം നല്‍കിയത്. ഭൂരിപക്ഷം ഐ.പി.ഒകളും നിലവില്‍ ഇഷ്യു വിലയിലും ഏറെ നഷ്‌ടത്തോടെയാണ് വ്യാപാരം നടത്തുന്നത്.
യാഥാർത്ഥ്യ ബോധമില്ലാതെ ഓഹരി വില നിശ്ചയിച്ചതാണ് നിക്ഷേപകരെ നഷ്‌ടക്കയത്തിലാക്കിയതെന്ന് അനലിസ്‌റ്റുകള്‍ പറയുന്നു.