
ബെംഗളൂരു: ലോകത്തെ ഏറ്റവും സമ്പന്ന കായിക മാമാങ്കങ്ങളിലൊന്നായ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) മൂല്യത്തിൽ വമ്പൻ വർധന.
ഹ്യൂലിഹാൻ ലോകീ പുറത്തുവിട്ട റിപ്പോർട്ടുപ്രകാരം ഇന്ത്യയുടെ ഈ ട്വന്റി20 ക്രിക്കറ്റ് ലീഗിന്റെ സംയോജിതമൂല്യം ബിസിനസ് സംരംഭം എന്ന നിലയിൽ മുൻവർഷത്തേക്കാൾ 12.9% ഉയർന്ന് 18.5 ബില്യൻ ഡോളറാണ് (ഏകദേശം 1.59 ലക്ഷം കോടി രൂപ). ഇതിൽ ഐപിഎല്ലിന്റെ തനിച്ചുള്ള (സ്റ്റാൻഡ്എലോൺ) മൂല്യം മാത്രം 13.8% വർധിച്ച് 3.9 കോടി ഡോളർ (33,500 കോടി രൂപ).
ഐപിഎല്ലിന്റെ ടൈറ്റിൽ സ്പോൺസർമാരായി ടാറ്റ ഗ്രൂപ്പ് എത്തിയിരുന്നു. 2028 വരെയാണ് കരാർ. 5-വർഷ കരാർ പ്രകാരം ടാറ്റ ബിസിസിഐക്ക് നൽകുന്നത് 300 മില്യൻ ഡോളർ (2,500 കോടി രൂപ). ഇതിനുപുറമെ അസോസിയേറ്റ് സ്പോൺസർഷിപ്പ് സ്ലോട്ടുകളുടെ വിൽപനപ്രകാരം ലഭിക്കുന്ന തുക 1,485 കോടി രൂപയും. മുൻവർഷത്തേക്കാൾ 25% അധികം.
ചെന്നൈയെ മൂന്നാമതാക്കി ബെംഗളൂരു
ഐപിഎല്ലിലെ ഏറ്റവും മൂല്യമേറിയ ബ്രാൻഡ് എന്ന നേട്ടം ചെന്നൈയെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു (ആർസിബി) സ്വന്തമാക്കി. ഇക്കഴിഞ്ഞ സീസണിൽ കന്നിക്കിരീടത്തിൽ മുത്തമിട്ട ആർസിബിയുടെ ബ്രാൻഡ് മൂല്യം 227 മില്യൻ ഡോളറിൽ നിന്ന് 269 മില്യനായാണ് (ഏകദേശം 2,300 കോടി രൂപ) വർധിച്ചത്.
കഴിഞ്ഞവർഷം നാലാമതായിരുന്ന മുംബൈ ഇന്ത്യൻസ് ഇക്കുറി 242 മില്യൻ (2,080 കോടി രൂപ) മൂല്യവുമായി രണ്ടാമതായി.
ഒന്നാംസ്ഥാനത്തുനിന്ന് മൂന്നാംസ്ഥാനത്തേക്ക് വീണ ചെന്നൈ സൂപ്പർ കിങ്സിന്റെ (സിഎസ്കെ) മൂല്യം 235 മില്യൻ (2,020 കോടി രൂപ). കഴിഞ്ഞവർഷത്തെ 231 മില്യനേക്കാൾ മെച്ചപ്പെട്ടെങ്കിലും ഒന്നാംസ്ഥാനം നഷ്ടമായി; രണ്ടാംസ്ഥാനം കിട്ടിയതുമില്ല.
ബ്രാൻഡ് മൂല്യത്തിൽ ഏറ്റവും വലിയവർധന നേടിയത് പഞ്ചാബ് കിങ്സാണ് (39.6%). രണ്ടാമത് ലക്നൗ സൂപ്പർ ജയന്റ്സ്; 34%.
മൂല്യത്തിൽ നാലാമത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും (കെകെആർ – 227 മില്യൻ ഡോളർ), അഞ്ചാമത് സൺറൈസേഴ്സ് ഹൈദരാബാദുമാണ് (എസ്ആർഎച്ച് – 154 മില്യൻ ഡോളർ).
ഐപിഎല്ലിന്റെ ഇക്കഴിഞ്ഞ സീസണിൽ ജിയോ ഹോട്സ്റ്റാർ, സ്റ്റാർ സ്പോർട്സ് എന്നിവ പ്രേക്ഷകരുടെ എണ്ണത്തിലും വൻ വർധനയാണ് നേടിയതെന്ന് റിപ്പോർട്ടിലുണ്ട്.
ഐപിഎൽ-2025 ഫൈനൽ മാത്രം ജിയോ ഹോട്സ്റ്റാലി തത്സമയം കണ്ടത് 67.8 കോടിപ്പേരാണത്രേ.