
മുംബൈ: അവസാന സെഷനിലെ ലാഭമെടുപ്പ്, തുടക്കത്തിലെ നേട്ടങ്ങളില്ലാതെയാക്കി, കൊട്ടക് സെക്യൂരിറ്റീസ് റീട്ടെയ്ല്‍ റിസര്‍ച്ച് മേധാവി ശ്രീകാന്ത് ചൗഹാന്‍ നിരീക്ഷിക്കുന്നു. ബെഞ്ച്മാര്‍ക്ക് സൂചികകള്‍, മിതമായ നേട്ടത്തില്‍ ക്ലോസ് ചെയ്തതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ചൗഹാന്‍. സെന്‍സെക്സ് 63.72 പോയിന്റ് അഥവാ 0.10 ശതമാനം ഉയര്‍ന്ന് 65344.17 ലെവലിലും നിഫ്റ്റി 24.10 പോയിന്റ് അഥവാ 0.12 ശതമാനം ഉയര്‍ന്ന് 19355.90 ലെവലിലുമാണ് തിങ്കളാഴ്ച വ്യാപാരം അവസാനിച്ചത്.
നടപ്പ് മാസം അവസാനത്തില്‍ യുഎസ് ഫെഡ് റിസര്‍വ് നിരക്ക് 25 ബേസിസ് പോയിന്റ് നിരക്ക് വര്‍ദ്ധനവിന് മുതിര്‍ന്നേക്കും. അതുകൊണ്ടുതന്നെ നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തുകയാണ്. സാങ്കേതികമായി. 19435 ലെവലിലാണ് നിഫ്റ്റി പ്രതിരോധം നേരിടുന്നത്.
സപ്പോര്‍ട്ട്, 19330 ലെവലില്‍. 19435 ല്‍ മാത്രമേ പുതിയ റാലി പ്രതീക്ഷിക്കാനാകൂ എന്നും ചൗഹാന്‍ വിലയിരുത്തി. അതിന് ശേഷം വിപണി 19500-19525 ലക്ഷ്യം വയ്ക്കും.
അതേസമയം വില്‍പന 19250-19200 മേഖലയിലേയ്ക്ക് നിഫ്റ്റിയെ വലിച്ചിട്ടേയ്ക്കാം. മിഡ്ക്യാപ്, സ്‌മോള്‍ക്യാപുകള്‍ ദുര്‍ബലമായെങ്കിലും ലാര്‍ജ്ക്യാപുകളുടെ മികച്ച പ്രകടനമാണ് തിങ്കളാഴ്ച വിപണിയെ രക്ഷിച്ചതെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, റിസര്‍ച്ച് മേധാവി, വിനോദ് നായര്‍ നിരീക്ഷിക്കുന്നു.






