
ബെംഗളൂരു: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സോഫ്റ്റ്‌വെയര്‍ സേവന കമ്പനിയായ ഇന്‍ഫോസിസ് ഓഹരികള്‍ ഇന്നലെ നാല് ശതമാനത്തിലധികം ഉയര്‍ന്നു. കമ്പനി ഓഹരി തിരിച്ചു വാങ്ങലിന് തയാറെടുക്കുന്നുവെന്ന വാര്‍ത്തകളാണ് ഓഹരി വിലയെ സ്വാധീനിച്ചത്. സെപ്റ്റംബര്‍ 11ന് നടക്കുന്ന യോഗത്തില്‍ ഷെയര്‍ ബൈബാക്ക് പ്രോപ്പോസല്‍ പരിഗണിക്കുമെന്ന് കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചിരുന്നു.
ഓഹരി തിരിച്ചു വാങ്ങലിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അതിനു ശേഷമാകും അറിയാനാകുക. ഇന്‍ഫോസിസ് ഇതിനു മുമ്പ് അഞ്ച് തവണ ഓഹരി തിരിച്ചുവാങ്ങല്‍ നടത്തിയിട്ടുണ്ട്. 2022 ഡിസംബറിലായിരുന്നു അവസാനത്തേത്. അന്ന് ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്ന് അഞ്ചു കോടി ഓഹരികളാണ് തിരിച്ചു വാങ്ങിയത്. 2021 ജൂണില്‍ 5.2 കോടി ഓഹരികളും തിരിച്ചു വാങ്ങി. 2019ല്‍ രണ്ട് തവണയായി 20.6 കോടി ഓഹരികളും 2017ല്‍ 11.3 കോടി ഓഹരികളും തിരിച്ചു വാങ്ങിയതായാണ് ബ്ലൂബെര്‍ഗ് റിപ്പോര്‍ട്ട് കാണിക്കുന്നത്.
ജൂണ്‍ 30ലെ കണക്കു പ്രകാരം ഇന്‍ഫോസിസിന്റെ ആകെ ഓഹരികള്‍ 415.43 കോടിയാണ്. 1,500 രൂപക്ക് അടുത്താണ് ഒരു ഓഹരിയുടെ ഇന്നത്തെ വില. ഓഹരി അതിന്റെ എക്കാലത്തെയും ഉയര്‍ന്ന വിലയില്‍ നിന്ന് 28 ശതമാനവും ഈ വര്‍ഷം ഇതുവരെ 24 ശതമാനവും ഇടിവ് രേഖപ്പെടുത്തിയിരിക്കുന്ന അവസരത്തിലാണ് ഇന്‍ഫോസിസ് ഓഹരി ബൈബാക്ക് നടത്തുന്നത്. ഈ വര്‍ഷം ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്ന സൂചികയാണ് ഐ.ടി. 19 ശതമാനത്തിലധികമാണ് സൂചികയുടെ നഷ്ടം. യു.എസിലെ താരിഫും മറ്റ് ഭൗമ-രാഷ്ട്രീയ പ്രശ്‌നങ്ങളും കമ്പനികളുടെ വരുമാനത്തിലുണ്ടായ കുറവുമൊക്കെ ഓഹരി വിലയെ ബാധിച്ചു. വിദേശ നിക്ഷേപകര്‍ ഐ.ടി ഓഹരികളില്‍ കനത്ത വില്‍പന നടത്തി വരികയാണ്. 2024ന്റെ അവസാനം മുതല്‍ 2025 ജൂലൈ വരെ 27.2ശതമാനത്തോളം കുറവാണ് വിദേശ നിക്ഷേപകരുടെ കൈവശമുള്ള ഐ.ടി ആസ്തിയില്‍ (assets under custody (AUC) ഉണ്ടായിരിക്കുന്നത്.
അതേസമയം ഇന്‍ഫോസിസിന്റെ ഓഹരി ബൈബാക്ക് തീരുമാനത്തെ ‘സര്‍പ്രൈസ്’ ആയാണ് നിരീക്ഷകര്‍ കണക്കാക്കുന്നത്. നിലവില്‍ നികുതി നേട്ടം ഇല്ലാത്തതിനാല്‍ നിക്ഷേപകര്‍ ഓഹരി തിരിച്ചു നല്‍കുന്നതിന് താല്‍പര്യം കാണിച്ചേക്കില്ലെന്നതാണ് കാരണം. നേരത്തെ നിക്ഷേപകര്‍ക്ക് 20 ശതമാനം നികുതി ഇളവ് ഉണ്ടായിരുന്നു. നിലവില്‍ നിക്ഷേപകര്‍ അവരുടെ വരുമാന സ്ലാബിന് അനുസരിച്ച് നികുതി നല്‍കണം. ഇത് ബൈബാക്കിന്റെ ആകര്‍ഷണം കുറയ്ക്കുന്നുണ്ട്. കമ്പനിക്ക് വലിയ വിപുലീകരണത്തിനോ ഏറ്റെടുക്കലിനോ പദ്ധതിയില്ലെന്നാണ് ഈ നീക്കം സൂചിപ്പിക്കുന്നതെന്നും നിരീക്ഷകര്‍ പറയുന്നു. 40,000 കോടിയോളം രൂപയാണ് മറ്റ് നിക്ഷേപങ്ങള്‍ക്ക് മുതിരാതെ ഇന്‍ഫോസിസ് ഓഹരി ഉടമകള്‍ക്കായി മുടക്കുന്നത്.