മുംബൈ: സെപ്‌റ്റംബറില്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ 13,857 കോടി രൂപയുടെ അറ്റനിക്ഷേപം നടന്നു. ഓഗസ്റ്റില്‍ 20,161 കോടി രൂപയായിരുന്നു അറ്റനിക്ഷേപം. 2021 മാര്‍ച്ച് മുതല്‍ തുടര്‍ച്ചയായി 31-ാമത്തെ മാസമാണ് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ അറ്റനിക്ഷേപം നടക്കുന്നത്.
സെപ്‌റ്റംബറിലെ ചാഞ്ചാട്ടത്തിലും നിക്ഷേപകര്‍ ഇക്വിറ്റി ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ മുന്നോട്ടുവന്നു. സെപ്‌റ്റംബറില്‍ സെന്‍സെക്‌സ് 1.50 ശതമാനവും നിഫ്‌റ്റി രണ്ട് ശതമാനവുമാണ് ഉയര്‍ന്നത്.
ഹൈബ്രിഡ് ഫണ്ടുകളില്‍ 18,650 കോടി രൂപയുടെ അറ്റനിക്ഷേപം നടന്നു. ഓഗസ്റ്റില്‍ 17,082 കോടി രൂപയാണ് ഹൈബ്രിഡ് ഫണ്ടുകളില്‍ നിക്ഷേപിക്കപ്പെട്ടത്.
അതേ സമയം ലിക്വിഡ് ഫണ്ടുകളില്‍ നിന്ന് 74,177 കോടി രൂപയുടെ അറ്റവില്‍പ്പന നടന്നു. ഇതില്‍ ഒരു ഭാഗം ഇക്വിറ്റി ഫണ്ടുകളില്‍ നിക്ഷേപിക്കപ്പെട്ടുവെന്നാണ് കരുതുന്നത്. ഓഗസ്റ്റില്‍ ലിക്വിഡ് ഫണ്ടുകളില്‍ നിന്ന് 26,824 കോടി രൂപയുടെ അറ്റവില്‍പ്പന നടന്നു.
സ്‌മോള്‍കാപ് ഫണ്ടുകളില്‍ 2,678 കോടി രൂപ നിക്ഷേപിക്കപ്പെട്ടപ്പോള്‍ ലാര്‍ജ്‌കാപ് ഫണ്ടുകളില്‍ നിന്ന് 111 കോടി രൂപയുടെ അറ്റവില്‍പ്പന നടന്നു.