Alt Image
കേരളം നിക്ഷേപസൗഹൃദസംസ്ഥാനമായി മാറിക്കഴിഞ്ഞെന്ന് മുഖ്യമന്ത്രിഇന്ത്യയില്‍ നിന്നുള്ള ഇലക്ട്രോണിക്സ് കയറ്റുമതി വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്ഒരു ലക്ഷം കോടിയുടെ അർബൻ ചലഞ്ച് ഫണ്ടിന് അംഗീകാരം; നഗരവികസനത്തിന് മണി ചലഞ്ചുമായി കേന്ദ്രംഇന്ത്യ ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്നത് സൗദിയിൽ നിന്ന്റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നത് അവസാനിപ്പിക്കുമെന്ന് ഇന്ത്യ ഉറപ്പു നൽകിയെന്ന് യുഎസ്

ബംഗ്ലദേശിന് കനത്ത അടിയായി ഇന്ത്യയുടെ യുഎസ് ഡീൽ

ധാക്ക: യൂറോപ്യൻ യൂണിയന് പിന്നാലെ യുഎസുമായും ഇന്ത്യ വ്യാപാര കരാറിലെത്തിയത് ബംഗ്ലദേശിന്‍റെ കയറ്റുമതി മേഖലയ്ക്ക് തിരിച്ചടിയെന്ന് വിലയിരുത്തല്‍. ഇന്ത്യൻ മാതൃകയിൽ വ്യാപാര കരാറിലെത്തണമെന്ന് യൂറോപ്യൻ യൂണിയനോട് ബംഗ്ലദേശ് ആവശ്യപ്പെട്ടത് കഴിഞ്ഞ ദിവസമാണ്.

മണിക്കൂറുകള്‍ക്കകം ബംഗ്ലദേശിനേക്കാൾ കുറഞ്ഞ നിരക്കിൽ ഇന്ത്യ–യുഎസ് വ്യാപാര കരാറും സാധ്യമായി. കേന്ദ്രബജറ്റിൽ ബംഗ്ലദേശിന് അനുവദിച്ചിരുന്ന സാമ്പത്തിക സഹായം പകുതിയാക്കി കേന്ദ്രസർക്കാർ ഷോക്ക് നൽകിയതും കഴിഞ്ഞ ദിവസങ്ങളിൽ തന്നെ.

ഞങ്ങൾക്കും വേണം
വ്യാപാര കരാറിലെ ചര്‍ച്ച അടിയന്തരമായി തുടങ്ങാൻ ബംഗ്ലദേശ് ഇടക്കാല സർക്കാരിന്‍റെ മുഖ്യ ഉപദേശകനായ മുഹമ്മദ് യൂനുസ് കഴിഞ്ഞ ദിവസം യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ടു. രാജ്യത്തെ യൂറോപ്യൻ യൂണിയൻ അംബാസഡർ മൈക്കൽ മില്ലർ, ഇയു ചേംബർ ഓഫ് കൊമേഴ്സ് ചെയർപേഴ്സൺ നൂരിയ ലോപസ് എന്നിവരുമായി യൂനുസ് കൂടിക്കാഴ്ച നടത്തി.

നിലവിൽ ബംഗ്ലാദേശിന് യൂറോപ്യൻ യൂണിയൻ അനുവദിച്ചിരിക്കുന്ന ഡ്യൂട്ടി ഫ്രീ പദവിയുടെ കാലാവധി ഉടൻ അവസാനിക്കാൻ ഇരിക്കെയാണ് നിർണായക നീക്കം. അടുത്തിടെ ജപ്പാനുമായി തീരുവ രഹിത കയറ്റുമതി കരാർ ഒപ്പിട്ടതും കൂടിക്കാഴ്ച്ചക്കിടെ യൂനുസ് ചൂണ്ടിക്കാട്ടിയെന്ന് ഔദ്യോഗിക വിശദീകരണത്തിൽ പറയുന്നു.

ടെക്സ്റ്റൈൽ മേഖലയ്ക്ക് തിരിച്ചടി
തുണിത്തരങ്ങളുടെ കയറ്റുമതിയിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് ബംഗ്ലാദേശ്. നിലവിൽ യൂറോപിലേക്കുള്ള ബംഗ്ലദേശിന്‍റെ ടെക്സ്റ്റൈൽ കയറ്റുമതി തീരുവ രഹിതമാണ്. വികസനം തീരെ കുറഞ്ഞ രാജ്യങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് കൊണ്ടാണ് ബംഗ്ലദേശിന് ഇത്തരമൊരു ഇളവ് ലഭിക്കുന്നത്.

എന്നാൽ അധികം വൈകാതെ തന്നെ ഈ ഇളവ് യൂറോപ്യൻ യൂണിയൻ റദ്ദാക്കും. ഇതോടെ ബംഗ്ലദേശിലെ തുണിത്തരങ്ങൾക്കും തീരുവ നൽകേണ്ടി വരും. ഇതിനൊപ്പം ഇന്ത്യ–ഇയു കരാർ കൂടി വരുന്നതോടെ രാജ്യത്തെ ടെക്സ്റ്റൈൽ മേഖലയ്ക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് ബംഗ്ലദേശിന്‍റെ ആശങ്ക.

നിലവിൽ 9 – 12 ശതമാനം വരെയാണ് ഇന്ത്യൻ തുണിത്തരങ്ങൾക്ക് ഇയുവിന് തീരുവ നൽകേണ്ടത്. നവംബർ 2029ലെത്തുമ്പോൾ ഇന്ത്യൻ ഉൽപന്നങ്ങൾ പൂർണമായും തീരുവ രഹിതമായി യൂറോപിലെത്തുമെന്ന് നിരീക്ഷകർ കരുതുന്നു. അങ്ങനെ വന്നാൽ യൂറോപ്യൻ വിപണിയിൽ കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള ഉൽപന്നങ്ങൾ വിൽക്കാൻ ഇന്ത്യൻ കമ്പനികൾക്ക് സാധിക്കും.

യുഎസും ചതിച്ചു
മറ്റ് ഏഷ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയ്ക്ക് കുറഞ്ഞ തീരുവ ഏർപ്പെടുത്തിയതും അയൽ രാജ്യത്തിന് ഭീഷണിയാണ്. ബംഗ്ലദേശിന് 20 ശതമാനം തീരുവയുള്ളപ്പോൾ ഇന്ത്യയ്ക്ക് 18 ശതമാനമാണ്. ഇതോടെ യുഎസ് വിപണിയിലും ഇന്ത്യൻ തുണിത്തരങ്ങൾ മേൽക്കൈ നേടും. സ്വാഭാവികമായും ഇതിന്‍റെ തിരിച്ചടി ബംഗ്ലാദേശിനുമുണ്ടാകും.

ബജറ്റിലും ഷോക്ക്
കഴിഞ്ഞ ദിവസം കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിലും ബംഗ്ലാദേശിന് തിരിച്ചടിയാണ്. അയല്‍ രാജ്യങ്ങളെ സാമ്പത്തികമായി സഹായിക്കുന്ന പദ്ധതി പ്രകാരം ബംഗ്ലദേശിനുള്ള ഫണ്ട് കേന്ദ്രം പകുതിയാക്കി ചുരുക്കി.

നേരത്തെ 120 കോടി നൽകിയിരുന്നെങ്കിൽ ഇപ്പോഴിത് 60 കോടി രൂപ മാത്രമാക്കി. യൂനുസ് ഭരണകൂടം പാക്കിസ്ഥാനുമായി കൂടുതൽ അടുത്തതും രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ വർധിച്ചതും ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം വഷളാക്കിയിരുന്നു.

ഇതോടെയാണ് കേന്ദ്രം കടുത്ത നടപടികളിലേക്ക് കടന്നതെന്നാണ് കരുതുന്നത്.

X
Top